പള്ളീലച്ചന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിന്‍സെന്റ് വാരിയത്തച്ചന്‍ എഴുതിയ ‘പള്ളീലച്ചന്‍’ എന്ന പുസ്തകം എല്ലാ വൈദികരും വായിച്ചിരുന്നെങ്കില്‍…

വൈദിക വിദ്യാര്‍ത്ഥിയായി സെമിനാരിയില്‍ ചേരുന്ന കാലം മുതല്‍ നിത്യതയിലേക്ക് യാത്രയാകുന്ന നിമിഷം വരെ ഒരു വൈദികന്‍ കടന്നുപോകുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ സമന്വയമാണ് ഈ ഗ്രന്ഥം. ഇതില്‍ വാര്‍ദ്ധക്യം എങ്ങനെ അനുഗ്രഹപ്രദമാക്കാം എന്ന ആശയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ‘വാര്‍ദ്ധക്യം എന്നത് ഇതുവരെ ഒരാള്‍ നടന്ന ജീവിതത്തിന്റെ അവസാന കുറിമാനമാണ്. ഒരാള്‍ തന്റെ ജീവിതപുസ്തകം നന്ദിയോടെ വായിക്കേണ്ട ദിനങ്ങള്‍.’

ഈ വരികള്‍ കുറിച്ച ശേഷം ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ ഒരു കുറിപ്പ് കൂടെ അച്ചന്‍ രേഖപ്പെടുത്തുന്നുണ്ട്: ‘ഒരാള്‍ സ്വന്തം കണ് ണുകൊണ്ട് ജീവിതം നോക്കിവായിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ നേട്ടങ്ങളും വീഴ്ചകളും മാത്രമേ കാണുകയുള്ളൂ. എന്നാല്‍ കര്‍ത്താവിന്റെ കണ്ണുകളിലൂടെ വായിക്കുമ്പോള്‍ മാത്രമേ ജീവിതത്തിലെ ദൈവിക ഇടപെടലുകള്‍ തിരിച്ചറിയാന്‍ കഴിയൂ.’

അതു തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും പറയുന്നത്; ‘Holines means letting God to write your history…. നിന്റെ ജീവചരിത്രം എഴുതാന്‍ ദൈവത്തെ അനുവദിക്കുന്നതാണ് വിശുദ്ധി.’

കോവിഡിന്റെ രണ്ടാം വ്യാപനം ലോക്ക് ഡൗണിലേക്ക് വഴിതെളിക്കുന്ന ഈ ദിനങ്ങളില്‍ ഭീതിയുടെയും നിരാശയുടെയും പിടിയിലമരാതെ പ്രത്യാശയോടു കൂടി ജീവിതത്തെ നോക്കിക്കാണാന്‍ പരിശ്രമിക്കാം. വൃദ്ധനായൊരു വൈദികന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ, ‘ഇത്രയും നാള്‍ കൂടെ നടന്ന ദൈവം ഈ അവസ്ഥയില്‍ നമ്മെ കൈവിടുമെന്ന് കരുതുന്നുവോ?’ എന്ന ചോദ്യം വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കട്ടെ.

തന്റെ വേര്‍പാടില്‍ ദു:ഖാര്‍ത്തരാകുന്ന ശിഷ്യരോട് ക്രിസ്തു പറഞ്ഞ വാക്കുകളും പ്രത്യാശയുടേതായിരുന്നു:
“ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും” (യോഹ. 15:26).

അവിടുന്ന് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട് ജീവിതപ്രതിസന്ധികള്‍ക്കു മുകളില്‍ ചിറകടിച്ചുയരാന്‍ ഏവര്‍ക്കും കഴിയട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.