തിരുക്കല്ലറയുടെ ദേവാലയം

ക്രിസ്തു കുരിശിൽ തറക്കപ്പെട്ട, അവിടുത്തെ രക്തം വീണു നനഞ്ഞ കാൽവരിമലയും അവിടുന്ന് സംസ്കരിക്കപ്പെട്ട, അവിടുത്തെ ഉത്ഥാനത്തിനു സാക്ഷിയായ തിരക്കല്ലറയും ഉള്ളിലാക്കി പണിയപ്പെട്ട മനോഹരമായ ദേവാലയമാണ് ജെറുസലേമിലെ തിരുക്കല്ലറയുടെ ദേവാലയം. ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായ ഇതുതന്നെയാണ് എല്ലാ ക്രൈസ്തവരുടെയും സ്വപ്നലക്ഷ്യവും.

ഇപ്പോഴുള്ളത്  12-ാം നൂറ്റാണ്ടിൽ കുരിശുയോദ്ധാക്കളാൽ നിർമ്മിതമായ ദേവാലയമാണ്. ഇപ്പോൾ ജറുസലേം പഴയ പട്ടണത്തിന്റെ ഹൃദയഭാഗമായ ഈ സ്ഥലം യേശുവിന്റെ കാലത്ത് ജറുസലെം പട്ടണത്തിന്റെ ചുറ്റുമതിലിനു വെളിയിലായിരുന്നു (ഹെബ്രാ12:13). യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും വേദിയായ ഇവിടം എന്നും ക്രൈസ്തവ തീർഥാടനത്തിന്റെ ലക്ഷ്യകേന്ദ്രമായിരുന്നു. ബാർകൊക്ക്ബ വിപ്ലവം അടിച്ചമർത്തിയ റോമൻ ചക്രവർത്തിയായ ഹഡ്രിയാൻ എ.ഡി. 135-ൽ ഏലിയാ കാപ്പിത്തോലീന(Aelia Capitolina) എന്ന പേരിൽ ജറുസലെം നഗരം പുതുക്കി പണിതപ്പോൾ കാൽവരിയും കല്ലറയും ഉൾപ്പെടുന്ന സ്ഥലം നഗരത്തിനുള്ളിലായി. പക്ഷെ ക്രൈസ്തവർ അവിടെ വന്ന് പ്രാർത്ഥിക്കുന്നതു തടയുന്നതിനായി അദ്ദേഹം കാൽവരിയും കല്ലറയും ഉൾപ്പെടുന്ന സ്ഥലം മണ്ണിട്ടു നികത്തി അവിടെ വീനസ് ദേവിക്കായി ഒരു അമ്പലം നിർമ്മിച്ചു.

ഒന്നര നൂറ്റാണ്ടിലധികം ഈ അവസ്ഥ തുടർന്നു പോന്നു. പിന്നീടു കോൺസ്റ്റന്റൈൻ ചക്രവർത്തി മാനസാന്തരപ്പെട്ട് ക്രിസ്തുമതത്തിലേക്കു പരിവർത്തനപ്പെട്ടതിനുശേഷം എ.ഡി 313-ലെ മിലാൻ വിളമ്പരത്തിലൂടെ മതപീഢനം അവസാനിപ്പിക്കുകയും വിശുദ്ധനാട്ടിൽ ദേവാലയങ്ങൾ പണിയാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം വീനസ് ദേവിയുടെ അമ്പലം പൊളിച്ചു നീക്കി, ആ സ്ഥലം വൃത്തിയാക്കി. പിന്നെ കാൽവരിമലയിലെ കുരിശു നാട്ടപ്പെട്ടഭാഗവും, കല്ലറക്കു ചുറ്റുമുള്ള ഭാഗവുമൊഴിച്ചുള്ള ബാക്കി പാറ മുഴുവൻ മുറിച്ചുനീക്കി, അവിടെ മനോഹരമായ തിരുക്കല്ലറയുടെ ദേവാലയം (Holy Sepulcher Church) നിർമ്മിച്ചു. വിശുദ്ധനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദേവാലയത്തെപ്പറ്റിയുള്ള വിവരണം നാലാം നൂറ്റാണ്ടിലെ തീർഥാടകയായ ഏജെരിയായുടെ യാത്രവിവരണത്തിൽ കാണാനാകും.

കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിച്ച തിരുക്കല്ലറയുടെ ദേവാലയം എ. ഡി. 614-ലെ പേർഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട ഈ ദേവാലയം ഈജിപ്ത് രാജാവായ ഹക്കിം എ. ഡി. 1009-ൽ വീണ്ടും തകർത്തു. കൂടവും ഉളിയും ഉപയോഗിച്ച് തിരുക്കല്ലറ നശിപ്പിക്കാൻ അയാൾ ശ്രമിച്ചെങ്കിലും അതിൽ പൂർണമായും വിജയിച്ചില്ല. ഹക്കിം രാജാവിന് നശിപ്പിക്കാൻ സാധിക്കാതെ പോയ യേശുവിന്റെ തിരുക്കല്ലറയുടെ ഭാഗങ്ങൾ തിരുക്കല്ലറയുടെ ദേവാലയത്തിനകത്തുള്ള എടിക്കുളയാൽ (Aedicule) ഇന്നും സംരക്ഷിക്കപ്പെടുന്നു. ഇവിടമാണ് 2016-ലെ ഒക്ടോബർ മാസത്തിൽ പുനരുദ്ധാരണത്തിനായി തുറക്കപ്പെട്ടത്.

കല്ലിൽ കൊത്തപ്പെട്ട യേശുവിന്റെ കല്ലറയുടെ ഇടതുഭാഗത്തു രണ്ടരമീറ്ററോളം ഉയരത്തിലുള്ള പാറയുടെ ഭാഗവും ശരീരം കിടത്തപ്പെട്ട ഭാഗത്തെ പാറയുടെ പ്രതലവും ഇവിടെ ഇന്നും കാണാനാകും. ഹക്കിം രാജാവ്  തകർത്തുകളഞ്ഞ ദേവാലയം വളരെ ലളിതമായ രീതിയിലാണ് പുനർനിർമ്മിക്കപ്പെട്ടത്. പിന്നീട് കുരിശുയുദ്ധക്കാർ ഇപ്പോൾ കാണുന്ന രീതിയിൽ 12- നൂറ്റാണ്ടിൽ അത് പുതുക്കി നിർമ്മിച്ചു.

തിരുക്കല്ലറയുടെ ദേവാലയത്തിലേക്ക് വലിയ രണ്ടു വാതായനങ്ങളാണ്ഉണ്ടായിരുന്നത്. ആ ഇരട്ടകവാടങ്ങളിലൊന്ന് പിന്നീടു തുർക്കികൾ പതിനഞ്ചാം നൂറ്റാണ്ടിൽ അടച്ചുകളഞ്ഞു.  ഇപ്പോഴുള്ള വാതായനത്തിന്റെ താക്കോൽ തുർക്കി സുൽത്താൻ ഒരു മുസ്ലിം കുടുംബത്തിന്റെ അവകാശമായി നൽകി. ആ കുടുംബത്തിലെ അംഗങ്ങളാണ് ഇന്നും തിരുക്കല്ലറയുടെ ദേവാലയം അടക്കുകയും തുറക്കുകയും ചെയ്യുന്നത്.

കാൽവരിമലയിലേക്കു പ്രദക്ഷിണമായി പ്രവേശിക്കാനായി നിർമ്മിച്ച പടികളും തുർക്കികൾ അടച്ചുകളഞ്ഞു. ദേവാലയത്തിന്റെ വെളിയിൽ പ്രവേശന കവാടത്തോടു ചേർന്ന് വലതുവശത്തായി ഇന്നും ഈ പടികൾ കാണാനാകും. ആ പടികളാവസാനിക്കുന്നതു ഫ്രാങ്കികളുടെ കപ്പേള (Chapel of the Franks) എന്നറിയപ്പെടുന്ന മനോഹരമായ ഒരു ചാപ്പലിലാണ്. പടികളുടെ സമീപം വലുതുഭാഗത്തുള്ള ചെറിയ വാതിൽ എത്യോപ്പ്യൻ ഓർത്തഡോക്സ്‌ സഭയുടെ രണ്ടു കപ്പേളകളിലേക്കുള്ളതാണ്.

തിരുക്കല്ലറയുടെദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുക വലിയൊരു മാർബിൾ സ്ലാബാണ്. സംസ്കരിക്കുന്നതിനു മുൻപു യേശുവിന്റെ ശരീരത്തിൽ തൈലം പൂശിയതിനെ അനുസ്മരിച്ചു (യോഹ 19:40) സ്‌ഥാപിച്ചിരിക്കുന്നതാണിത്. തീർഥാടകർ അതിൽ സുഗന്ധദ്രവ്യങ്ങൾ പുരട്ടി തൂവാലകൾ കൊണ്ടു തുടച്ചെടുക്കുന്നതിനാൽ എവിടെ ഇപ്പോഴും ഹൃദ്യമായ പരിമളം നിറഞ്ഞുനിൽക്കുന്നു.

ദേവാലയത്തിന്റെ ഉള്ളിൽ പ്രവേശന കവാടത്തോടു ചേർന്ന് വലതുവശത്തുള്ള പടികൾ കയറിയാൽ യേശുവിന്റെ കുരിശു നാട്ടിയ കാൽവരിമലയിലെ പാറക്കെട്ടിനു മുകളിലെ മനോഹരമായ ചാപ്പലിലെത്തും. ആ പാറയും അതിൽ യേശുവിന്റെ മരണസമയത്തുണ്ടായ ഭൂമികുലുക്കം സൃഷ്ടിച്ച പിളർപ്പും (മത്താ 27:51) വ്യക്തമായി കാണാവുന്ന രീതിയിൽ കുരിശു നാട്ടപ്പെട്ട സ്ഥലത്തെ അൾത്താരക്ക് ഇരുവശവും ഗ്ലാസ്സുകൾ സ്ഥാപിച്ചിട്ടുണ്ട്. വലതുവശത്തെ രണ്ട് അൾത്താരകൾ യഥാക്രമം യേശുവിനെ കുരിശിൽ തറച്ചതിന്റെയും അവിടുത്തെ ശരീരം മാതാവിന്റെ മടിയിൽ കിടത്തിയതിന്റെയും സ്മരണകളാണ്.

കാൽവരിമലയുടെ കിഴിലുള്ള കപ്പേള ആദാമിന്റെ പേരിലാണ് അറിയപ്പെടുന്നത്. യേശുവിന്റെ കുരിശു നാട്ടപ്പെട്ടതു ആദാമിന്റെ കല്ലറക്കു മുകളിലാണ് എന്നുള്ള യഹൂദ ക്രൈസ്തവ പാരമ്പര്യമാണ് ഇതിനടിസ്ഥാനം. അവിടുത്തെ അൾത്താര അപ്പവും വീഞ്ഞും ബലിവസ്തുക്കളാക്കിയ മെൽക്കിസെദേക്കിന്റെ (Gen 14:18) പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു.

സംസ്കരിക്കുന്നതിനു മുൻപു യേശുവിന്റെ ശരീരത്തിൽ തൈലം പൂശിയതിനെ അനുസ്മരിക്കുന്ന മാർബിൾ സ്ലാബിന്റെയും യേശുവിന്റെ കല്ലറയുൾക്കൊള്ളുന്ന എടിക്കുളയുടെയും ഇടയിൽ കൽത്തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന, എപ്പോഴും തിരികൾ തെളിച്ചു വച്ചിരിക്കുന്ന ചെറിയ ഒരു കപ്പേളയുണ്ട്. ക്രൂശിതനായ യേശുവിനെ നോക്കി അല്പം ദൂരെയായി സ്ത്രീകൾ നിന്ന സ്ഥലമാണിത് (Mt 27: 55-56).

ആദാമിന്റെ കപ്പേളക്കും വി. ഹെലേനയുടെ കപ്പേളക്കുമിടയിൽ യേശു പടയാളികളാൽ പരിഹസിക്കപ്പെട്ടതു (Mt 27:27-31; Mk 15:16-20; Jn 1:,2-3) അനുസ്മരിക്കുന്ന ഒരു കുഞ്ഞു കപ്പേളയുണ്ട് (Chapel of the mocking). ഇവിടുത്തെ അൾത്താരയുടെ കിഴിൽ ചില്ലു കൂട്ടിൽ കാണുന്നത് മുൾമുടി ധരിപ്പിക്കപ്പെട്ടപ്പോൾ യേശു ഇരുന്നതായി പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന കൽത്തൂണിന്റെ ഭാഗമാണ്.

ഈ കപ്പേളയുടെ വലതുവശത്തുള്ള പടികളിറങ്ങിയാൽ വി. ഹെലേനയുടെ കപ്പേളയായി. അർമേനിയൻ ഓർത്തഡോക്സ്‌ സഭയുടെ അവകാശത്തിലുള്ള ഈ ചാപ്പലിൽ അവരുടെ സഭാചരിത്രത്തിൽ നിന്നുള്ള ഭാഗങ്ങൾ മനോഹരമായി ചിത്രീകരിച്ചു വച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന അൾത്താര വി. ഹെലേനയുടെ പേരിലും, ഇടതുവശത്തെ അൾത്താര നല്ലകള്ളനായ ദിസ് മാസിന്റെ (Dismas) പേരിലും സമർപ്പിക്കപ്പെട്ടിരിക്കുന്നു.

വലതുവശത്തുള്ള പടികളിറങ്ങിയാൽ വി. കുരിശു കണ്ടത്തപ്പെട്ട സ്ഥലത്തെ കപ്പേളയിലെത്തും. വി. കുരിശിന്റെ കപ്പേള എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ കപ്പേളയുടെ വലതുവശത്തെ ഭിത്തിയിൽ കല്ലു മുറിച്ചെടുത്ത പാടുകൾ കാണാം. കാൽവരി മലയുടെ പാറയുടെ ഭാഗം തന്നെയാണ് ഇവിടവും. യേശുവിനു മുൻപ് ഇവിടം പട്ടണമതിൽ നിർമിക്കാൻ പാറമുറിച്ചെടുത്തിരുന്ന സ്ഥലമായിരുന്നു. എന്നാൽ കല്ലിനു ആവശ്യമായ ഗുണമില്ലാത്തതിനാൽ ഇവിടം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ രൂപപ്പെട്ട വലിയ പറക്കുഴി മാലിന്യനിക്ഷേപത്തിനു ഉപയോഗിക്കപ്പെട്ടു. അങ്ങനെയാണ് യേശുവിനെ തറച്ച കുരിശും ഇവിടെ ഉപേക്ഷിക്കപെടുന്നതും പിന്നീട് അത് വി. ഹെലേന രാജ്ഞി കണ്ടെത്തുന്നതും. ഹെലേന രാജ്ഞി കുരിശുപിടിച്ചു കൊണ്ടുനിൽക്കുന്ന മനോഹരമായ ഒരു രൂപവും ഈ കപ്പേളയിൽ സ്ഥാപിച്ചിട്ടുണ്ട്.

വി. ഹെലേനയുടെ കപ്പേളയിലേക്കുള്ള പടികളുടെ ഇടതുഭാഗത്തായി രണ്ടു ചെറിയ ചാപ്പലുകൾ കൂടിയുണ്ട്; യേശുവിന്റെ വസ്ത്രങ്ങൾ പടയാളികൾ പങ്കിട്ടെടുത്തതിന്റെ സ്മരണയിലുള്ള ചാപ്പലും (Jn 19:23-25), യേശുവിന്റെ പാർശ്വം കുന്തത്താൽ പിളർന്ന (Jn 19:34) പടയാളിയായ ലോങ്കിനൂസിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ചാപ്പലും. ഇതിൽ ലോങ്കിനൂസിന്റെ ചാപ്പലിന്റെ ഇടതുവശത്തായി പുനരുദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കപ്പേളയുണ്ട്. യേശുവിന്റെ തടവറ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇതിനും ഫ്രാൻസിസ്കൻ സങ്കിർത്തിക്കും ഇടയിലുള്ള ഭാഗത്താണ് കന്യകയുടെ കമാനങ്ങൾ (arches of the virgin) എന്നറിയപ്പെടുന്നസ്ഥലം. പരി. അമ്മ തന്റെ തിരുക്കുമാരന്റെ കല്ലറ സന്ദർശിക്കാൻ വന്നതിന്റെ അനുസ്മരണമുണർത്തുന്നവയാണിത്. നാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ആദ്യ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ഭാഗികമായി ഇവിടെ കാണാം.

ഫ്രാൻസിസ്കൻ സങ്കിർത്തിയോട് ചേർന്നുള്ള വാതിൽ പരി. അമ്മയ്ക്കു ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ട സ്ഥലത്തെ കപ്പേളയിലേക്കുള്ളതാണ്. ഇവിടെ വി. കുർബാന സൂക്ഷിച്ചു വച്ചിട്ടുള്ളതിനാൽ വി. കുർബാനയുടെ കപ്പേള എന്നും ഇതറിയപ്പെടുന്നു. അൾത്താരയുടെ വലതുഭാഗത്തു ഭിത്തിയിൽ ഒരു കൽത്തൂണിന്റെ ഭാഗം സംരക്ഷിച്ചു വച്ചിരിക്കുന്നു. പുരാതനമായ ഒരു പാരമ്പര്യമനുസരിച്ചു ഇത് പീലാത്തോസിന്റെ ഭവനത്തിൽ ചമ്മട്ടി കൊണ്ടടിക്കാൻ യേശുവിനെ കെട്ടിയിട്ട കൽത്തൂണിന്റെ ഭാഗമാണ്.

യേശുവിന്റെ തിരുകല്ലറയുടെ വലതുഭാഗത്തു കത്തോലിക്കാർക്കായുള്ള കുമ്പസാരവേദികൾ സജ്ജീകരിച്ചിരിക്കുന്നു. നേരെ എതിർവശത്തു ഉത്ഥിതൻ മഗ്ദാലനാമാറിയതിനു പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിക്കുന്ന അൾത്താരയാണ് (Jn 20:14-18).

തിരുക്കല്ലറയുടെ പിന്പിൽ യാക്കോബായ സുറിയാനിസഭയുടെ അവകാശത്തിലുള്ള ഒരു കപ്പേളയുണ്ട്. അതിന്റെ വലതുഭാഗത്താണ് അരിമത്തിയാക്കാരൻ യൗസേപ്പിന്റെ കല്ലറ.

തിരുക്കല്ലറയുടെ ദേവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ടഭാഗമാണ് യേശുവിന്റെ തിരുകല്ലറ ഉൾകൊള്ളുന്ന എടിക്കുള (Aedicule). മനോഹരമായ മാർബിൾ ഫലകങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇത് യേശുവിന്റെ തിരുകല്ലറയെ ആവരണം ചെയ്തു സംരക്ഷിക്കുന്നു. എടിക്കുളക്കുള്ളിൽ ചെറിയ രണ്ടുമുറികളാണുള്ളത്. അതിലാദ്യത്തേത് മാലാഖമാരുടെ ചാപ്പലിലാണ്. യേശു ഉത്ഥനം ചെയ്തവിവരം സ്ത്രീകളെ അറിയിച്ച മാലാഖമാർ നിന്ന സ്ഥലമാണിത് (Mk 16.5; Jn 20:11-12). ഈ ചാപ്പലിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന മാർബിളിൽ തീർത്ത ചതുരപ്പെട്ടിയിൽ തിരുക്കല്ലറ അടക്കാനുപയോഗിച്ച ഉരുട്ടിമാറ്റാവുന്ന  കല്ലിന്റെ ഒരുഭാഗം സൂക്ഷിച്ചിരിക്കുന്നു. മാലാഖമാരുടെ ചാപ്പലിൽ നിന്നുമുള്ള ചെറിയ വാതായനത്തിലൂടെ തിരുക്കല്ലറയിലേക്കു പ്രവേശിക്കാം.

യേശുവിന്റെ ശരീരം കിടത്തിയ പാറ മാർബിൾ  ഫലകങ്ങൾകൊണ്ട് ആവരണം ചെയ്തിക്കുന്നു. അവിടെ വി. കുർബാന അർപ്പിക്കുന്നതും ചുംബിച്ചു പ്രാർത്ഥിക്കുന്നതും ഏതൊരു വിശ്വസിക്കും വലിയൊരു ആത്മീയ നിർവൃതി നൽകുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കല്ലറയുടെ ഇടതുഭാഗത്തു ഇപ്പോഴും അവശേഷിക്കുന്ന രണ്ടര മീറ്ററോളം ഉയരത്തിലുള്ള പാറയുടെ ഒരു ഭാഗം കാണാവുന്ന രീതിയിൽ അവിടുത്തെ മാർബിൾ ആവരണം മാറ്റി പകരം സ്ഫ്ടികം സ്ഥാപിച്ചിരിക്കുന്നു.

1808-ലെ തീപിടുത്തവും 1927-ലെ ഭൂമികുലുക്കവും ദുർബലമാക്കിയതിനാലും പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം എടിക്കുള നിലംപതിക്കും എന്ന അവസ്ഥ വന്നതിനാലുമാണ് 2016 ജൂലൈ മുതൽ  അതിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തിരുക്കല്ലറയുടെ ദേവാലയത്തിന്റെ മുഖ്യഅവകാശികളായ ഗ്രീക്ക്ഓർത്തഡോക്സ്‌, റോമൻ കത്തോലിക്കർ, അർമേനിയൻ ഓർത്തഡോക്സ്‌ എന്നി സഭകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. തിരുക്കല്ലറയുടെ ദേവാലയത്തിൽ അവകാശം പേറുന്ന കോപ്റ്റിക് ഓർത്തഡോക്സ്‌, സുറിയാനി ഓർത്തഡോക്സ്‌, എത്യോപ്പ്യൻ ഓർത്തഡോക്സ്‌എന്നി സഭകളുടെ അനുവാദത്തോടെയാണ് ഈ നിർമ്മാണപ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. 2017 മാർച് 22 തിയതി ഈ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കി എടിക്കുള പുനഃപ്രതിഷ്ടിക്കും.

എടിക്കുളയുടെ അടുത്തുനിന്നു മുകളിലേക്ക് നോക്കിയാൽ തിരുക്കല്ലറയുടെ ദേവാലയത്തിന്റെ വലിയഡോം (Rotunda) കാണാം. അതിന്റെ ഉള്ളിൽ മുന്ന് നിലകളിലായി ഗ്രീക്ക് ഓർത്തഡോക്സ്‌, റോമൻ കത്തോലിക്കർ, അർമേനിയൻ ഓർത്തഡോക്സ്‌ എന്നി സഭകൾക്ക് ആശ്രമങ്ങളുണ്ട്.

എടിക്കുളയുടെ പിറകിൽ കോപ്റ്റിക് ഓർത്തഡോക്സ്‌ സഭക്കാർക്കു ഒരു കുഞ്ഞുകപ്പേളയുണ്ട്. എടിക്കുളയുടെ മുന്നിൽ കാണുന്ന വലിയ ചാപ്പൽ കാത്തോലിക്കോൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഓർത്തഡോക്സ്‌ സഭയുടെ അവകാശത്തിലുള്ള ഈ ചാപ്പലിന്റെ മധ്യത്തിൽ ഭൂമിയുടെ പൊക്കിൾകൊടി എന്നറിയപ്പെടുന്ന ഒരു സ്മാരകമുണ്ട്. മനുഷ്യരക്ഷ നേടിത്തന്ന യേശുവിന്റെ പെസഹാരഹസ്യങ്ങൾ ജറുസലേമിൽ വച്ചാണ് നിറവേറിയെന്നതിനാൽ അവിടെയാണ് ഭൂമിയുടെ കേന്ദ്രം എന്ന ദൈവശാസ്ത്ര ചിന്തയാണ് ഇതിനു പിന്നിലുള്ളത്.

പ്രാർത്ഥന:
എനിക്കുവേണ്ടി പീഡകൾ സഹിച്ചു കുരിശിൽ  മരിച്ചു സംസ്കരിക്കപ്പെട്ടു മൂന്നാം ദിവസം ഉത്ഥാനംചെയ്ത ഈശോയെ, ഈ രക്ഷാകരസത്യങ്ങൾക്കു സാക്ഷിയായ പരിശുദ്ധ സ്ഥലത്തു നിൽക്കുമ്പോൾ, അവയെക്കുറിച്ചു ധ്യാനിക്കുമ്പോൾ, എന്നെ നിന്നിലേക്ക് രൂപാന്തരപ്പെടുത്തേണമേ. “അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹ. 7:21) എന്ന് പറഞ്ഞു പ്രാർത്ഥിച്ച യേശുവേ, വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുന്ന എല്ലാ ക്രൈസ്തവരും വന്നു പ്രാർത്ഥിക്കുന്ന ഈ ദേവാലയത്തെ ക്രൈസ്തവ ഐക്യത്തിന്റെ വേദിയും അടയാളവുമാക്കേണമേ. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉപകരണമാക്കി എന്നെയും എല്ലാ ക്രൈസ്തവരെയും മാറ്റേണമേ. ആമ്മേൻ.

റവ. ഡോ. പോൾ കുഞ്ഞാനയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.