ചുഴലിക്കാറ്റ് ബാധിച്ച ഫിലിപ്പീൻസിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ

ചുഴലിക്കാറ്റിലകപ്പെട്ട ഫിലിപ്പീൻസിലെ ജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ ഖേദം പ്രകടിപ്പിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡിസംബർ 19-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളോടാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്.

“ശക്തമായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്ന ഫിലിപ്പീൻസിലെ ജനതയോട് ഞാൻ എന്റെ ഖേദം പ്രകടിപ്പിക്കുന്നു.ഉണ്ണിയേശു ഈ കുടുംബങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെ “- പാപ്പാ പറഞ്ഞു. ഏറ്റവും ശക്തമായ സഹായം പ്രാർത്ഥനയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈ വർഷം ഫിലിപ്പീൻസിനെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് റായ്യെന്നും നൂറിലധികം പേർ മരണപെട്ടുവെന്നും അനേകം ആളുകളെ കാണാതായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ ഭക്ഷ്യക്ഷാമവും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.