
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍.
നവനാൾ പ്രാർത്ഥന: നാലാം ദിവസം
കര്‍മ്മലയിലെ ചെറുപുഷ്പമേ, ജീവിതത്തില്‍ ദൈവം അനുവദിച്ച എല്ലാ നിരാശകളേയും ബുദ്ധിമുട്ടുകളേയും ഹൃദയത്തിന്റെ ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവില്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്വഴങ്ങി ജീവിക്കുവാനുള്ള കൃപ അങ്ങേയ്ക്ക് ഉണ്ടായിരുന്നുവല്ലോ. ജീവിതത്തിലെ പരീക്ഷകളേയും നിരാശകളേയും ദൈവത്തിന്റെ വലിയ ഹിതത്തിന് വിട്ടുകൊടുത്തുകൊണ്ട് ജീവിക്കാനുള്ള കൃപ എനിക്കും വാങ്ങിത്തരേണമേ. ഈ നൊവേനയിലൂടെ ഞാന്‍ യാചിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവത്തിന് പ്രീതികരമെങ്കില് അവയും എനിക്കായി സ്വര്‍ഗത്തില്‍ നിന്ന് വാങ്ങിത്തരേണമേ. എങ്കിലും ദൈവഹിതത്തിന് വിധേയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചെറുപുഷ്പമേ, അങ്ങ് പ്രാര്‍ത്ഥിച്ചതുപോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു: ‘ഒരിക്കലും ഒരു കാര്യത്തിലും എന്റെ ഇഷ്ടങ്ങളിലും ആഗ്രഹങ്ങളിലും മാത്രം തൃപ്തയാകാന്‍ ഇടയാകാതിരിക്കട്ടെ.’
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ അങ്ങയുടെ മാദ്ധ്യസ്ഥ്യത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. ആമ്മേന്‍.
ചിന്താവിഷയം
ത്യാഗമനോഭാവം ദൈവത്തോട്. ഒരു കാര്യം മാത്രം ഞാന്‍ ഭയക്കുന്നു – എന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നത്. അങ്ങ് ആഗ്രഹിക്കുന്നതു മാത്രം ഞാനും ആഗ്രഹിക്കേണ്ടതിന് സ്വാര്‍ത്ഥത എന്നില്‍ നിന്ന് എടുത്തുമാറ്റേണമേ. ഈശോ നല്കുന്നതില് മാത്രം തൃപ്തി കണ്ടെത്താന്‍ എനിക്ക് കഴിയട്ടെ. ദൈവഹിതം നടപ്പിലാക്കാനുള്ള കൃപ എന്നതിലുപരിയായി വേറൊരു കാര്യവും എനിക്ക് ദൈവത്തോട് ചോദിക്കാനുമില്ല.
ഓ എന്റെ പ്രിയനേ, ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തില്‍ സംഭവിക്കട്ടെ. അതിന് എതിരു നില്ക്കുന്ന ഒന്നും തന്നെ എന്റെ ജീവിതപാതയില് ഉണ്ടാവാതിരിക്കട്ടെ. ആമ്മേന്‍.
സമാപന പ്രാര്‍ത്ഥന
കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, ഹൃദയലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്ഹരായിത്തീരുവാനുമുള്ള കൃപയ്ക്കായി അങ്ങയോട് ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.