ഇന്ത്യയിലെ ബസിലിക്ക റെക്ടർമാരുടെ സംഗമം പോണ്ടിച്ചേരിയിൽ ആരംഭിച്ചു

ഇന്ത്യയിലുടനീളമുള്ള ലത്തീൻ കത്തോലിക്കാ ബസിലിക്കകളിലെ റെക്ടർമാർ, അസോസിയേഷൻ ഓഫ് ബസിലിക്ക റെക്ടേഴ്‌സ് ഓഫ് ഇന്ത്യയുടെ (ABRI) വാർഷിക ജനറൽ ബോഡി യോഗത്തിനായി പോണ്ടിച്ചേരിയിൽ ഒന്നിച്ചുചേർന്നു. 2026 ജൂലൈ 27 മുതൽ 30 വരെയാണ് ഈ സംഗമം നടക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ കൂട്ടായ്മയിൽ ഇന്ത്യയിലെ 30 ലത്തീൻ ബസിലിക്കകളെ പ്രതിനിധീകരിച്ച് 26 റെക്ടർമാർ പ്രാർഥനയ്ക്കും ആത്മീയചിന്തകൾക്കും സഹകരണത്തിനും ഇടവകാധിഷ്ഠിത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഒത്തുചേരുന്നു.

പോണ്ടിച്ചേരി-കടലൂർ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കാലിസ്റ്റ് മുഖ്യകാർമ്മികത്വം വഹിച്ച ഉദ്ഘാടന ദിവ്യബലിയോടെയാണ് യോഗം ആരംഭിച്ചത്. വി. അൽഫോൻസാമ്മയുടെ ജീവിതത്തെയും സാക്ഷ്യത്തെയും കുറിച്ച് തന്റെ സന്ദേശത്തിൽ പരാമർശിച്ച ആർച്ച്ബിഷപ്പ് കാലിസ്റ്റ്, ഓരോ ബസിലിക്ക റെക്ടറുടെയും ദൗത്യം ആദ്യം ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവിക്കുകയും തുടർന്ന് മറ്റുള്ളവരെ ആ അനുഭവത്തിലേക്ക് നയിക്കുകയുമാണെന്ന് ഓർമ്മിപ്പിച്ചു.

ദേശീയസംഗമത്തിന് ആതിഥേയത്വം വഹിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് പോണ്ടിച്ചേരി തിരുഹൃദയ ബസിലിക്ക റെക്ടറും അസോസിയേഷൻ ഓഫ് ബസിലിക്ക റെക്ടേഴ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഫാ. എസ്. പിച്ചൈമുത്തു പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും റെക്ടർമാർക്കിടയിലെ സാഹോദര്യവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ബാന്ദേൽ ഔവർ ലേഡി ഓഫ് ദി ഹോളി റോസറി ബസിലിക്ക റെക്ടറും അസോസിയേഷൻ സെക്രട്ടറിയുമായ ഫൊ. ജോൺ ചാലിൽ, എസ്.ഡി.ബി (SDB) പരിപാടിയുടെ ലക്ഷ്യങ്ങളും വിവരങ്ങളും അവതരിപ്പിച്ചു.

ഒറിയൂർ സെന്റ് ജോൺ ഡി ബ്രിട്ടോ ഷ്രൈൻ ബസിലിക്ക റെക്ടർ ഫാ. ആൽബർട്ട് മുത്തുമല, എസ്.ജെ. (SJ) നയിച്ച പ്രാർഥനയോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ആദ്യദിനത്തിലെ സെഷനുകൾ ഏകോപിപ്പിച്ചത് ഫാ. സ്റ്റീഫൻ ആലത്തറ, ഫാ. ക്രിസ്റ്റഫർ വിമൽരാജ്, ഫാ. റോസ്ലിൻ രാജ എന്നിവരാണ്. അസോസിയേഷൻ ഓഫ് ബസിലിക്ക റെക്ടേഴ്‌സ് ഓഫ് ഇന്ത്യയുടെ നിയമാവലിയുടെ (statutes) കരട് ചർച്ച ചെയ്ത് അന്തിമരൂപം നൽകുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിർദിഷ്ട നിയമാവലി 2026 സെപ്റ്റംബറിൽ ബാംഗ്ലൂരിൽ നടക്കാനിരിക്കുന്ന സി.സി.ബി.ഐ (CCBI) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരിഗണനയ്ക്കായി സമർപ്പിക്കും.

രാജ്യത്തുടനീളമുള്ള ബസിലിക്കകളിലെ റെക്ടർമാർക്കിടയിൽ സാഹോദര്യം, സഹകരണം, പരസ്പര പിന്തുണ, ഇടവക പരിചയങ്ങൾ പങ്കുവയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ൽ സി.സി.ബി.ഐ (CCBI) ആണ് അസോസിയേഷൻ ഓഫ് ബസിലിക്ക റെക്ടേഴ്‌സ് ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ചരിത്രപ്രസിദ്ധമായ ഈ തീർഥാടനകേന്ദ്രങ്ങളുടെ പൊതുവായ ദൗത്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ വളർന്നുവരുന്ന ആത്മീയ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനും ഈ വാർഷികസംഗമം ഒരു പ്രധാന വേദിയൊരുക്കുന്നു.

ഫാ. സ്റ്റീഫൻ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, സി.സി.ബി.ഐ (CCBI)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.