ക്രൈസ്തവരുടെ പ്രാര്‍ത്ഥന എപ്രകാരമായിരിക്കണം

ക്രൈസ്തവ പ്രാര്‍ത്ഥന എന്നത് വെറുതേ ദാനങ്ങള്‍ ലഭിക്കുവാന്‍ വേണ്ടിയുള്ള യാചനയല്ല. അത് ദൈവത്തിന്റെ ഹിതം നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ്. പ്രാര്‍ത്ഥനാജീവിതത്തില്‍ വളരുന്ന ഒരു വ്യക്തി പ്രാര്‍ത്ഥനയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്തുകയും യാചകന്റെ അവസ്ഥയില്‍ നിന്നും ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയും വേണം.

നമ്മുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ദൈവികചിന്തകള്‍ക്ക് അനുസൃതമായിരിക്കണം വെറുതെ കുറെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലവിളിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ക്രൈസ്തവ പ്രാര്‍ത്ഥന എന്നത് പരിശുദ്ധാത്മാവില്‍ പിതാവുമായി ക്രിസ്തുവിലുള്ള സ്‌നേഹകൂട്ടായ്മയാണ്. ഈ കൂട്ടായ്മയില്‍ വസിക്കുന്നവന്‍ ക്രിസ്തു പഠിപ്പിച്ചതു പോലെ പ്രാര്‍ത്ഥിക്കുന്നു, ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ… അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തില്‍ നടപ്പിലാക്കണമേ.’

നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനും നിത്യജീവനും വേണ്ടി ചിലപ്പോള്‍ നാം കുരിശുകള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഈ കുരിശുകള്‍ മാറിപ്പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ഈ കുരിശുകളെപ്രതി ദൈവത്തെ സ്തുതിക്കുമ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്തീയമാകുന്നത്.

“യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കു വേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും” (മത്തായി 16: 24-25). സ്വയം പരിത്യജിച്ചുകൊണ്ട് നമ്മുടെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുകയും അതിലൂടെ ലഭിക്കുന്ന നിത്യരക്ഷയെ പ്രതി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവ പ്രാര്‍ത്ഥന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.