എന്റെ അമ്മയും നിങ്ങളുടെ അമ്മയും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുഞ്ഞുങ്ങളുമായി അങ്ങനെ ചില കളികളില്‍ നമ്മളും ഏര്‍പ്പെട്ടിട്ടുണ്ടാകും. അമ്മയുടെ അടുത്തുചെന്ന് കുഞ്ഞിനോട് നമ്മള്‍ പറയും; ‘ഇതെന്റെ അമ്മയാ…’ അപ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച്: ‘അല്ല… ഇത് എന്റെ അമ്മയാ…’ എന്നായിരിക്കും കുഞ്ഞിന്റെ മൊഴിമുത്ത്. അല്പം കഴിയുമ്പോള്‍ കളി കാര്യമാകും. വലിയ വായില്‍ കരഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് കുഞ്ഞ് തുടരും: ‘ഇത് എന്റെ അമ്മയാ… ഞാനാര്‍ക്കും തരൂല്ലാ…’ അതോടുകൂടി കുഞ്ഞിന് അമ്മയെ തിരിച്ചുനല്‍കി കളിയിലേര്‍പ്പെട്ടവര്‍ പിന്തിരിയും.

ഈ കളിക്ക് ഒരു രണ്ടാം ഭാഗമുണ്ട്. അത് ആരംഭിക്കുന്നത് ഇതേ അമ്മയ്ക്ക് പ്രായമാകുമ്പോഴാണ്. അപ്പോള്‍ മക്കള്‍ തമ്മില്‍ പറയുന്ന ഡയലോഗ് മറ്റൊന്നായിരിക്കും: ‘ഇത് എന്റെ മാത്രം അമ്മയല്ല; നിന്റെ കൂടി അമ്മയാണ്. അതുകൊണ്ട് കുറച്ചുനാള്‍ നീ കൊണ്ടുപോയി നോക്കിക്കൊള്ളൂ.’

കുഞ്ഞുമനസിന്റെ നിഷ്‌കളങ്കത നഷ്ടപ്പെടുന്നതോടെ ബന്ധങ്ങളുടെ ഊഷ്മളതയും കുറയുന്നു എന്നത് സത്യമല്ലേ? “സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു” (മത്തായി 11:25) എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ ബന്ധങ്ങളിലുള്ള ആത്മാര്‍ത്ഥതയും ആഴവുമെല്ലാം കുറഞ്ഞുവോ എന്ന് പരിശോധിക്കാം. വെളിപാട് ഗ്രന്ഥത്തിലെ ആ ഓര്‍മ്മപ്പെടുത്തല്‍ കൂടി കുറിച്ച് അവസാനിപ്പിക്കാം, “നിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം അതിന്റെ സ്ഥലത്തു നിന്നു നീക്കിക്കളയുകയും ചെയ്യും” (വെളി. 2:4-5).

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.