‘വിശുദ്ധ കുർബാനയുടെ രക്തസാക്ഷി’ എന്നറിയപ്പെടുന്ന വൈദികൻ

രോഗിയായ ഒരു ഇടവകക്കാരന് വിശുദ്ധ കുർബാന നൽകുവാൻ എത്തിയപ്പോൾ കൊല്ലപ്പെട്ട ഒരു ഹംഗേറിയൻ വൈദികനായിരുന്നു ഫാ. ജാനോസ് ബ്രെന്നർ. അദ്ദേഹം അറിയപ്പെടുന്നത് ‘വിശുദ്ധ കുർബാനയുടെ രക്തസാക്ഷി’ എന്നാണ്. അദ്ദേഹത്തിന്റെ ജീവിതം വായിച്ചറിയാം…

1950 -കളിൽ ഒരു സോവിയറ്റ്-കമ്മ്യൂണിസ്റ്റ് സർക്കാർ ഹംഗറി കൈവശപ്പെടുത്തി. അവർ കത്തോലിക്കാ സഭയ്‌ക്കെതിരായി കർശന നിലപാടുകളെടുത്തു. അന്നത്തെ സർക്കാർ നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കത്തോലിക്കരെ പ്രത്യേകിച്ച്, ബിഷപ്പുമാരെയും പുരോഹിതരെയും പീഡിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു അന്തരീക്ഷത്തിലാണ് വാഴ്ത്തപ്പെട്ട ജാനോസ് ബ്രണ്ണർ 1955 -ൽ പുരോഹിതനായി നിയമിക്കപ്പെടുന്നത്.

വൈദികനായ ശേഷം ഫാ. ബ്രണ്ണറിനെ റബാകത്തലിയിൽ ചാപ്ലിനായി നിയമിച്ചു. അവിടെ എല്ലാവർക്കും പ്രിയപ്പെട്ട വൈദികനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രാർത്ഥനാജീവിതവും ധാരാളം യുവാക്കളെയും ചെറുപ്പക്കാരെയും ആകർഷിച്ചു. നിരീശ്വരവാദത്തിൽ നിന്ന് അകറ്റി യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ ഫാ. ബ്രെണ്ണറിന്റെ പ്രവർത്തനങ്ങൾക്കായി. ഇത് അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഇഷ്ടക്കേടിന് ഇടയാക്കി.

ഒരു സായാഹ്നത്തിൽ, അദ്ദേഹം ഫർകാസ്ഫയിൽ നിന്ന് തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ, അജ്ഞാതർ അദ്ദേഹത്തിന്റെ യാത്രയ്ക്ക് തടസം സൃഷ്ടിച്ചു. എന്നാൽ, അന്ന് അദ്ദേഹം അതത്ര കാര്യമാക്കിയില്ല. അദ്ദേഹത്തെ വധിക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നു അത്. ആദ്യ വധശ്രമം ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും രണ്ടാമത്തേതിൽ നിന്നും അദ്ദേഹത്തിന് രക്ഷപ്പെടാനായില്ല.

1957 ഡിസംബറിലെ ഒരു രാത്രിയിൽ തന്റെ ഇടവകക്കാരിൽപ്പെട്ട ഒരാൾ മരിക്കാറായെന്നും അദ്ദേഹത്തിന് വിശുദ്ധ കുർബാന നൽകുവാൻ ഉടൻ എത്തണമെന്നും സന്ദേശം ലഭിച്ചു. വാസ്തവത്തിൽ അതൊരു കെണിയായിരുന്നു. ആവശ്യപ്പെട്ട സ്ഥലത്ത് എത്തിയപ്പോൾ പതിയിരുന്ന ആക്രമികൾ അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തി. 32 തവണയാണ് അവർ ഫാ. ബ്രെണ്ണറിനെ കുത്തിയത്.

അദ്ദേഹത്തിന്റെ ജീവിതമാതൃക അനേകർക്ക് പ്രചോദനമായി. 2018 മേയ് ഒന്നിന് ഫ്രാൻസിസ് മാർപാപ്പ ഫാ. ജാനോസ് ബ്രെണ്ണറിനെ രക്തസാക്ഷിയായി ഉയർത്തി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.