കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി ക്രിസ്തുമസ് ആഘോഷിക്കാം, ഈ മാർഗ്ഗങ്ങളിലൂടെ

ഒരു പകർച്ചവ്യാധിയുടെ കാലത്തിലൂടെയാണ്‌ ക്രിസ്തുമസ് കടന്നുപോകുന്നത്. എങ്കിൽത്തന്നെയും അവയൊന്നും ക്രിസ്തുമസിന്റെ ചൈതന്യത്തിൽ വളരുന്നതിൽ നിന്ന് നമ്മെ പിന്നോട്ട് വലിച്ചിട്ടില്ല. നോമ്പെടുത്തും ചെറിയ ചെറിയ ത്യാഗങ്ങളിലൂടെയും നാം ഈശോയുടെ ജനനത്തിനായി ഒരുങ്ങുകയായിരുന്നു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അധികം യാത്രകളും വലിയ ഒത്തുചേരലുകളും സാധ്യമല്ലാത്ത ഈ സാഹചര്യത്തിൽ സുരക്ഷിതമായി ക്രിസ്തുമസ് ആചരിക്കുന്നതിനുള്ള ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. ഭവനങ്ങളിൽ ആയിരിക്കാം

കോവിഡിന്റെ സാഹചര്യത്തിൽ നമുക്ക് നമ്മുടെ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ക്രിസ്തുമസ് ആചരിക്കാം. ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും. കുടുംബത്തിൽ സ്വന്തം കുടുംബാംഗങ്ങളോടൊപ്പം ആയിരുന്നുകൊണ്ടും ദിവ്യബലിയിൽ പങ്കെടുത്തും നമുക്ക് ക്രിസ്തുമസ് ആചരിക്കാം. കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുന്ന അപൂർവ്വനിമിഷങ്ങളിൽ ഒന്നായി മാറട്ടെ ഈ ക്രിസ്തുമസ്.

2. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ ആധുനിക മാധ്യമങ്ങളുടെ സഹായം തേടാം

നമ്മുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ തുങ്ങിയവരെ ഫോണിലോ, വീഡിയോ കോൾ മുഖേനയോ ബന്ധപ്പെടാം. കൂടുതൽ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. നാം കാരണം ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ നോക്കണമല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ അതാവും നല്ലത്. കാരണം, നാം ചെല്ലുന്ന ഇടങ്ങളിൽ കുഞ്ഞുകുട്ടികളും പ്രായമായ ആളുകളും ഒക്കെ ഉണ്ടാകം. നമ്മെ മാത്രമല്ല, മറ്റുള്ളവരെ കൂടെ രോഗത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള കടമയും നമുക്കുണ്ട്.

3. നിർദ്ദേശങ്ങൾ പാലിക്കാം

ക്രിസ്തുമസ് ദിനത്തിൽ കഴിയുന്നവരൊക്കെ ദൈവാലയത്തിലും മറ്റും പോകുവാൻ ശ്രമിക്കും, അത് നല്ലതാണ്. എങ്കിൽത്തന്നെയും ദൈവാലയത്തിലും മറ്റും അധികാരികൾ നൽകുന്ന സുരക്ഷാമാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ദൈവാലയത്തിനുള്ളിൽ സുരക്ഷിതമായ അകലമിട്ടു നിൽക്കുക, നിർബന്ധമായും മാസ്ക് ധരിക്കുക, സാനിട്ടൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ ദൈവാലയത്തിൽ പോകാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കര്‍ശനമായും പാലിക്കണം.

4. ആശംസകൾ വാക്കുകളില്‍ ഒതുക്കാം

കഴിഞ്ഞ വർഷങ്ങളിൽ നാം ആശംസകൾ കൈമാറിയിരുന്നത് ഹസ്തദാനത്തിലൂടെയും ആലിംഗനത്തിലൂടെയും ഒക്കെ ആയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ തല്‍ക്കാലം അത് ഒഴിവാക്കാം. വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും ആശംസകൾ കൈമാറാം. കോവിഡ് പകർച്ചവ്യാധി മാറുന്നതുവരെയെങ്കിലും ഈ ഒരു രീതി തുടരുന്നത് നല്ലതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.