പുഞ്ചിരിക്കാൻ മറന്നവരുടെ നാട്ടിലെ മിഷൻ പ്രവർത്തനത്തിന്റെ വ്യത്യസ്ത അനുഭവങ്ങളുമായി ഒരു സന്യാസിനി

സുനിഷ നടവയല്‍

ഒരു പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിലെ ഒരേയൊരു പെൺതരി. അവൾക്ക് മഠത്തിൽ പോകണമെന്ന് പറയുമ്പോൾ വീട്ടിലെ എല്ലാ ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടി വരിക സ്വാഭാവികം. കണ്ണൂർ തലശ്ശേരി രൂപതയിലെ പയ്യാവൂരുള്ള പുത്തൻപുരയ്ക്കൽ മാത്യു- റോസമ്മ ദമ്പതികളുടെ മകളാണ് സി. ജെസ്സി; നാല് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ. അതുകൂടാതെ പിതൃ കുടുംബത്തിലെ ഒരേയൊരു പെൺകുട്ടി. ഇങ്ങനെയൊരു സാഹചര്യത്തിൽ അവൾ മഠത്തിൽ ചേരണമെന്ന് പറയുമ്പോൾ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും അവിടെയും ഉണ്ടായി. അതും ഒരു മിഷണറി സന്യാസ സഭയിൽ ചേരണമെന്ന ആഗ്രഹവും ആണ് അവൾക്കുണ്ടായിരുന്നത്.

പക്ഷേ, ആ പെൺകുട്ടിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പദ്ധതി കുറച്ചുകൂടി വിശാലമായിരുന്നു. അവസാനം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിതാവിന്റെ സമ്മതം ലഭിച്ചു. എങ്കിലും അതിനും ചില നിബന്ധനകൾ ഉണ്ടായിരുന്നു; മിഷന് പോകണ്ട, സ്വന്തം രൂപതയിലെ ഏതെങ്കിലും സന്യാസ സഭയിൽ ചേരാം എന്ന്. അങ്ങനെ ഒരു സിസ്റ്ററെങ്കിലും ആകാമല്ലോ എന്ന ചിന്തയിൽ തിരുഹൃദയ സന്യാസിനീ സഭാ സമൂഹത്തിന്റെ തലശ്ശേരി പ്രൊവിന്‍സില്‍  ചേരുകയായിരുന്നു സി. ജെസ്സി. മിഷൻ പ്രവർത്തനം ജീവിതാഭിലാഷമായി കൊണ്ട് നടന്നിട്ടും മിഷൻ സഭയിൽ അംഗമാകാൻ സാധിക്കാതെ വന്ന ഒരു സിസ്റ്റർ. എങ്കിലും  അസാധ്യമായ  ഒന്നിനെ സാധ്യമാക്കിത്തന്ന ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ കഥ പറയുകയാണ് ഈ സിസ്റ്റർ. അതും തലശ്ശേരിയിലെ മഠത്തിൽ ഇരുന്നു കൊണ്ടല്ല, ആഫ്രിക്കയിലെ നമീബിയയിൽ ഇരുന്നുകൊണ്ട്. കഴിഞ്ഞ 22 വർഷമായുള്ള തന്റെ വലിയ മിഷൻ അനുഭവങ്ങളെ പങ്കുവെയ്ക്കുകയാണ് സി. ജെസ്സി പുത്തൻപുരയ്ക്കൽ എസ്. എച്ച്.

ചെറുപ്പത്തിലേ ഉള്ള ആഗ്രഹം

ഒരു മിഷനറി ആകുക എന്ന ആഗ്രഹത്തിന് വെള്ളവും വളവും ഒഴിച്ച് തന്നത് അമ്മയാണെന്നാണ് സി. ജെസ്സി പറയുന്നത്. കാരണം ചെറുപ്പത്തിൽ വിശുദ്ധരുടെ ജീവിത കഥകൾ അടങ്ങുന്ന പുസ്തകങ്ങളായിരുന്നു ആ അമ്മ തന്റെ മകൾക്കായി നൽകിക്കൊണ്ടിരുന്നത്. വായനാശീലത്തോടൊപ്പം വിശുദ്ധരുടെ നന്മയും മകൾക്ക് ഉണ്ടാകണം എന്നുള്ള ആഗ്രഹമായിരുന്നു അതിനു പിന്നിൽ. അമ്മയുടെ ഈ പ്രവർത്തി കുഞ്ഞു ജെസ്സിക്ക് നന്നേ ബോധിച്ചു. അറിഞ്ഞും അറിയാതെയും അവൾക്ക് ഒരു സന്യാസിനി ആകണമെന്ന ആഗ്രഹം ഉണ്ടായിത്തുടങ്ങി. കുടുംബത്തിൽ നിന്നുണ്ടായേക്കാവുന്ന വലിയ എതിർപ്പുകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ആഗ്രഹത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതിനായി സ്വന്തമായ ഒരു ചെറിയ ശ്രമം നടത്തി. “അന്ന് വീട്ടിൽ കത്തോലിക്കാ മാസികകള്‍ വരുത്തുന്നുണ്ട്. അതിൽ മിഷൻ സഭകളിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരുപാട് പരസ്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒന്ന് രണ്ട് സഭകൾക്ക് എന്റെ താല്പര്യം പറഞ്ഞുകൊണ്ട് കത്തയച്ചു. എന്റെ ചാച്ചന്റെ അനിയന് കച്ചവടമായിരുന്നു ജോലി. ഞങ്ങൾക്കുള്ള കത്തുകളൊക്ക ആ കടയിലേക്കായിരുന്നു വന്നിരുന്നത്. അങ്ങനെ എനിക്കുള്ള മറുപടിക്കത്തുകളും സഭയിൽ ചേരാനുള്ള ഫോമുകളുമൊക്കെ മുറയ്ക്ക് വന്നു. ഇതൊക്ക പോസ്റ്റുമാന്റെ കൈയ്യിൽ നിന്നും വാങ്ങിയത് ചാച്ചന്റെ അനുജനും. അദ്ദേഹം അത് നേരിട്ട് ചാച്ചന് കൈമാറി. വിവരമറിഞ്ഞ് വീട്ടിൽ വലിയ പ്രശ്നം. ഒറ്റമകളായ എന്നെ മഠത്തിൽ വിടാൻ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. എന്റെ ആഗ്രഹത്തിനോ വാക്കുകൾക്കോ അവിടെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. ആരും എന്നെ പിന്തുണച്ചില്ല. എങ്കിലും അമ്മ പറയുമായിരുന്നു ‘ഉള്ളിൽ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും’ എന്ന്. അങ്ങനെ ഒടുവിൽ ആഗ്രഹവും പ്രാർത്ഥനയും മാത്രം ബാക്കിയായി.” -സിസ്റ്റർ ജെസ്സി പറയുന്നു. അങ്ങനെ വീട്ടുകാർ എല്ലാവരും ചേർന്ന് നിർബന്ധിച്ച് മകളെ കോളേജിൽ അയച്ചു.

‘ദൈവം വിളിച്ചാൽ ആരെയും പിടിച്ചു നിർത്താൻ സാധിക്കില്ല’ -കുഞ്ഞനിയന്റെ രോഗം നൽകിയ തിരിച്ചറിവ്

സി. ജെസ്സി പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനിയന് കാൻസർ ബാധിക്കുന്നത്. രക്ഷപെടാൻ വളരെ കുറഞ്ഞ സാധ്യതയായിരുന്നു ഡോക്ടർ പറഞ്ഞത്. സിസ്റ്ററും അനിയനും നല്ല കൂട്ടായിരുന്നു. അനിയന്റെ രോഗം കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തി. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അനിയനെ നോക്കിയത് സിസ്റ്റർ ആയിരുന്നു. പകൽ പഠിക്കാൻ പോകുമെങ്കിലും രാത്രിയിൽ ഉറങ്ങുകപോലും ചെയ്യാതെ സിസ്റ്റർ അനിയന്റെ അടുക്കലായിരുന്നു ചെലവഴിച്ചിരുന്നത്. ഒരു വർഷം സിസ്റ്റർ അനിയനെ ശുശ്രൂഷിച്ചു. രോഗക്കിടക്കയിലായിരുന്നുവെങ്കിലും അനിയൻ പറയുമായിരുന്നു, “എനിക്ക് സുഖമാകട്ടെ, ചേച്ചിക്ക് എന്താഗ്രഹമുണ്ടെങ്കിലും ഞാൻ സാധിച്ചു തരും” എന്ന്.

“അവൻ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. എങ്കിലും അവന്റെ വാക്കുകളും ആഗ്രഹവും ഞാനും പുഞ്ചിരിയോടെ കേട്ടിരുന്നു.” സി. ജെസ്സി ഓർമ്മത്താളുകൾ പിന്നിലേയ്ക്ക് മറിക്കുകയാണ്. 1987 മാർച്ച് 16 -ന് അനിയൻ ദൈവസന്നിധിയിലേക്ക് യാത്രയായി. ഇളയ മകനാണ് മരിച്ചു പോയിരിക്കുന്നത്. ആ മാതാപിതാക്കൾക്ക് അത് വലിയ വിഷമകരമായ കാലഘട്ടമായിരുന്നു. പിന്നീട് സിസ്റ്ററിന്റെ ചാച്ചൻ പറഞ്ഞു: “ദൈവം വിളിച്ചാൽ നമുക്ക് ആരെയും പിടിച്ചു നിർത്താൻ പറ്റില്ല. ജെസ്സിക്ക് മഠത്തിൽ പോകണമെങ്കിൽ പോകാം.” പക്ഷേ, പുത്ര വിയോഗത്തിൽ വിഷമിച്ചിരുന്ന ആ പിതാവിന് ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ, “മക്കളെല്ലാവരും എന്റെ കൺവെട്ടത്ത് വേണമെന്ന് ആഗ്രഹമുണ്ട് , അതുകൊണ്ട് മിഷൻ സഭയിൽ ചേരേണ്ട. ഇവിടെ അടുത്തുള്ള ഏതെങ്കിലും മഠത്തിൽ ചേർന്നാൽ മതി” എന്ന്.  വളരെ വലിയൊരു അനുഗ്രഹമായിട്ടാണ് സി. ജെസ്സി ആ അനുമതിയെ കണ്ടത്. മരിച്ചുപോയ അനിയൻ വാക്കുപാലിച്ചതുപോലെ തോന്നി സിസ്റ്ററിന്. കാരണം തന്റെ ആഗ്രഹം ദൈവത്തോട് നേരിട്ട് പറയാൻ പോയതുപോലെയായിരുന്നു ആ മരണം.

മിഷൻ പ്രവർത്തനം നടത്തണമെന്ന ആഗ്രഹം ബാക്കിയാണെങ്കിലും ഒരു സിസ്റ്ററെങ്കിലും ആകാമല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോൾ സിസ്റ്ററിനുണ്ടായിരുന്നത്. അങ്ങനെ തിരുഹൃദയ സന്യാസ സഭയിൽ ചേർന്നു. 1990 -ൽ ആദ്യവ്രത വാഗ്ദാനം നടത്തി. പഠന കാലഘട്ടത്തിൽ സുപ്പീരിയർ ഒരിക്കൽ ചോദിച്ചു, വിദേശത്തെവിടെയെങ്കിലും മിഷൻ പ്രവർത്തനത്തിനായി മഠം സ്ഥാപിച്ചാൽ പോകാൻ എത്രപേർക്ക് താല്പര്യം ഉണ്ട് എന്ന്. “എനിക്ക് രണ്ടാമതൊന്നു ആലോചിക്കാൻ ഉണ്ടായിരുന്നില്ല. 80 പേരുണ്ടായിരുന്നവരിൽ ആകെ മൂന്നുപേരാണ് കൈ ഉയർത്തിയത്. അതിൽ ഒരാൾ ഞാനായിരുന്നു. എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നതിനാൽ വലിയ ആഗ്രഹത്തോടെയായിരുന്നു ഞാൻ കൈ ഉയർത്തിയത്.”

ഒരല്പം നമീബിയൻ ചരിത്രം

ഇനി സിസ്റ്ററിന്റെ ജീവിത കഥ തുടരണമെങ്കിൽ അല്പം ചരിത്രം കൂടി മനസ്സിലാക്കണം. അതും ഇവിടുത്തെ അല്ല. അങ്ങ് ദൂരെ, ആഫ്രിക്കയിലെ നമീബിയയുടെ ചരിത്രം! ഇങ്ങ് കേരളത്തിൽ, മലബാറിലെ സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷനിലെ ഒരു സി. ജെസ്സിക്ക് വേണ്ടി, അവരുടെ ആഗ്രഹത്തിന് വേണ്ടി അങ്ങ് നമീബിയയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ച ദൈവത്തിന്റെ പദ്ധതി എത്ര വലുതായിരുന്നു എന്ന് തുടർന്ന് വായിക്കുമ്പോൾ നമുക്ക് മനസിലാകും.

മലബാറിലെ സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷന് ആഫിക്കയിലെ നമീബിയയിൽ ഒരു ഹൌസ് തുടങ്ങാൻ അവസരം ലഭിച്ചു. നമീബിയയിലെ ഡോബ്രയിൽ ഒരു സ്‌കൂൾ ഉണ്ട്. ജർമനിയുടെ അധിനിവേശം ഉണ്ടായിരുന്ന സ്ഥലമായിരുന്നു നമീബിയ. കോളനിവൽക്കരണത്തെ എതിർത്ത നമീബിയൻ സ്വദേശികളായ ഹെറോറോനാമ വിഭാഗത്തിൽ പെട്ട ആദിവാസികളെ ജർമൻ സൈന്യം കൊന്നൊടുക്കി. അതിനെത്തുടർന്ന് അവിടെ ധാരാളം അനാഥരായ കുഞ്ഞുങ്ങൾ ഉണ്ടായി. അവരുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യം  വെച്ചുകൊണ്ട് ജർമൻ മിഷണറിമാരായ ഓ.എം.ഐ. (OMI) സന്യാസ സമൂഹത്തിലെ വൈദികർ ഒരു ബോർഡിങ് സ്‌കൂൾ ആരംഭിച്ചു. 1905 -ൽ ഡോബ്രയിലാണ് സെന്റ് ജോസഫ്‌സ് റോമൻ കത്തോലിക്കാ സ്‌കൂൾ ആരംഭിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെയും നമീബിയൻ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് അടിത്തറപാകുന്നത് ഈ വിദ്യാലയമാണ്. പിന്നീട് ഈ സ്‌കൂൾ നെതെർലാൻഡ്സിൽ നിന്നുള്ള ബ്രദേഴ്സ് ഏറ്റെടുത്തു. ഏകദേശം 40  വർഷം അവർ സ്‌കൂളിനെ നയിച്ചു. എന്നാൽ ദൈവവിളികൾ കുറവായിരുന്നതിനാൽ അവർക്ക് അത് മുൻപോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.

അവസാനം അവർ നമീബിയൻ രൂപതയുടെ മുൻപിൽ ഒരു ആവശ്യം വെച്ചു. സ്‌കൂൾ നടത്താൻ കഴിയുന്ന ഏതെങ്കിലും സന്യസ സമൂഹത്തിന് അത് കൈമാറ്റം ചെയ്യാൻ തയാറാണെന്ന്. അങ്ങനെയാണ് സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷന് മുൻപിൽ ഈ അവസരം എത്തുന്നത്. അങ്ങനെ 1998 -ൽ നമീബിയിലേക്ക് സിസ്റ്റേഴ്സ് പോകാൻ തയാറെടുത്തു. എങ്കിലും അവിടെ ആകെ മൂന്നുപേരെ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. സിസ്റ്റർ ജെസ്സി പോകാൻ തയാറായിരുന്നെങ്കിലും ജൂനിയർ ആയിരുന്നതിനാൽ അവസരം ലഭിച്ചില്ല. ദൈവം അവിടെയും ഒരല്പം കാലതാമസം വരുത്തി. എന്തിനെന്നോ, സി. ജെസ്സിയെ ഒരുക്കുകയായിരുന്നു അവിടുന്ന്. പോകാൻ തയാറായി നിന്ന മൂന്നുപേരിൽ ഒരാൾക്ക് പെട്ടന്ന് അസുഖം ബാധിച്ചു. അതുകൊണ്ട് ആ സിസ്റ്ററിനു പോകാൻ പറ്റിയില്ല. 1998 ഡിസംബറിൽ രണ്ടുപേർ അങ്ങനെ നമീബിയയിൽ എത്തി. ഇനി ഒരാൾ കൂടി പോകേണ്ടതുണ്ട്. ആ അവസരം ദൈവവും സഭാധികാരികളും കൂടി  സി. ജെസ്സിക്കായി നൽകി. പേപ്പർ വർക്കുകൾ നടക്കാൻ അല്പം സമയം വേണമായിരുന്നു. പക്ഷേ ആ കാലഘട്ടത്തിലും ദൈവം സിസ്റ്ററിനെ ഒരുക്കുകയായിരുന്നു. കാരണം സ്‌കൂളിൽ അധ്യാപികയായിട്ടായിരുന്നു സിസ്റ്റർ ജോലി ചെയ്യേണ്ടിയിരുന്നത്. അതും കമ്പ്യൂട്ടർ സയൻസ് വിഷയം. സിസ്റ്റർ പഠിച്ചത് ഇംഗ്ലീഷും ഹിസ്റ്ററിയും ആയിരുന്നു. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ സിസ്റ്റർ ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്തു. അതിനുശേഷം നമീബിയയിലേക്ക് വിമാനം കയറി.

ആഗ്രഹിച്ചത് സംഭവിച്ചു, പക്ഷേ, കാത്തിരുന്ന രോഗവും മരണവും  

ആഗ്രഹവും പ്രാർത്ഥനയും പോലെ സി. ജെസ്സി നമീബിയയിൽ എത്തി. 1999 ഓഗസ്റ്റ് മാസത്തിൽ എത്തിയ സിസ്റ്ററിനു നവംബർ മാസത്തിൽ ഒരു രോഗം പിടിപെട്ടു. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അതെന്നു സിസ്റ്റർ ഓർമ്മിക്കുന്നു. കേരളത്തിൽ നിന്ന് പോരുമ്പോൾ സിസ്റ്ററിന്റെ ശരീരത്തിൽ ഒരു വൈറസും കൂടെ നമീബിയയിലേക്ക് പോന്നു. വൈറസ് ശരീരത്തിൽ പടർന്ന് സിസ്റ്ററിന്റെ  കാലുകൾക്ക് ബലക്ഷയം സംഭവിച്ചു. നാഡീവ്യവസ്ഥയെയായിരുന്നു അത് ബാധിച്ചത്. അതിനാൽത്തന്നെ എഴുന്നേറ്റ് നടക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ജീവിതത്തിൽ ആഗ്രഹിച്ചതുപോലെയൊക്കെ നടത്തിത്തന്ന ദൈവം ഒരു മിഷൻ പ്രദേശത്ത് കൊണ്ടുവന്നിട്ട് നൽകിയ അതികഠിനമായ പരീക്ഷണത്തെ അതിജീവിക്കുവാൻ സി. ജെസ്സി വീണ്ടും പ്രാർത്ഥനയിൽ അഭയം തേടി. കാരണം, സിസ്റ്ററിനു ഉറപ്പായിരുന്നു തനിക്ക് ഒന്നും സംഭവിക്കില്ല എന്ന്. സിസ്റ്ററിനു വേണ്ടി ഇത്രയധികം അത്ഭുതം പ്രവർത്തിക്കാൻ കഴിഞ്ഞ ദൈവത്തിനു ഇനിയും ഒരുപാട് പദ്ധതികൾ ബാക്കിയുണ്ടായിരുന്നു.

ഒടുവിൽ രോഗം കണ്ടുപിടിക്കുന്നതിനായുള്ള പരിശോധനകൾക്ക് മുൻപുള്ള ദിവസങ്ങളിൽ സിസ്റ്റർ ദൈവവുമായി ഒരു ചെറിയ കരാറിൽ ഒപ്പിട്ടു. “ഞാനൊരു മിഷണറി ആകണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ രോഗം എന്താണെന്നു കണ്ടു പിടിക്കണം. സുഖപ്പെടുത്തണം. ഞാൻ ഒരു വാക്ക് തരാം. ഒരിക്കൽ പോലും ഞാനായിട്ട് തിരികെ പോകണമെന്ന് പറയില്ല. എന്റെ സഭ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അനുസരത്തിന്റെ പേരിൽ മാത്രം ഞാൻ തിരികെ പോകും,” എന്നതായിരുന്നു ആ കരാറ്. പിന്നീട് നടത്തിയ പരിശോധനയിൽ സിസ്റ്ററിന്റെ നട്ടെല്ലിനും തലച്ചോറിനും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. അതിനാൽ തന്നെ രോഗം പൂർണ്ണമായും ഭേദപ്പെടുത്താമെന്നു  ഡോക്ടർ ഉറപ്പു നൽകുകയും ചെയ്തു. എങ്കിൽ പോലും സഹനങ്ങൾ അവിടെയും അവസാനിച്ചില്ല. ഒന്നരവർഷത്തെ ചികിത്സയായിരുന്നു സിസ്റ്ററിനു വേണ്ടിയിരുന്നത്. അതിനിടയിൽ ഇവിടെ തലശ്ശേരിയിൽ നിന്നും സിസ്റ്ററിനു വേണ്ടിയുള്ള പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കുയരുന്നുണ്ടായിരുന്നു. പ്രൊവിൻഷ്യൽ ആയ സി. എസ്പിരിറ്റ് വ്രതവാഗ്‌ദാനാർത്ഥികളോട് സിസ്റ്ററിനു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. നിത്യവ്രത്തിന്റെ സമയത്ത്, തങ്ങളുടെ ജീവിതം പൂർണ്ണമായും ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിക്കുന്നതിനോടൊപ്പം തങ്ങൾക്കു മുൻപേ യേശുവിനായി ജീവിതം സമർപ്പിച്ച സി. ജെസ്സിക്കുവേണ്ടിയും അവർ പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഒന്നരവർഷത്തിനു ശേഷം സിസ്റ്റർ സുഖം പ്രാപിച്ചു.

സിസ്റ്റർ സുഖം പ്രാപിച്ചെങ്കിലും പിന്നീട് കൂടെയുണ്ടായിരുന്ന മറ്റൊരു സിസ്റ്റർ ഒരു കാറപകടത്തിൽ മരണമടഞ്ഞു. രൂപതയുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ കാർ അപകടം ഉണ്ടാവുകയും സി. ഗ്രേസ് ജോസ് മരണമടയുകയും ആയിരുന്നു. സി. ജെസ്സി അത്ഭുതകരമായി രക്ഷപെട്ടു. ഇത്രയധികം വിഷമതകളും പ്രതിസന്ധികളും ഉണ്ടായെങ്കിലും മിഷൻ തുടരാൻ തന്നെ തീരുമാനിച്ചു.

അധ്യാപനം എന്ന മിഷൻ പ്രവർത്തനം

“സാധാരണ ഗതിയിൽ മിഷൻ പ്രവർത്തനം എന്ന് പറഞ്ഞാൽ ഗ്രാമങ്ങളിൽ പോയി പ്രവർത്തിക്കുകയാണ്. എന്നാൽ എനിക്കായി ദൈവം ഇവിടെ കരുതിവെച്ച മിഷൻ പ്രവർത്തനം മറ്റൊന്നായിരുന്നു. അധ്യാപനം എന്ന മിഷൻ പ്രവർത്തനം. എനിക്ക് ലഭിച്ച സാഹചര്യത്തെ ഞാൻ മിഷൻ പ്രവർത്തനമാക്കി മാറ്റുകയായിരുന്നു,” സിസ്റ്റർ സന്തോഷത്തോടെ പറയുന്നു. കാരണം ഗ്രാമങ്ങളിലേക്ക് പോകുക എന്നതിനേക്കാൾ ഓരോ കുട്ടിയും ഓരോ ഗ്രാമത്തിന്റെയും ഓരോ സംസ്കാരത്തിന്റെയും പ്രതിനിധിയാണ് എന്ന് തിരിച്ചറിയുക വലിയ കാര്യമാണ്. അങ്ങനെയെങ്കിൽ കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ സിസ്റ്ററിന്റെ മിഷൻ പ്രവർത്തനം അനേകായിരം ഗ്രാമങ്ങളിലും സംസ്കാരങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. മറ്റേതൊരു  മിഷനേയുംകാൾ വലിയൊരു സാധ്യത സിസ്റ്റർ അധ്യാപനത്തിലും കണ്ടു.

“ഇതൊരു ബോർഡിങ് സ്‌കൂൾ ആണ്. എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണുള്ളത്. ഇടവകാംഗങ്ങൾ കുറവാണെങ്കിലും കുട്ടികളുടെ ഉത്തരവാദിത്വവും അവരുടെ വിശ്വാസപരമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ആദ്യകുർബാന സ്വീകരണം, കുമ്പസാരം, വേദപാഠ പഠനം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും അവരെ ഒരുക്കുന്നത് ഒക്കെ ഞങ്ങൾ തന്നെയാണ്. അതിനാൽ കൗമാരപ്രായക്കാരുടെ ഇടയിൽ വിശ്വാസപരമായ അടിത്തറ ഇട്ടുകൊടുക്കുക എന്ന വലിയൊരു മിഷൻ പ്രവർത്തനമാണിവിടെ നടത്തുന്നത്. അതിൽ ഞങ്ങൾ വളരെ സംതൃപ്തരാണ്. കാരണം പലരും ക്രിസ്തുവിനെ കണ്ടെത്തുന്നതും മാമ്മോദീസ സ്വീകരിക്കുന്നതും ഇവിടെവെച്ചാണ്. ഇതും ഒരു മിഷൻ തന്നെയാണല്ലോ,” സി.ജെസ്സി സന്തോഷത്തോടെ പറയുകയാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആയതിനാൽ ഭാഷ ഒരു പ്രശ്നമല്ലായിരുന്നു. എങ്കിലും ഇംഗ്ലീഷിൽ ക്ലാസ് എടുക്കുക എന്നത് വളരെ വലിയ വെല്ലുവിളിയായിരുന്നു. കാരണം കമ്പ്യൂട്ടർ സയൻസിനൊപ്പം ഹിസ്റ്ററിയും കൂടി പഠിപ്പിക്കാൻ തുടങ്ങി. എങ്കിലും സിസ്റ്റർ ഇപ്പോഴും ദൈവത്തോട് പറയുന്ന ഒരു കാര്യമുണ്ട്, “യാതൊരു സാധ്യതയും ഇല്ലാതിരുന്നിട്ടും നീയല്ലേ, കർത്താവേ എന്നെ ഇവിടെ എത്തിച്ചത്, എനിക്ക് പരിമിതികളുണ്ട്, എന്നിലൂടെ നീ പഠിപ്പിച്ചാൽ മതി,” തന്റെ 22 വർഷത്തെ അധ്യാപന മിഷനിൽ ഒരു തട്ടലും മുട്ടലുമില്ലാതെ അവിടുന്ന് വഴി നടത്തിയതിനെയോർത്ത് നന്ദിപൂർവ്വം ആയിരിക്കുകയാണ് സിസ്റ്റർ.

കൗമാരക്കാരായ കുട്ടികൾ- തകർന്ന കുടുംബ പശ്ചാത്തലം

നമീബിയയിൽ, നമ്മുടെ മനസിലുള്ളതുപോലുള്ള  വിവാഹം, കുടുംബം എന്നതൊക്കെ വളരെ വിരളമാണ്. കാരണം അവർക്ക് അങ്ങനെയൊരു സംസ്കാരമില്ല. ലിവിങ് ടുഗതർ പോലെയുള്ള ബന്ധങ്ങളാണ് കൂടുതലും. ഇതിൽ ഭൂരിഭാഗവും, കുട്ടികൾ  ജനിച്ചു കഴിയുമ്പോൾ ഉപേക്ഷിച്ച് പോകുകയുമാണ് പതിവ്. അതിനാൽ തന്നെ സ്‌കൂളിലെ കുട്ടികളിൽ മിക്കവരും തകർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്നവരാണ്. അവിവാഹിതരായ  അമ്മമാരുടെ കുട്ടികളും ഉണ്ട്. അതുകൊണ്ടു തന്നെ ഇവർക്കിടയിൽ മാനസിക സംഘർഷങ്ങളും വിഷമതകളും വലിയ ഉയർന്നതോതിലാണെന്നാണ് സിസ്റ്റർ പറയുന്നത്. പലകുട്ടികളെയും രണ്ടാനച്ഛൻമ്മാരും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ലൈംഗികമായി ഉപദ്രവിക്കാറുമുണ്ട്. അതിന്റെയൊക്കെ വലിയ വിഷമത്തിലായിരിക്കും അവർ. അവരിൽ പലരും വിഷമം പറയാനും പങ്കുവയ്ക്കാനും സി. ജെസ്സിയുടെ അടുക്കലെത്താറുണ്ട്.

“അവർക്കൊക്കെ വേണ്ട ഉപദേശങ്ങൾ നൽകി കൂടെ നിൽക്കും. അതിന്റെ കൂടെ അവർക്ക് കൊന്ത നൽകും. പ്രാർത്ഥിക്കാൻ പഠിപ്പിക്കും. എല്ലാ ദുഃഖങ്ങളെയും മുറിവുകളെയും ഉണക്കാൻ സാധിക്കുന്ന ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ ഉപദേശിക്കും. ഒക്ടോബർ മാസത്തിൽ ജപമാല പ്രദക്ഷിണമൊക്കെ ഞങ്ങൾ ഇവിടെ നടത്താറുണ്ട്. അതിലൊക്കെ വളരെ വലിയ വിശ്വാസത്തോടെയാണ് അവർ പങ്കെടുക്കുന്നത്,” -സിസ്റ്റർ പറയുന്നു.

എലീഫാസ് എന്ന പ്രശ്നക്കാരൻ പിന്നീട് മികച്ച വിദ്യാർത്ഥിയായപ്പോൾ

മറക്കാനാകാത്ത നിരവധി അനുഭങ്ങളാണ് സിസ്റ്ററിന്റെ അധ്യാപന മിഷനിൽ ഉള്ളത്. എങ്കിലും അതിൽ ഒരെണ്ണം പറയാൻ ആവശ്യപ്പെട്ടപ്പോൾ എലീഫാസ് എന്ന കുട്ടിയുടെ ജീവിതമാണ് സിസ്റ്റർ പങ്കുവെച്ചത്. ക്ലാസ്സിലെ എന്നപോലെ സ്‌കൂളിലെ തന്നെയും പ്രശ്നക്കാരനായിരുന്നു എലീഫാസ്. ചുരുക്കത്തിൽ അധ്യാപകർ എല്ലാവരും അവനെക്കൊണ്ട് മടുത്തു. എല്ലാവരും അവനെ എഴുതിത്തള്ളിയിരുന്നു. ആദ്യമൊക്കെ സിസ്റ്റർ അവനെ നന്നാക്കാൻ ഒരു ശ്രമം നടത്തി. സ്നേഹത്തിന്റെ ഭാഷയിൽ പലതും പറഞ്ഞെങ്കിലും അവൻ അടുക്കുന്നില്ലായിരുന്നു. ഒടുവിൽ അല്പം ഗൗരവത്തിന്റെ മാർഗ്ഗം തന്നെ സ്വീകരിക്കാമെന്ന് സിസ്റ്ററിനു തോന്നിത്തുടങ്ങി. ഒടുവിൽ അവന്റെ മാതാപിതാക്കളെ വിളിപ്പിച്ചു. “അവന്റെ അമ്മ ഓരോ തവണ വരുമ്പോഴും കരഞ്ഞുകൊണ്ടായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. സ്വന്തം അമ്മയുടെ കണ്ണുനീർ കാണാനാണ് അവനു ഏറ്റവും ഇഷ്ടം എന്നും പറഞ്ഞായിരുന്നു ആ സ്ത്രീ കരഞ്ഞിരുന്നത്. ഇത്തണ മാതാപിതാക്കൾ രണ്ടുപേരും വന്നു. ഞാനും ഉണ്ടായിരുന്നു മീറ്റിംഗിൽ. അവിടെ വെച്ച് അവൻ അധ്യാപകർക്കെതിരായി സംസാരിച്ചു. ഉടനെ അവന്റെ പിതാവ് അവനെ തല്ലാൻ തുടങ്ങി. നമീബിയയിൽ മാതാപിതാക്കൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഉപദ്രവിക്കും. അതൊക്കെയാണ് അവരുടെ യഥാർത്ഥ പ്രശ്നങ്ങളും. പിന്നെ ഈ കുട്ടികൾ അവരോടുള്ള ദേഷ്യത്തിലായിരിക്കും ജീവിക്കുക. എലീഫാസിനെ തല്ലുന്നത് കണ്ടയുടനെ ഞാൻ അവനെ പിടിച്ചുമാറ്റി. കാരണം മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഈ പ്രായത്തിലുള്ള കുട്ടികൾ അപമാനിക്കപ്പെടുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്ന ഒന്നാണ്. പെട്ടന്ന് തന്നെ എന്റെ കാലിൽ വീണു മാപ്പുചോദിക്കാൻ അവനോട് അവന്റെ പിതാവ്ആവശ്യപ്പെട്ടു. അവൻ എന്റെ കാലിൽ വീണെങ്കിലും അതിനനുവദിക്കാതെ ഞാൻ അവനെ പിടിച്ചെഴുന്നേല്പിച്ചു. ആ സമയത്ത് സെക്കന്റ് ടെം അവധി ആരംഭിക്കുന്ന സമയമായിരുന്നു. അവനു ഞാൻ കുറെയധികം വർക്കുകൾ കൊടുത്തു. അവധികഴിഞ്ഞു വരുമ്പോൾ ചെയ്തു തീർക്കണമെന്ന് പറഞ്ഞു. അതിനു ശേഷം അവൻ പഠനം കുറെ കൂടി ഗൗരവത്തോടെ കാണാൻ തുടങ്ങി.”

പിന്നീട് അഞ്ചു വർഷത്തിന് ശേഷം എലീഫാസ് സിസ്റ്ററിനെ കാണാൻ വന്നു. ഒരു പെട്ടി നിറയെ ചോക്ലേറ്റുമായിട്ടായിരുന്നു അവൻ വന്നത്. ഇന്ന് അവൻ എൻജിനീയറിങ് മേഖലയിൽ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. എലീഫാസ് വന്നു സിസ്റ്ററിനോട് പറഞ്ഞ കാര്യങ്ങൾ വളരെ സന്തോഷം നൽകുന്നവയായിരുന്നു. “സിസ്റ്റർ എന്നെ അന്ന് താങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ ഈ നിലയിൽ എത്തില്ലായിരുന്നു. അന്നെനിക്ക് കുറെയധികം വർക്കുകൾ തന്നില്ലായിരുന്നെങ്കിൽ ഞാൻ പഠനത്തിന്റെ മഹത്വം മനസ്സിലാക്കുകയില്ലായിരുന്നു.” ഒരു അദ്ധ്യാപിക എന്ന നിലയിലും ഒരു മിഷനറി എന്ന നിലയിലും ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. കുട്ടികളെ നേടേണ്ടത് എങ്ങനെയെന്ന ജ്ഞാനം സിസ്റ്ററിനു ദൈവം നൽകിയനുഗ്രഹിച്ചതിന്റെ ഒരു ഉദാഹരണമാണിത്. ദൈവവിളി സ്വീകരിച്ചു പുരോഹിതരായ വിദ്യാർത്ഥികളും സിസ്റ്ററിനുണ്ട്.

“ക്ലാസിൽ എത്ര വികൃതി കാണിച്ചാലും അവർ വളരെ നല്ല മക്കളാണ്. മനസ്സിൽ ഒരുപാട് നന്മയുള്ളവരാണ് എല്ലാവരും. കുടുംബ ജീവിതത്തിന്റെ പ്രശ്ങ്ങൾ ഒരു പരിധിവരെ ബോധവൽക്കരണത്തിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരണം വിവാഹം എന്ന കൂദാശയെക്കുറിച്ചുള്ള അറിവില്ലായ്‍മയായിരുന്നു അവരുടെ പ്രശ്നം. അത് സ്‌കൂളിലെ കുട്ടികൾക്ക് വ്യക്തമായ രീതിയിൽ പറഞ്ഞുകൊടുക്കുന്നതുകൊണ്ട് ഭാവിയിൽ വിവാഹജീവിതത്തിന്റെ മഹത്വം മനസ്സിലാക്കി അവർ ജീവിക്കുന്നു. സ്‌കൂളിൽ പഠിച്ച ഒരുപാട് പേർ വിവാഹ ജീവിതം നയിക്കുന്നവരുണ്ട്. പിന്നീട്  പുറത്തുവെച്ചൊക്കെ കാണുമ്പോൾ അവർ പറയും, ‘സിസ്റ്റർ, ഞങ്ങൾ കല്യാണം കഴിച്ചു’ എന്ന്. അത് പറഞ്ഞുകൊണ്ട് വിവാഹ മോതിരം ഉയർത്തിക്കാണിച്ചു തരും. ഈ കുട്ടികൾക്ക് ഈശോയെ കൊടുക്കാൻ സാധിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. തെറ്റുകളും പോരായ്മകളും പറഞ്ഞുകൊടുത്താൽ ഒരു അത് മനസ്സിലാക്കി തിരിച്ചുവരാൻ അവർ ശ്രമിക്കും. അതാണ് ഈ ജനതയുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നെ വൈദികരെയും സമർപ്പിതരെയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു ജനതയാണിവിടെയുള്ളത്. നമ്മൾ അവരെ കാപ്പിരികൾ, നീഗ്രോകൾ എന്നൊക്കെ വിളിക്കുമെങ്കിലും അവരുടെ ഹൃദയവിശാലതയും നന്മയും വളരെ വലുതാണ്. എന്റെ വിളിയിൽ ഞാൻ പൂർണ്ണ സംതൃപ്തയാണ്.” -സിസ്റ്ററിന്റെ മനസ്സിലെ സന്തോഷം ആ വാക്കുകളിലും നിറഞ്ഞു.

പുഞ്ചിരിക്കാൻ അറിയാത്തവർ ചിരിക്കാൻ പഠിച്ചപ്പോൾ

“ഞാൻ ഇവിടെ വരുമ്പോൾ ഇവിടെയുള്ളവർ ഒരിക്കലും പുഞ്ചിരിക്കുക പോലുമില്ലായിരുന്നു. അവർക്കു അത് അറിയില്ലായിരുന്നു. ഞങ്ങൾ ഇവിടെ വരികയും ആളുകളുടെ ഇടയിൽ ഇറങ്ങി അവരോട് സംസാരിക്കുകയും ചെയ്തപ്പോൾ അവർ ചോദിച്ച ഒരു കാര്യമുണ്ട്, ‘ഹു ഈസ് ദി സ്റ്റോറി റ്റെല്ലർ എമോങ് യു’ എന്ന്. ഞങ്ങളുടെ ഇടയിലെ കഥപറച്ചിലുകാരി ആരാണെന്ന്. അന്ന് പുഞ്ചിരിക്കാൻ പോലും വിസമ്മതിച്ചവർ ഇന്ന് ചിരിച്ചുകൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മറ്റുള്ളവർക്ക് ഒരു ചിരി സമ്മാനിക്കാൻ സാധിക്കാൻ അവരെ പ്രാപ്തരാക്കാൻ സാധിക്കുക എന്നത് വളരെ ചെറിയ കാര്യമല്ലല്ലോ,” സിസ്റ്റർ ചിരിക്കുകയാണ്.

ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്ര സ്നേഹം പങ്കുവെക്കുക എന്ന തിരുഹൃദയ സന്യാസിനീ സഭയുടെ കാരിസത്തെ  സ്വന്തം ഹൃദയത്തോട് ചേർത്തുവെച്ച ഈ സന്യാസിനിക്ക് കഴിഞ്ഞ 22 വർഷങ്ങളെ ഓർക്കുമ്പോൾ നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂ. കഴിഞ്ഞ 31 വർഷത്തെ തന്റെ സമർപ്പിത ജീവിതത്തിൽ  സഭയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ പിന്തുണയും കൂടെയുണ്ടായിരുന്ന എല്ലാ സിസ്റ്റേഴ്സിനെയും ഇപ്പോൾ കൂടെയുള്ള സി. അനിജോ ജോസിനെയും പ്രത്യേകമായി ഓർമ്മിക്കുകയാണ് സി. ജെസ്സി. തന്റെ മിഷൻ യാത്രയിൽ, ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിനെ കാണിച്ചുകൊടുത്ത ഈ പ്രേഷിതയുടെ ജീവിതം അനുകരണീയമാണ്. കാരണം അസാധ്യമായതിൽ നിന്നും തമ്പുരാൻ കൂടെയുണ്ടെങ്കിൽ എല്ലാം സാധ്യമാകുമെന്ന് തന്റെ ജീവിതത്തിലൂടെ അടയാളപ്പെടുത്താൻ ദൈവം അനുവദിച്ചു.

“ഞാൻ ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും എന്റെ മനസ്സിൽ സങ്കീർത്തനങ്ങൾ 104:33 നിറഞ്ഞു നിൽക്കും. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ കർത്താവിനു കീർത്തനം പാടും. ആയുഷ്കാലമത്രയും ഞാൻ എന്റെ ദൈവത്തെ പാടി സ്തുതിക്കും.” അതെ, സി. ജെസ്സി പാടുകയാണ്. സ്വന്തം ജീവിതംകൊണ്ട്. തന്റെ കർത്താവിനായി.

“ഞാൻ ഇവിടെയായിരിക്കണമെന്നത് തമ്പുരാന്റെ പദ്ധതിയാണ്. നന്ദിയും സന്തോഷവും സ്നേഹവും മാത്രമേ എനിക്കുള്ളൂ. കാരണം എന്റെ സന്യാസ ജീവിതം എന്നും അവിടുത്തെ കൈകളിൽ ഭദ്രമാണ്. അതാണല്ലോ എനിക്ക് ലഭിച്ച സാധ്യതയിൽ നിന്ന് മിഷൻ പ്രവർത്തനത്തെ എനിക്ക് കണ്ടെത്താൻ സാധിച്ചതും,” എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ ഹൃദയം ജ്വലിച്ചതുപോലെ സി. ജെസ്സിയുടെ ഹൃദയവും ജ്വലിക്കുന്നത്  നമുക്ക് കാണാൻ സാധിക്കും. കാരണം യേശുവിനെ കണ്ടെത്തുന്നവരുടെ ഹൃദയം അവിടുത്തെ സ്നേഹത്താൽ ജ്വലിക്കുമല്ലോ.

 ദൈവത്തിന്റെ കരുതലിന്റെ ഒരു ജീവിത കഥ മുഴുവനായും പറയുമ്പോൾ ആ ഹൃദയത്തിന്റെ നന്മയും പാകതയും അങ്ങ് നമീബിയയിൽ നിന്ന് എന്റെ ഹൃദയത്തിലേക്കും ഒഴുകിയെത്തുകയായിരുന്നു. നന്ദിയുടെ വാക്കുകളിൽപോലും അവിടുത്തെ കാരുണ്യത്തിന്റെ വചനത്തെ സിസ്റ്റർ തന്റെ വാക്കുകളിൽ ഒളിപ്പിച്ചു വെയ്ക്കാൻ മറന്നില്ല, ” നീയെനിക്ക് അമൂല്യനും പ്രിയങ്കരനുമാണ്, അവിടുന്ന് ഉള്ളം കൈയ്യിൽ താങ്ങി നിർത്തുന്നു”. അതെ സി. ജെസ്സി ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവളാണ്. അവിടുന്ന് തന്റെ ഉള്ളംകൈയ്യിൽ സിസ്റ്ററിനെ താങ്ങി നിർത്തിയിരിക്കുകയാണ്. പിന്നിട്ട ഓരോ വഴിയിലും ദൈവത്തെ പ്രഘോഷിച്ച ജെസ്സി സിസ്റ്ററിന്റെ എല്ലാ മിഷൻ പ്രവർത്തനങ്ങൾക്കും ലൈഫ് ഡേയുടെ ആശംസകൾ.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.