കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരു വ്യക്തി തന്റെ ജീവിതം ആരംഭിക്കുന്നത് കുടുബത്തിൽ നിന്നുമാണ്. അവിടെ നിന്നാണ് അയാളുടെ വ്യക്തിത്വം രൂപപ്പെടുന്നതും. അതിനാൽ സന്തോഷവും സമാധാനപ്രദവുമായ ഒരു കുടുംബം കെട്ടിപ്പടുക്കുക എന്നത് വളരെ അത്യാവശ്യ കാര്യമാണ്. കുടുംബത്തിൽ നിന്നും നല്ല ശീലങ്ങൾ അഭ്യസിക്കുന്നത് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാന്‍ സഹായിക്കുന്നു. സന്തോഷപ്രദമായ ഒരു കുടുംബം രൂപീകരിക്കുവാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ഏവയെന്ന് പരിശോധിക്കാം.

1. ക്രിസ്തുവിന്റെ മനോഭാവത്തെ അനുകരിക്കുക

നമ്മുടെ വീട്ടിലുള്ള അംഗങ്ങളെ കാണുന്ന രീതിയിൽ മാറ്റമുണ്ടായാൽ കാഴ്ചപ്പാടിലും മാറ്റമുണ്ടാകും. അതിന് ക്രിസ്തുവിന്റെ മനോഭാവത്തെ ഉൾക്കൊള്ളേണ്ടത് വളരെ ആവശ്യമാണ്. കുറച്ചുകൂടി വാത്സല്യത്തോടും സ്നേഹത്തോടും കാരുണ്യത്തോടും കൂടെ ജീവിതപങ്കാളിയെയും മക്കളെയും പരിഗണിച്ചാല്‍ നമ്മുടെ കുടുംബം കൂടുതൽ സന്തോഷപ്രദമാകും.

2. സന്തോഷപ്രദമല്ലാത്ത വിഷയങ്ങൾ ഒഴിവാക്കുക

വീട്ടിൽ എല്ലാവരും ഒന്നിച്ചുകൂടുന്ന സമയങ്ങളിൽ കുടുംബാംഗങ്ങൾക്ക് സന്തോഷം നല്‍കാത്ത വിഷയങ്ങൾ സംസാരിക്കാതിരിക്കുക; പ്രത്യേകിച്ച് ഭക്ഷണസമയങ്ങളിൽ. സ്‌കൂളിൽ മാർക്ക് കുറഞ്ഞതിനെക്കുറിച്ചും അന്നേദിവസം സംഭവിച്ച കുറവുകളെക്കുറിച്ചും/ പാളിച്ചകളെക്കുറിച്ചും സംസാരിക്കാതിരിക്കുക. പരസ്പരമുള്ള സ്നേഹബന്ധം നഷ്ടപ്പെടാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതു മൂലം ഇടവരാം.

3. ഒരുമിച്ചു പ്രാർത്ഥിക്കുക

എല്ലാ ദിവസവും കുടുംബാംഗങ്ങൾ ഒന്നിച്ച് കുറച്ചുസമയം പ്രാർത്ഥനയിൽ ചിലവഴിക്കുന്നത് കുടുംബത്തിന്റെ കെട്ടുറപ്പിന് സഹായകരമാണ്. സ്നേഹബന്ധത്തിൽ വിള്ളലുകലുണ്ടാകുമ്പോൾ ജീവിതപങ്കാളിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതും നല്ലതാണ്.

4. എല്ലാ ദിവസവും കുറച്ചുസമയം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുക    

വീട്ടിലെ ഓരോ അംഗത്തോടൊപ്പം ചിലവഴിക്കാനും എല്ലാ ദിവസവും കുറച്ചുസമയം മാറ്റിവയ്ക്കുക. വ്യക്തിപരമായി അവർക്കുവേണ്ടി തിരഞ്ഞെടുക്കുന്ന ആ സമയം ഒരിക്കലും ഒരു നഷ്ടമല്ല. ഈ രീതിയിൽ പെരുമാറുമ്പോൾ നിങ്ങൾ അവരെ വിലമതിക്കുന്നു എന്ന വിശ്വാസം അവരിൽ ദൃഢമാകുന്നു.

5. പരസ്പരം പ്രോത്സാഹിപ്പിക്കുക

ചെറിയ കാര്യങ്ങൾക്കുപോലും പരസ്പരം കൊടുക്കുന്ന പ്രോത്സാഹങ്ങൾ കുടുംബബന്ധങ്ങളെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും. മക്കളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കാൻ അത് സഹായിക്കും. ജീവിതപങ്കാളിയുമായുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാക്കും. വീട് സ്വർഗ്ഗതുല്യമായി മാറും.

6. എല്ലാറ്റിനും പരസ്പരം നന്ദി പറഞ്ഞു ശീലിക്കുക

നന്ദി പറഞ്ഞു ശീലിക്കാൻ തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്നു തന്നെയാണ്. കുട്ടിക്കാലം മുതലേ ആ ശീലം മക്കളിൽ വളർത്തുവാൻ ശ്രദ്ധിക്കുക. നല്ല വ്യക്തിത്വമുള്ളവരാകുവാൻ അത് അവരെ സഹായിക്കും. ചെറിയ കാര്യങ്ങളിൽ പോലും നന്ദിയുള്ള മനോഭാവത്തോടെ ജീവിക്കുവാൻ അത് ഉപകരിക്കും. കുടുംബാംഗങ്ങൾ തമ്മിൽത്തമ്മിലും ഈ ശീലം പ്രാവർത്തികമാക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.