സെന്റ് ജോര്‍ജ്: നന്മയുടെ വിജയം പ്രഘോഷിക്കുന്ന വിശുദ്ധന്‍

ധീരനായ രക്തസാക്ഷി എന്നതില്‍ നിന്നും വിശുദ്ധ പോരാളി എന്ന പേരിലേക്ക് സെന്റ് ജോര്‍ജിനെ മാറ്റിയതില്‍ കുരിശുയുദ്ധപോരാളികള്‍ക്ക് വലിയ പങ്കുണ്ട്. സെന്റ് ജോര്‍ജ് വ്യാളിയെ പരാജയപ്പെടുത്തുന്നത് പ്രതീകാത്മകമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. കുരിശുയുദ്ധത്തില്‍ പോരാടാന്‍ സെന്റ് ജോര്‍ജിന്റെ ധീരതയും മാതൃകയും അവരെ ഏറെ സഹായിച്ചു.

ധീരരക്തസാക്ഷിയായ സെന്റ് ജോര്‍ജിനെക്കുറിച്ചുള്ള നിരവധി പാരമ്പര്യകഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമാണ് വ്യാളിയെ കൊന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. ലിബിയയിലെ സെലേം പട്ടണത്തിലാണ് ഇത് നടന്നതായി കരുതപ്പെടുന്നത്. അവിടുത്തെ തടാകത്തില്‍ ജീവിച്ചിരുന്ന ഭീകരരൂപിയായ വ്യാളി, ആ നാട്ടിലെ ആളുകളെയാക്കെ ശല്യപ്പെടുത്തിയിരുന്നു. അതില്‍ നിന്നും രക്ഷനേടാനായി നാട്ടുകാര്‍ എല്ലാ ദിവസവും വ്യാളിക്ക് രണ്ട് ആടുകളെ ഭക്ഷിക്കാനായി നല്‍കിയിരുന്നു. പിന്നീട് രണ്ട് ആടുകള്‍ എന്നത് ഒരാടും കുറിയിട്ട് തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുട്ടിയും എന്നായി മാറി. അങ്ങനെ ഓരോ ദിവസവും ഓരോ ആടിനെയും ഓരോ കുട്ടിയെയും വ്യാളിക്കു നല്‍കിക്കൊണ്ടിരുന്നു. ഒരുദിവസം കുറി വീണത് രാജാവിന്റെ മകള്‍ക്കായിരുന്നു. പെണ്‍കുട്ടി സങ്കടത്തോടെ തടാകത്തിനടുത്തേക്കു നടന്നുനീങ്ങി. അവള്‍ നടന്നുനീങ്ങുമ്പോള്‍ അതുവഴിവന്ന വിശുദ്ധന്‍ കാര്യം അറിയുകയും വ്യാളിയെ തന്റെ കുന്തത്താല്‍ കുത്തിക്കൊല്ലുകയും ചെയ്തു. ഈ സംഭവം, തിന്മയുടെ മേല്‍ വിജയം നേടുന്ന നന്മയുടെയും വിശ്വാസത്തിന്റെയും വലിയ അടയാളമായി പിന്നീട് മാറി.

ആരായിരുന്നു സെന്റ് ജോര്‍ജ്?

ജോര്‍ജ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം കര്‍ഷകന്‍ എന്നാണ്. ക്രിസ്തുവര്‍ഷം 280-ല്‍, ഇന്നത്തെ തുര്‍ക്കിയിലെ കപ്പദോക്കിയായില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജോര്‍ജ് ജനിച്ചത്. ബാല്യകൗമാരങ്ങള്‍ക്കു ശേഷം അദ്ദേഹം പാലസ്തീനായിലെത്തി ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തിലെ അംഗമായി. 303 ഫെബ്രുവരി 24-ന് ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരെ വലിയ മര്‍ദനങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിയുടെ ദൈവങ്ങളുടെ മുമ്പില്‍ ബലിയര്‍പ്പിക്കാത്തവര്‍ക്ക് വധശിക്ഷ നല്‍കി. ജോര്‍ജ് തന്റെ സ്വത്തുക്കള്‍ പാവങ്ങള്‍ക്കു ദാനമായി നല്‍കിയതിനുശേഷം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ തന്റെ വിശ്വാസം ധീരതയോടെ പ്രഖ്യാപിച്ചു. അതിനെ തുടര്‍ന്ന് ചക്രവര്‍ത്തിയുടെ അനുചരന്മാര്‍ ജോര്‍ജിനെ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവില്‍ തല വെട്ടിയെടുക്കുകയും ചെയ്തു. 303 ഏപ്രില്‍ 23-നായിരുന്നു ഇത് സംഭവിച്ചത്.

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് ലിഡിയയിലേക്കു കൊണ്ടുവരികയും അവിടെ സംസ്‌കരിക്കുകയും ചെയ്തു. വൈകാതെ, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്ത സ്ഥലത്ത് ഒരു ദൈവാലയവും സ്ഥാപിച്ചു. ഇസ്രായേലിലെ ഇന്നത്തെ ലോദ് എന്ന സ്ഥലമാണ് ലിഡാ. അവിടെ ഇപ്പോഴും സെന്റ് ജോര്‍ജിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ദൈവാലയമുണ്ട്.

സെന്റ് ജോര്‍ജിനെക്കുറിച്ചു ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ രേഖ 368-ലെ ഒരു ഗ്രീക്ക് ശിലാലിഖിതമാണ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”വിശുദ്ധരുടെയും വിജയികളായ രക്തസാക്ഷികളായ ജോര്‍ജിന്റെയും കൂട്ടാളികളുടെയും ആലയം അല്ലെങ്കില്‍ പള്ളി.”

രക്തസാക്ഷിയില്‍ നിന്ന് വിശുദ്ധ പോരാളിയിലേക്ക്

ധീരനായ രക്തസാക്ഷി എന്നതില്‍ നിന്നും വിശുദ്ധ പോരാളി എന്ന പേരിലേക്ക് സെന്റ് ജോര്‍ജിനെ മാറ്റിയതില്‍ കുരിശുയുദ്ധ പോരാളികള്‍ക്ക് വലിയ പങ്കുണ്ട്. സെന്റ് ജോര്‍ജ് വ്യാളിയെ പരാജയപ്പെടുത്തുന്നത് പ്രതീകാത്മകമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. കുരിശുയുദ്ധത്തില്‍ പോരാടാന്‍ സെന്റ് ജോര്‍ജിന്റെ ധീരതയും മാതൃകയും അവരെ ഏറെ സഹായിച്ചു. ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് ഒന്നാമന്‍ ‘എല്ലാ പടയാളികളുടെയും സംരക്ഷന്‍’ എന്ന പേര് സെന്റ് ജോര്‍ജിനു നല്‍കി. 1348-ല്‍ എഡ്വേര്‍ഡ് മൂന്നാമന്‍ രാജാവ് ‘ഓര്‍ഡര്‍ ഓഫ് ദി നൈറ്റ്‌സ് ഓഫ് സെന്റ് ജോര്‍ജ്’ സ്ഥാപിച്ചു എന്നുമാത്രമല്ല, മധ്യകാലഘട്ടത്തിലെ പല ഇതിഹാസരചനകള്‍ക്കും സെന്റ് ജോര്‍ജ് പ്രചോദനമായി മാറി.

സെന്റ് ജോര്‍ജിനോടുള്ള ഭക്തി

നാലാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെ ജനങ്ങള്‍ക്കിടയില്‍ ലോകമെമ്പാടും സെന്റ് ജോര്‍ജിനോടുള്ള ഭക്തിയും ആദരവും വലിയതോതിലുണ്ട്. മറ്റു പല വിശുദ്ധാത്മാക്കളോടുമുള്ളതിനേക്കാള്‍ ഭയവും ഈ വിശുദ്ധനോട് ഭക്തര്‍ക്കുണ്ട്. പ്രഭുക്കന്മാരുടെയും പട്ടാളക്കാരുടെയും അമ്പെയ്ത്തുകാരുടെയുമൊക്കെ മധ്യസ്ഥനാണ് സെന്റ് ജോര്‍ജ്. പ്ലേഗ്, കുഷ്ഠരോഗം, വിഷസര്‍പ്പങ്ങള്‍ എന്നിവയാല്‍ മനുഷ്യര്‍ വലയുമ്പോള്‍ അവര്‍ സെന്റ് ജോര്‍ജിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നു.

1969-ല്‍ കത്തോലിക്കാസഭയുടെ ലത്തീന്‍ ലിറ്റര്‍ജിക്കല്‍ കലണ്ടറില്‍ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ ‘ഓപ്ഷണല്‍ മെമ്മോറിയല്‍’ (Optional Memorial) ആക്കിമാറ്റിയിരുന്നു. പക്ഷേ, ഇതൊന്നും വിശുദ്ധനോ ടുള്ള ആളുകളുടെ ഭക്തിക്ക് യാതൊരു കുറവുമുണ്ടാക്കിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവാലയങ്ങളില്‍ സെന്റ് ജോര്‍ജിന്റെ തിരുശേഷിപ്പുകള്‍ വണങ്ങപ്പെടുകയും തിരുനാളുകള്‍ പൂര്‍വാധികം ഭക്തിയോടെ ആചരിക്കപ്പെടുകയും ചെയ്യുന്നു.

പാശ്ചാത്യസഭയിലും പൗരസ്ത്യസഭകളിലും

പാശ്ചാത്യസഭയിലും പൗരസ്ത്യസഭകളിലും ഒരുപോലെ ഓര്‍മ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധനാണ് ജോര്‍ജ്. ഇംഗ്ലണ്ട്, ജോര്‍ജിയ എന്നീ രാജ്യങ്ങളുടെ സംരക്ഷകവിശുദ്ധനാണ് സെന്റ് ജോര്‍ജ്. സ്‌പെയിന്‍, പോര്‍ത്തുഗല്‍, ബ്രസീല്‍, റഷ്യ, ബള്‍ഗേറിയ, ബോസ്‌നിയ, മോണ്ടേനേഗ്രോ, സെര്‍ബിയ എന്നിവിടങ്ങളിലും സെന്റ് ജോര്‍ജിനോട് വലിയ ഭക്തിയാണുള്ളത്. ലെബനീസ് ക്രിസ്ത്യാനികളുടെയും പാലസ്തീന്‍ ക്രിസ്ത്യാനികളുടെയും സിറിയന്‍ ക്രിസ്ത്യാനികളുടെയും മധ്യസ്ഥനാണ് ഈ വിശുദ്ധന്‍.

സെന്റ് ജോര്‍ജ് ക്രോസ്

ഈ വിശുദ്ധന്റെ പേരില്‍ പ്രസിദ്ധമായിരിക്കുന്ന ഒരു കുരിശുണ്ട്. വെളുത്ത പ്രതലത്തിലുള്ള ചുമന്ന കുരിശാണിത്. മധ്യകാലഘട്ടം മുതലാണ് ഈ കുരിശ് പ്രസിദ്ധമായത്. ജനോവയിലാണ് ഇതിന്റെ തുടക്കമെന്നും പറയപ്പെടുന്നു. ബ്രിട്ടന്റെ പതാകയില്‍ സെന്റ് ജോര്‍ജ് കുരിശ് നമുക്കു കാണാം.

പതിനാല് വിശുദ്ധരായ സഹായികളില്‍ ഒരാള്‍

പതിനാല് വിശുദ്ധരായ സഹായികളില്‍ ഒരാളാണ് സെന്റ് ജോര്‍ജ്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങളില്‍ ‘കറുത്ത മരണം’ (The Black Death) എന്ന പ്ലേഗ്, യൂറോപ്പിനെ കീഴടക്കിയപ്പോള്‍ 50 ദശ ലക്ഷം ജനങ്ങള്‍ മരണമടഞ്ഞു. അതായത്, അന്നത്തെ ജനസംഖ്യയുടെ ഏകദേശം 60 ശതമാനത്തോളം ജനങ്ങളെ യൂറോപ്പിനു നഷ്ടമായി. ആ കാലഘട്ടത്തില്‍ പ്ലേഗില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികള്‍ പതിനാല് വിശുദ്ധരായ സഹായികളോട് (Fourteen Holy Helpers) മാധ്യസ്ഥ്യം തേടാന്‍ ആരംഭിച്ചു. ജര്‍മ്മനിയിലാണ് പതിനാല് വിശുദ്ധരോടുള്ള ഭക്തി ആരം ഭിച്ചത്.

1. വി. ഗീവര്‍ഗീസ്, 2. വി. ബ്ലെയ്‌സ്, 3. വി. എറാസ്മൂസ്, 4. വി. പന്തലിയോണ്‍, 5. വി. വീത്തൂസ്, 6. വി. ക്രിസ്റ്റഫര്‍, 7. വി. ഡെന്നീസ്, 8. വി. സിറിയാക്കൂസ്, 9. വി. അക്കേഷ്യസ്, 10. വി. യുസ്റ്റേസ്, 11. വി. ഗൈല്‍സ്, 12. അന്ത്യോക്യായിലെ വി. മര്‍ഗരീത്താ, 13. വി. ബാര്‍ബറ, 14. അലക്‌സാണ്ട്രിയായിലെ വി. കത്രീന എന്നിവരാണ് ആ 14 വിശുദ്ധ സഹായികള്‍.

കേരളത്തില്‍

വിശ്വാസികള്‍ ഏറ്റവുമധികം മധ്യസ്ഥത തേടി പ്രാര്‍ഥിക്കുന്ന വിശുദ്ധരിലൊരാളാണ് സെന്റ് ജോര്‍ജ്. അരുവിത്തുറ, പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി തുടങ്ങിയ ദൈവാലയങ്ങളിലെ വിശുദ്ധന്റെ തിരുനാള്‍ പ്രസിദ്ധങ്ങളാണ്. അനേകലക്ഷം ആളുകളാണ് ഈ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഓരോ വര്‍ഷവും എത്തുന്നത്.

സെന്റ് ജോര്‍ജിന്റെ ജീവിതവും രക്തസാക്ഷിത്വവും അദ്ദേഹത്തെക്കുറിച്ചു പറയപ്പെടുന്ന പാരമ്പര്യകഥകളും ലോകത്തോടു മന്ത്രിക്കുന്നത് ഒരോയൊരു സന്ദേശമാണ്. ‘അന്തിമവിജയം നന്മയ്ക്കാണ്’ എന്നതാണത്. തിന്മയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒറ്റയ്ക്കു വിജയിക്കാന്‍ സാധിക്കില്ലായെന്നും നമ്മള്‍ ഓര്‍മ്മിക്കണം. സെന്റ് ജോര്‍ജിന് വ്യാളിയെ കൊല്ലാന്‍സാധിച്ചത് ദൈവത്തിന്റെ സഹായം ലഭിച്ചതുകൊണ്ടാണ്; ദൈവം അദ്ദേഹത്തിലൂടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. അതുപോലെ ദൈവം നമ്മിലൂടെയും പ്രവര്‍ത്തിക്കട്ടെ. ദൈവവും ദൈവപുത്രനും പരിശുദ്ധാത്മാവും നമ്മുടെ കൂടെയുള്ളപ്പോള്‍ അന്തിമവിജയം നമുക്കായിരിക്കും; പിശാചിനായിരിക്കില്ല. സെന്റ് ജോര്‍ജ് നമുക്കു നല്‍കുന്ന ഏറ്റവും വലിയ പാഠം അതാണ്.

ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.