ലത്തീൻ  ജൂൺ 13  മത്താ 5:17-19″ നിയമങ്ങളുടെ പൂർണ്ണത “

” നിയമങ്ങൾ അസാധുവാക്കാനല്ല ……. മറിച്ചു പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്… (വാക്യം 17) 

രാഷ്‌ട്രീയ നിയമങ്ങൾ എപ്പോഴും ധാര്‍മ്മിക നിയമങ്ങൾ  ആകണമെന്നില്ല. ഉദാഹരണത്തിന്, വധശിക്ഷ ചില രാജ്യങ്ങളിൽ നിയമാനുസ്രതമായിരിക്കാം, എന്നു കരുതി അത് ധാര്‍മ്മികമാണെന്ന് അർത്ഥമില്ല. രാഷ്‌ട്രീയ നിയമങ്ങൾ പൗരാവകാശങ്ങളുമായി ബന്ധപെട്ടതെങ്കിൽ ധാർമ്മിക നിയമങ്ങൾ ആത്മാവിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. രാഷ്‌ട്രീയ നിയമങ്ങളുടെ ലംഘനം ഒരു കുറ്റകൃത്യമായി കണക്കാക്കപെടുമ്പോൾ  ധാർമ്മിക നിയമങ്ങളുടെ  ലംഘനം പാപമാണ്.

പൗരബന്ധങ്ങളിൽ നിന്നും രാഷ്ട്രനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും  രാഷ്‌ട്രീയ നിയമങ്ങൾ ഉടലെടുക്കുന്നുവെങ്കിൽ ധാർമ്മിക നിയമങ്ങൾ ഉടലെടുക്കുന്നത് ദൈവത്തിൻ്റെ സ്വഭാവത്തിൽ നിന്നുമാണ്. അതിനാൽ ദൈവിക സ്വഭാവത്തിൻ്റെ പ്രകാശനമാണ്. ഉദാഹരണത്തിന്, ദൈവം “സ്നേഹം” ആയതിനാൽ പരസ്‌പരം സ്നേഹിക്കുക എന്ന കൽപ്പന അഥവാ ധാർമ്മിക നിയമം നൽകപ്പെട്ടിരിക്കുന്നു (1 യോഹ. 4:8). പരസ്‌പരം ക്ഷമിക്കുവാൻ കൽപ്പിച്ചു, കാരണം ദൈവം കരുണയാണ്. അപ്പോൾ, ധാർമ്മിക നിയമങ്ങൾക്ക് ദൈവിക സ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ക്ഷമ എന്നിവ നഷ്ടപ്പെടുന്നുവോ അപ്പോൾ അവ അപൂർണ്ണങ്ങളായ് മാറുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമങ്ങൾ അസാധുവാക്കാനല്ല , മറിച്ചു പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് യേശു പ്രഖ്യാപിക്കുന്നത്.

എല്ലാ അധികാരങ്ങളുടെയും നാഥനായ ദൈവത്തിൻ്റെ സ്വഭാവങ്ങളായ  സ്നേഹം, കാരുണ്യം, ക്ഷമ എന്നിവ ഉൾകൊള്ളുന്ന നിയമങ്ങൾക്ക് മാത്രമേ പൂർണ്ണതയുള്ളു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ