വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറിന്റെ രക്തസാക്ഷിത്വത്തിന്റെ 45-ാം വാർഷികം അനുസ്മരിച്ച് വൈറ്റ് ഹൗസ്

വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറിന്റെ രക്തസാക്ഷിത്വത്തിന്റെ 45-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് വൈറ്റ് ഹൗസ്, പ്രസിഡന്റിന്റെ സന്ദേശം പുറത്തുവിട്ടു. പ്രമുഖ കത്തോലിക്കാ തിരുനാളുകളും ആചരണങ്ങളും അംഗീകരിക്കുന്ന ഭരണകൂടത്തിന്റെ രീതി തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

“ഒരു ഒക്ലഹോമൻ കർഷക കുടുംബത്തിൽ ജനിച്ചവനും കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച അമേരിക്കയിൽ ജനിച്ച ആദ്യ രക്തസാക്ഷിയും, അന്ധകാരത്തിലാണ്ട ഒരു ജനതയ്ക്ക് യേശുക്രിസ്തുവിന്റെ വെളിച്ചം എത്തിക്കുന്നതിനായി സ്വന്തം ജീവൻ ധീരമായി തൃണവൽഗണിച്ച മാനവിക അന്തസ്സിന്റെ വക്താവുമായ ഫാദർ സ്റ്റാൻലി റോഥറിന്റെ ഉന്നതമായ പാരമ്പര്യത്തെ ആദരിക്കുന്നതിൽ ഇന്ന് ഞാനും മെലാനിയയും അമേരിക്കൻ കത്തോലിക്കരോടും ലോകമെമ്പാടുമുള്ള വിശ്വാസികളോടും ഒപ്പം പങ്കുചേരുന്നു” – കത്തോലിക്കാ വിശ്വാസിയല്ലാത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈ 28-ലെ സന്ദേശത്തിൽ പറഞ്ഞു.

ഒക്ലഹോമ സ്വദേശിയായ റോഥർ 1968-ലാണ് മിഷനറി വൈദികനാകുന്നത്. തുടർന്ന് ആഭ്യന്തര സംഘർഷങ്ങളാൽ തകർന്ന ഗ്വാട്ടിമാലയിലെ യുദ്ധക്കെടുതിയിലായ മലയോര മേഖലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. “ഗ്വാട്ടിമാലൻ ആഭ്യന്തരയുദ്ധകാലത്ത് ആയിരക്കണക്കിന് കത്തോലിക്കർ ‘നിർബന്ധിതമായി കാണാതാവുകയും’ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തെങ്കിലും, ഫാദർ റോഥർ ദാരിദ്ര്യത്താലും അക്രമത്താലും തകർന്നവർക്ക് സുവിശേഷം എത്തിക്കുന്നതിനായി 13 വർഷം ചെലവഴിച്ചു. അവിടത്തെ വിശുദ്ധ ഗ്രന്ഥങ്ങൾ തർജമ ചെയ്യുകയും ഒരു സ്കൂളും ആശുപത്രിയും ആ മേഖലയിലെ ആദ്യത്തെ കത്തോലിക്കാ റേഡിയോ സ്റ്റേഷനും നിർമ്മിക്കാൻ സഹായിക്കുകയും ചെയ്തു. ‘എല്ലാ ജനതകളെയും ശ്ലീഹന്മാരാക്കുവിൻ’ എന്ന ക്രിസ്തുവിന്റെ ദൗത്യം ഭയമില്ലാതെ അദ്ദേഹം ജീവിതത്തിൽ പകർത്തി” സന്ദേശത്തിൽ വ്യക്തമാക്കുന്നു.

1970-കളുടെ അവസാനത്തിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. റോഥർ അതികഠിനമായ ദാരിദ്ര്യത്താൽ ചുറ്റപ്പെടുകയും തന്റെ ഇടവകാംഗങ്ങൾ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് കാണേണ്ടിവരികയും ചെയ്തു. സംഘർഷത്തിനിടയിൽ, കൊല്ലപ്പെടേണ്ടവരുടെ പട്ടികയിൽ റോഥറിന്റെ പേര് വരുകയും തുടർന്ന് അദ്ദേഹം തന്റെ പേരും ഉണ്ടെന്നു അറിഞ്ഞതിനെ തുടർന്ന് ഒക്ലഹോമയിൽ അഭയം തേടുകയും ചെയ്തു. എന്നാൽ അപകടസാധ്യതകൾ നിലനിൽക്കെ തന്നെ, ‘തന്റെ ആടുകളെ അവയുടെ ആവശ്യസമയത്ത് ഉപേക്ഷിക്കാൻ വിസമ്മതിച്ചുകൊണ്ട് ഗ്വാട്ടിമാലയിലേക്ക് മടങ്ങാൻ അദ്ദേഹം നിർബന്ധം പിടിച്ചു.

1981 ജൂലൈ 28-ന്, മൂന്നുപേർ ഫാ. റോഥറിന്റെ വൈദികമന്ദിരത്തിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി. അന്ന് 46 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. ഫാ. റോഥറിനെ ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.