ആരോഗ്യസുരക്ഷക്ക് വിഷരഹിതഭക്ഷണം അത്യന്താപേക്ഷിതം: മന്ത്രി റോഷി അഗസ്റ്റിൻ

ആരോഗ്യസുരക്ഷയ്ക്ക് വിഷരഹിതഭക്ഷണം അത്യന്താപേക്ഷിതമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഓരോ വീട്ടമ്മയ്ക്കും തനതായി ഒരു അടുക്കളത്തോട്ടം ഉണ്ടാകണമെന്നും അത് ജൈവകൃഷിയിലൂടെ ആയാൽ ഉത്തമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപത മെത്രപൊലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. തോമസ് ഐക്കര, ജിഡിഎസ് പിആർഓ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, സിസ്റ്റർ ടീന, ലിസി ജോസ് അനിമേറ്റർമാരായ എൽസമ്മ തോമസ്, ദിവ്യ ജോഷിസ്, ജിൻസി ബേബി, ഫെഡറേഷൻ പ്രസിഡന്റ് ഉഷ ഗോപി എന്നിവർ പങ്കെടുത്തു.

പദ്ധതിയിൽ പങ്കാളികളായവർക്ക് പത്തിനം വിത്തുകളും പത്ത് ഗ്രോബാഗുകളും സൗജന്യമായി വിതരണം ചെയ്തു. സമ്പൂർണ്ണ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പ്രവർത്തനഗ്രാമങ്ങളിൽ രണ്ടായിരത്തോളം അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഗ്രീൻവാലി ഡവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്  അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.