മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്ലാവരും മുന്‍ഗണന നല്‍കണം: ഫ്രാന്‍സിസ് പാപ്പാ

മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്ലാവരും ഊന്നല്‍ നല്‍കണം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. സമകാലിക ലോകത്തിലെ മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തെ ആധാരമാക്കി നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്.

ഓരോ വ്യക്തിക്കും മറ്റുള്ളവരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആദരവ് പ്രകടിപ്പിക്കുവാന്‍ സാധിക്കണം. സമൂഹത്തില്‍ വിശക്കുന്നവരുടെയും വേദനിക്കുന്നവരുടെയും ഉടുക്കാനും ഉണ്ണാനും ഇല്ലാത്തവരുടെയും വേദനകളിലേയ്ക്ക് ഇറങ്ങി വരുവാന്‍ കഴിയണം. നീതിക്കും ഐക്യത്തിനും പ്രാധാന്യം നല്‍കാന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക ദൗത്യം ഉണ്ട്. കാരണം, ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തിന്റെ സന്ദേശം പകരുവാനായാണ്.

ഈശോ താന്‍ കടന്നുപോയ എല്ലാ ഇടങ്ങളിലും വേദനിക്കുന്നവരുടെ ദുഃഖങ്ങള്‍ അകറ്റി. ആ ഒരു വലിയ ഉത്തരവാദിത്വത്തിലേയ്ക്കാണ് നമ്മെ വിളിച്ചിരിക്കുക. സമൂഹത്തില്‍ ഏറ്റവും ആവശ്യക്കാരായ ആളുകളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് ഒരു കരുതല്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. പാപ്പാ ഓര്‍മിപ്പിച്ചു. പ്രത്യേക കരുതല്‍ ആവശ്യമുള്ള ഒരു വിഭാഗമാണ് ഉദരത്തില്‍ ആയിരിക്കുന്ന കുഞ്ഞുങ്ങള്‍. അവര്‍ക്ക് പലപ്പോഴും ലോകത്തിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഭൂമിയില്‍ ജനിക്കുവാനുള്ള അവകാശം ഉണ്ട്. അത് ഓര്‍മ്മയില്‍ സൂക്ഷിക്കണം. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.