എത്യോപ്യയിലെ മാനുഷിക പ്രതിസന്ധിയും ക്ഷാമവും തരണം ചെയ്യുവാൻ പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

എത്യോപ്യയിൽ നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയും ക്ഷാമവും തരണം ചെയ്യുവാൻ ലോകജനതയോട് പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. രാജ്യത്ത് നിലനിൽക്കുന്ന സായുധ സംഘട്ടനം നിരവധി ആളുകളെ പട്ടിണിയിലാഴ്ത്തിയിരിക്കുകയാണ്. ഗവണ്മെന്റും എറിത്രിയൻ പ്രതിരോധസേനയും തമ്മിൽ ടിഗ്രെ പ്രവിശ്യയിൽ കഴിഞ്ഞ നവംബർ മാസം മുതൽ നടന്നുവരുന്ന സംഘർഷങ്ങളാണ് കൊടിയ ക്ഷാമത്തിന് കാരണമായിരിക്കുന്നത്.

എവിടെ നോക്കിയാലും പട്ടിണി മാത്രമേയുള്ളൂ എന്ന് പാപ്പാ അപലപിച്ചു. ഈ പ്രതിസന്ധിയെ മറികടക്കുവാൻ പരിശുദ്ധ അമ്മയോട് പ്രത്യേക നിയോഗം വച്ച് പ്രാർത്ഥിക്കണമെന്നും പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ ജനസമൂഹത്തിന് ഇപ്പോൾ അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണവും സമാധാനപൂർവ്വമായ അന്തരീക്ഷവുമാണ് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ പ്രകാരം ഏകദേശം നാല് മില്യൺ ആളുകളാണ് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നത്. കൂടാതെ, അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ ആളുകൾ പലായനം ചെയ്യുന്നതിനാൽ ജനസാന്ദ്രത കൂടുന്നു. തൽഫലമായി കോവിഡ് 19 ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.