പന്തക്കുസ്താ അനുഭവം

ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെ വിജയപാശ്ചാത്തലം നമ്മിൽ ഏറെ ആവേശമുണർത്തുന്നതാണ്. പ്രതിബന്ധങ്ങൾ കുറച്ചൊന്നുമല്ല അയാൾ യാത്രയിൽ നേരിട്ടത്. പലപ്പോഴും പിന്തിരിഞ്ഞു. വീണ്ടും ശക്തിയോടെ മുന്നേറി. ലണ്ടനിൽ പ്രദർശിപ്പിച്ചിരുന്ന എവറസ്റ്റ് കൊടുമുടിയുടെ മനോഹരമായ ചിത്രം കണ്ട് ഹിലാരി പറഞ്ഞു: “എവറസ്റ്റ്, നീ എന്നെ പരാജയപ്പെടുത്തി. പക്ഷേ, ഞാൻ വീണ്ടും വരും. ഞാൻ നിന്നെ കീഴടക്കും. കാരണം, നിനക്കിനി വളരാനാകില്ല. എനിക്കിനിയും വളരാനാകും” (റോയ് പാലാട്ടി, പെരുവഴിയന്റെ പിന്നാലെ).  അതെ, പരാജയങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ഇനി വളരാനാവില്ല. പക്ഷെ കർത്താവിനോടു ചേർന്നുനിന്നാൽ എനിക്കിനിയും വളരാനാകും, എന്റെ വെല്ലുവിളികളെ കീഴടക്കാനാകും.

ഇന്ന് പെന്തക്കുസ്താ..! എന്റെ പ്രതിബന്ധങ്ങൾക്കും വെല്ലുവിളികൾക്കും മുകളിൽ എന്നെ വളർത്താൻ കർത്താവയച്ച ആത്മാവ് പറന്നിറങ്ങുന്ന ദിവസം. പന്തക്കുസ്താ, ആരാധനാക്രമവത്സരത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. ജീവിതത്തിന്റെ ഒറ്റപ്പെടലിന്റെയും തെറ്റിദ്ധാരണയുടെയും തുരുത്തുകളിൽ ഞാൻ ഏകനാകുമ്പോൾ എന്നെ ബലപ്പെടുത്തുന്ന ശക്തിയാണ്. എന്നെ മുന്നോട്ടു ചലിപ്പിക്കുന്ന താളമാണ്.

പരിശുദ്ധ അമ്മയാണ് പന്തക്കുസ്താ അനുഭവത്തിലേക്ക് ശിഷ്യരെ ഒരുക്കിയത്. ഭയചകിതരായ, പ്രതീക്ഷവറ്റിയ അവരുടെ മനസ്സുകളിൽ കാത്തിരിക്കാനുള്ള ഊർജ്ജം നിറച്ചവൾ. ഇന്ന് അമ്മയോടൊപ്പം ചേർന്നുനിന്നു കൊണ്ട് നമുക്കും പ്രാർത്ഥിക്കാം, ആത്മാവേ പറന്നിറങ്ങണമേ… പ്രാർത്ഥനകൾ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.