പരിശുദ്ധ ത്രിത്വം സ്‌നേഹത്തിന്റെ അടയാളമാണെന്ന് മാര്‍പാപ്പ

പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ധ്യാനം നമ്മുടെ ഇഹലോകവാസകാലത്തെ യാത്രകളെ നയിക്കുന്ന സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും അത്ഭുതകരമായ രഹസ്യം നമുക്ക് വെളിപ്പെടുത്തി നല്‍കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനം കൂടിയായ ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“പരിശുദ്ധ ത്രിത്വം വലിയൊരു രഹസ്യമാണ്. നമ്മുടെ മനസുകള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത്രയും വലിയ രഹസ്യം. പക്ഷേ, നമ്മുടെ ഹൃദയങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിവുണ്ട്. വി. യോഹന്നാന്‍ നല്‍കിയ ആ നിര്‍വചനത്തില്‍ അതിന്റെ എല്ലാ സത്തയും അടങ്ങിയിട്ടുണ്ട് – ‘ദൈവം സ്‌നേഹമാണ്’ എന്ന വെളിപ്പെടുത്തലില്‍. ദൈവം സ്‌നേഹമായിരിക്കുന്നിടത്തോളം അവിടുന്ന് ഏകനായിരിക്കുന്നതിനാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മില്‍ ഐക്യത്തിലാണ് അവര്‍ ഒന്നാണ്” – പാപ്പാ വ്യക്തമാക്കി.

“പുത്രനിലൂടെ പിതാവ് തന്നെത്തന്നെ ലോകത്തിനു നല്‍കി. പുത്രനാകട്ടെ സ്വയം പിതാവിന് സമര്‍പ്പിച്ചു. അവരുടെ പരസ്പര സ്‌നേഹത്തിന്റെ ഫലമാണ് പരിശുദ്ധാത്മാവ്. അവരുടെ ഐക്യത്തിന്റെ ഉടമ്പടി. കരുണയുള്ള പിതാവും സത്യമായ പുത്രനും വിമോചകനും നിയന്താവുമായ പരിശുദ്ധാത്മാവും ചേര്‍ന്ന പരിശുദ്ധ ത്രിത്വത്തെ നമുക്ക് വെളിപ്പെടുത്തിയത് ഈശോ തന്നെയാണ്. ഈ ത്രിത്വൈക ഐക്യത്തെ നമുക്ക് അവഗണിക്കാനാവില്ല. നമ്മുടെ ജീവിതങ്ങളിലും പരിശുദ്ധ ത്രിത്വത്തിലുള്ള ഐക്യവും കെട്ടുറപ്പും ഉണ്ടാവേണ്ടതാണ്” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.