വൈകല്യങ്ങളെ അതിജീവിച്ച് ഒളിമ്പിക്സ് വേദിയിൽ മത്സരിക്കാൻ മാറ്റ് സിംപ്സൺ; ശക്തി പകരാൻ അടിയുറച്ച കത്തോലിക്കാ വിശ്വാസവും

ആഗസ്റ്റ് 24 -ന് ടോക്കിയോയിൽ വികലാംഗർക്കായിട്ടുള്ള ഒളിമ്പിക്സ് മത്സരം ആരംഭിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ മത്സരം കാണാറുണ്ട്. ഇതിൽ മത്സരിക്കുന്ന കായികതാരങ്ങൾക്കെല്ലാം പൊതുവായുള്ള ഒരു കാര്യം, അവർക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ട് എന്നതാണ്. ഈ വർഷത്തെ, കാഴ്ചയില്ലാതെ മത്സരിക്കുന്ന മത്സരാർത്ഥികളിലൊരാളും അടുത്തിടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതുമായ യുവ അത്‌ലറ്റ് മാറ്റ് സിംപ്സണിനെ നമുക്കൊന്ന് പരിചയപ്പെടാം.

കാഴ്ചയില്ലാതെയാണ് സിംപ്സൺ ജനിച്ചത്. ഇപ്രാവശ്യത്തെ വൈകല്യമുള്ളവർക്കായുള്ള ഒളിമ്പിക്‌സ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അവസരമാണ്. കാഴ്ചയില്ലാത്തവരെ ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള ഗോൾബോൾ ഗെയിമിൽ ആണ് അദ്ദേഹം ഇക്കുറി മത്സരിക്കുന്നത്. മാത്രമല്ല, അദ്ദേഹം അടുത്തയിടെ തന്റെ ഭാര്യയോടൊപ്പം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരുന്നു.

ഈ ഗെയിമിൽ കളിക്കാർ ഏകദേശം 3 പൗണ്ട് തൂക്കമുള്ള പന്തിലുള്ള വ്യത്യസ്ത മണികളുടെ ശബ്ദത്തെ ആശ്രയിച്ചാണ് പങ്കെടുക്കുന്നത്. പന്ത് എവിടെയാണെന്ന് നിർണ്ണയിച്ച ശേഷം ഒന്നുകിൽ സ്വന്തം ശരീരം കൊണ്ട് തടയുകയോ, ഗോൾ വീഴ്ത്തുകയോ ആണ് ചെയ്യുന്നത്. വളരെ സൂക്ഷ്മമായിട്ടാണ് ഈ മത്സരത്തിൽ പങ്കെടുക്കേണ്ടത്.

31 -കാരനായ സിംപ്‌സൺ വൈകല്യങ്ങളെ അതിജീവിക്കാനും നല്ല വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കാനുമുള്ള പ്രചോദനമാണ് ലോകത്തിന്റെ മുൻപിൽ നൽകുന്നത്. “ഒരു വൈകല്യമുള്ള വ്യക്തിയെന്ന നിലയിൽ, എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ മനസ്സാണെന്ന കാര്യത്തിൽ എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ അന്ധനാണ്. എന്നാൽ, പരിമിതികൾക്കിടയിലും അതിനെ അതിജീവിക്കാൻ എന്നെ സഹായിച്ചത് വിദ്യാഭ്യാസമാണ്. ദൈവവുമായുള്ള ബന്ധമാണ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ എന്നെ സഹായിച്ചത്” – അദ്ദേഹം വെളിപ്പെടുത്തുന്നു.

“എനിക്ക് മറ്റൊരാളുടെ സഹായം ആവശ്യമില്ലാത്ത ഒരു ദിവസം പോലും ഇല്ല. സഹോദരങ്ങളിലൂടെ ദൈവമാണ് എന്നിലേക്ക് കടന്നുവരുന്നത്. പ്രാർത്ഥനയിലൂടെയും ജപമാലയിലൂടെയും വിശ്വാസം അനുദിനം വളർത്തിക്കൊണ്ടു വരുവാൻ ഞാൻ പരിശ്രമിക്കുന്നു” – മാറ്റ് പറയുന്നു.

വിശുദ്ധരെക്കുറിച്ച് പഠിക്കാനും അവരുടെ മാതൃക അനുകരിക്കാനും അദ്ദേഹം ഇന്ന് പരിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ കായികജീവിതവും വിശ്വാസവും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് നൽകി. കുറവുകൾ ജീവിതത്തിലേക്ക് കടന്നുവന്നാലും അതിനെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് സിംപ്‌സണിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.