നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: 43-ാം ദിനം – വി. പത്താം പീയൂസ്

“സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന സ്വീകരണം” – വി. പത്താം പീയൂസ് (1835-1914).

ഇറ്റലിയിലെ വെനീസിനു സമീപമുള്ള റീസേ എന്ന ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില് ജിയോവാന്നി സാര്ത്തോയുടെയും മാര്ഗരറ്റിന്റെയും പത്തു മക്കളില് മൂത്തവനായി 1835 -ൽ ജോസഫ് സാര്ത്തോ ജനിച്ചു. വൈദികനാകണം എന്നതായിരുന്നു ജോസഫിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം.

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1858 -ൽ പുരോഹിതനായി. കുമ്പസാരക്കൂട്ടിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും അതീവതൽപരനായിരുന്നു ജോസഫച്ചൻ. 1884 -ല്‍ മാണ്ടുവായിലെ മെത്രാനായ ജോസഫച്ചൻ 1892 -ല് വെനീസിന്റെ പാത്രിയാര്ക്കീസ് ആയി നിയമിതനായി. 1903 ജൂലൈ മാസത്തിൽ ലിയോ പതിമൂന്നാമന് മാര്പാപ്പ കാലം ചെയ്തു. പുതിയ മാര്പാപയെ തെരെഞ്ഞെടുക്കുന്നതിനായി കൂടിയ കർദ്ദിനാളുമാരുടെ കോൺക്ലേവിൽ ജോസഫ് സാർത്തോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. 1903 ആഗസ്റ്റ് മാസം ഒൻപതാം തീയതി പത്താം പിയൂസ് എന്ന നാമം സ്വീകരിച്ച് പത്രോസിന്റെ പിന്ഗാമിയായി ചുമതലയേറ്റു.

സഭാമക്കള്ക്ക്‌ അനുദിന ദിവ്യകാരുണ്യസ്വീകരണത്തിനുള്ള അനുവാദം നല്കിയത് വി. പത്താം പിയൂസ് മാര്പാപ്പയാണ്. 1914 ആഗസ്റ്റ് മാസം ഇരുപതാം തീയതി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1954 മെയ് 29 -ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ പത്താം പീയൂസ് മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. പത്താം പീയൂസിനോപ്പം പ്രാർത്ഥിക്കാം…

വി. പത്താം പീയൂസേ, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ പുണ്യദിനത്തിൽ ദിവ്യകാരുണ്യഭക്തിയിൽ വളരാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.