വിവാഹിതര്‍ക്ക് എങ്ങനെ ഒരു നല്ല മിഷനറിയാകാം

ഈ ഒക്ടോബർ മാസം മിഷൻ മാസമായിട്ടാണ് അറിയപ്പെടുന്നത്. മിഷനറിയാകാനുള്ള വിളി ലഭിച്ചിരിക്കുന്നത് സന്യസ്തർക്കും വൈദികർക്കും മാത്രമല്ല, ഒരു മിഷനറിയായിരിക്കുക എന്നത് ഓരോ ക്രൈസ്തവരുടെയും വിളിയാണ്. വിവാഹജീവിതത്തിൽ കുടുംബത്തിന്റേതായ ഉത്തരവാദിത്വത്തിൽ ജീവിക്കുന്നവർക്ക് എങ്ങനെ ഒരു നല്ല മിഷനറിയാകാം എന്ന് നമുക്ക് പരിശോധിക്കാം.

ജീവിതപങ്കാളിയെ വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ പ്രേരിപ്പിക്കുക എന്നതും, അടിസ്ഥാനപരമായ വിശ്വാസം രൂപപ്പെടുന്ന സ്ഥലമാണ് കുടുംബം എന്ന ബോധ്യത്തിൽ മക്കളെ വളർത്തുവാൻ അവരെ വിശ്വാസപരമായ കാര്യങ്ങൾ പരിശീലിപ്പിക്കുന്നതും ഒരു നല്ല മിഷനറിയുടെ ദൗത്യത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. വിശുദ്ധ ഗ്രന്ഥപാരായണം, വിശുദ്ധ കുർബാന, കൂദാശകൾ, പരസ്നേഹ പ്രവർത്തികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ജീവിക്കുവാൻ പരിശ്രമിക്കുകയും കുടുംബാംഗങ്ങളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുക. അയൽക്കാരോടുള്ള സ്‌നേഹപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്നതും ഒരു നല്ല മിഷൻ ദൗത്യമാണ്. ചുറ്റുപാടുമുള്ള പാവങ്ങൾക്ക് നമ്മളാൽ കഴിയുന്ന സഹായം നൽകുവാൻ സന്നദ്ധരാകുന്നതും വീട്ടിൽ ആയിരുന്നുകൊണ്ടു തന്നെ ഒരു നല്ല മിഷനറിയാനാനുള്ള അവസരമാണ് നൽകുന്നത്.

ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ, ഈ ശ്രേഷ്‌ഠമായ വിളി/ മിഷനറിയാകാനുള്ള വിളി ലഭിച്ചിരിക്കുന്നത് ഒരു അനുഗ്രഹമാണ്. വിളി ലഭിച്ചിരിക്കുന്നത് ദൈവകൃപയുടെ അടയാളമാണ്. അത് ദമ്പതികളെ ശക്തിപ്പെടുത്തുകയും ഒന്നിപ്പിക്കുകയും മാനസാന്തരത്തിലേയ്ക്കു നയിക്കുകയും ലളിതമായ ജീവിതത്തിനും പ്രേരിപ്പിക്കുന്നു. അതുവഴിയായി ക്രിസ്തുവിന്റെ വചനത്തിന്റെ ശക്തി, പരിശുദ്ധാത്മാവിന്റെ ശക്തി, ദൈവസ്നേഹം എന്നിവ അവരുടെ ജീവിതത്തിൽ ഇരട്ടിയാകുന്നു.

അതിനാൽ ഈ മിഷൻ മാസത്തില്‍, വ്യക്തിപരമായി, മിഷനറിയാകാൻ നമുക്ക് ലഭിച്ചിരിക്കുന്ന വിളിയോട് എങ്ങനെ പ്രതികരിക്കാമെന്ന് നമുക്ക് ചിന്തിക്കാം. കുട്ടികൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ, ദരിദ്രർ എന്നിവരോട് പ്രത്യേകം ശ്രദ്ധയുള്ളവരാകാം. ഒപ്പം സഭയുടെ ദൗത്യത്തിൽ പങ്കുചേരുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.