കോട്ടയം അതിരൂപതാ അത്മായ സംഘടനാ നേതൃസംഗമം സംഘടിപ്പിച്ചു

കോവിഡ്‌ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച്‌ ഇടവക കേന്ദ്രീകൃതമായി നടപ്പിലാക്കാന്‍ പറ്റുന്ന പ്രവര്‍ത്തനസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളുടെ നേതൃസംഗമം സംഘടിപ്പിച്ചു.

ഓണ്‍ലൈനായി സംഘടിപ്പിച്ച സംഗമത്തില്‍ അതിരൂപതാ വികാരി ജനറാളും കെ.സി.സി, കെ.സിഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ വിഷയാവതരണം നടത്തി. കോവിഡ്‌ പശ്ചാത്തലത്തില്‍ കെ.സി.സി നടപ്പിലാക്കുന്ന കോവിഡ്‌ പ്രതിരോധ കര്‍മ്മരേഖയും കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും കര്‍മ്മരേഖകള്‍ പ്രകാശനം ചെയ്‌തു.

കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര കെ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. കെ.സിഡബ്ല്യു.എയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ്‌ ലിന്‍സി രാജനും അവതരിപ്പിച്ചു. അതിരൂപതയിലെ ടാസ്‌ക്ക്‌ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴി, പ്രസിഡന്റ്‌ ലിബിന്‍ പാറയില്‍ എന്നിവര്‍ വിശദീകരിച്ചു. അതിരൂപതാ ഹെല്‍ത്ത്‌ കമ്മീഷന്‍ കോവിഡ്‌ കാലത്തു നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ഡോ. ബിനു കുന്നത്ത്‌ വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറിമാരായ ബിനോയി ഇടയാടിയില്‍, ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ സംസാരിച്ചു. കോവിഡ്‌ മഹാമാരിയെ അതിജീവിക്കാനുള്ള നൂതന കര്‍മ്മപദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി. കെ.സി.സി, കെ.സി.ഡബ്ല്യു.എ സംഘടനകളുടെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗങ്ങളും യൂണിറ്റ്‌ ഭാരവാഹികളുംഫൊറോന ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.