അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നത്

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിള്‍ വായനയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പകര്‍ച്ചവ്യാധി കാലത്ത് നാലില്‍ ഒരാള്‍ വീതം കൂടുതലായി ബൈബിള്‍ വായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.

2019-ല്‍ 16.9 കോടി അമേരിക്കക്കാര്‍ ബൈബിള്‍ വായിച്ചപ്പോള്‍ 18.1 കോടിയാണ് കഴിഞ്ഞ വര്‍ഷം ബൈബിള്‍ തുറന്നത്. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 12% ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് 16% പേരും സമ്മതിച്ചതായി ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34% തങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുണ്ടെന്ന് സമ്മതിച്ചു. അന്‍പതു ശതമാനത്തോളം പേര്‍ പറഞ്ഞത്, വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും തങ്ങള്‍ ബൈബിള്‍ വായിക്കാറുണ്ടെന്നാണ്. മുന്‍വര്‍ഷത്തേതിന് സമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ ബൈബിള്‍ വായന എന്ന് പറഞ്ഞവരുടെ എണ്ണം അറുപത്തിമൂന്നു ശതമാനമാണ്. ഇതേ കാലയളവില്‍ തങ്ങള്‍ കൂടുതലായി ബൈബിള്‍ വായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചവര്‍ ഇരുപത്തിനാലു ശതമാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.