ഇത് ടെസ പൊരുതിനേടിയ വിജയം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കണ്ണൂർ പരിയാരം സ്വദേശി ജോയി – ആലീസ് ദമ്പതികളുടെ മൂന്നാമത്തെ മകൾ ടെസയുടെ കഥയാണിത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മക്ക് അർബുദരോഗം പിടിപെടുന്നത്. ടെസയുടെ കുടുംബത്തെ അത് വല്ലാതെ പിടിച്ചുലച്ചു. അമ്മയെ ചികിത്സിക്കാനായി കൃഷിയിടങ്ങൾ ഒന്നൊന്നായ് അപ്പന് വിൽക്കേണ്ടി വന്നു. അഞ്ചിലേറെ ശസ്ത്രക്രിയകൾക്ക് അമ്മ വിധേയയായപ്പോഴേക്കും അവരുടെ സമ്പാദ്യം ഏട്ടരയേക്കർ സ്ഥലത്തു നിന്നും 10 സെന്റിലേക്ക് ചുരുങ്ങിയിരുന്നു.

പത്ത് സെന്റ് സ്ഥലത്ത് വീടും നാല് പശുക്കളുള്ള തൊഴുത്തും അത്യാവശ്യം പച്ചക്കറികളുമുണ്ട്. അമ്മയെ ശുശ്രൂഷിക്കാനുള്ളതിനാൽ കെട്ടുപണിക്കാരനായ അപ്പന് മുഴുവൻ സമയം പണിക്ക് പോകാൻ കഴിയാതായി. പണ്ടുമുതലേ അപ്പനോടും അമ്മയോടും സ്നേഹവും കരുതലുമുള്ള ടെസ, അപ്പനോടൊപ്പം കെട്ടുപണിക്ക് കയ്യാളായും പോകുമായിരുന്നു. കോളേജിൽ നിന്ന് ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് അദ്ധ്യാപകരുടെ അനുമതി വാങ്ങി അമ്മയെ ശുശ്രൂഷിക്കാനും പശുക്കളെ കറക്കാനുമായി അവൾ ഓടി വീട്ടിൽ എത്തുമായിരുന്നു.

ഒരു വീട്ടിലെ മുഴുവൻ പണികളുമെടുത്ത് ഒഴിവുസമയങ്ങൾ കണ്ടെത്തി അവൾ പഠിക്കുമായിരുന്നു. പരാതികൾ ഒന്നുമില്ലാത്ത ടെസയുടെ ദുരിതജീവിതത്തിന് ഇരട്ടിമധുരം പകർന്നുകൊണ്ടാണ് എം.എസ്.ഡബ്ല്യൂ ഫലം പ്രസിദ്ധീകരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിൽ മൂന്നാം റാങ്ക്! എന്നിട്ടും ഒട്ടും തലക്കനമില്ലാതെ അവളിപ്പോഴും കുടുംബത്തിന്റെ സന്തോഷത്തിലും ദു:ഖത്തിലും ഇഴുകി മുന്നോട്ടുപോകുന്നു (കടപ്പാട് സോഫിയ ടൈംസ് ഓൺലൈൻ).

ജീവിതദുഃഖങ്ങൾ ദൈവികപദ്ധതികളായി കണ്ട് ദൈവത്തെ പഴിചാരാതെ വിശ്വാസത്തിൽ വേരൂന്നുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ലെന്ന് ടെസയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും” (യോഹ. 16:20) എന്ന വചനത്തിന് ടെസയുടെ ജീവിതത്തിന്റെ നിറവുണ്ട്. എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും പരാതിപ്പെടുന്ന മക്കൾക്കും സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞ് പഠിക്കാൻ മടി കാണിക്കുന്നവർക്കും ജീവിതത്തിലെ ദുഃഖദുരിതങ്ങൾ ഓർത്ത് ദൈവത്തെ പഴിചാരി ജീവിക്കുന്നവർക്കും കണ്ടു പഠിക്കാം ടെസയെപ്പോലുള്ളവർ പൊരുതിനേടുന്ന ജീവിതവിജയങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.