
യേശുവുമായി എങ്ങനെ നല്ല ബന്ധത്തില്‍ ജീവിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബഥനിയിലെ ലാസർ, മാർത്ത, മേരി എന്നിവര്‍. മാത്രമല്ല, ജീവന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണവര്‍. തുടര്‍ന്നു വായിക്കുക.
ഈശോയ്ക്കുവേണ്ടി എപ്പോഴും തുറന്നിട്ടിരുന്ന ഒരിടമായിരുന്നു ബഥനിയിലെ ലാസർ, മാർത്ത, മേരി എന്നിവരുടെ ഭവനം. ഈശോ അവരോട് വളരെ സൗഹൃദം പുലർത്തിയിരുന്നു. ഈ മൂന്നുപേരെയും വിശുദ്ധരായാണ് നമ്മള്‍ കാണുന്നത്. ലാസർ, മാർത്ത, മേരി എന്നിവരുടെ തിരുനാൾദിനമാണ് ജൂലൈ 29. ഒരു കുടുംബത്തിലെ സഹോദരങ്ങളായ ഈ മൂന്നുപേരുടെ വിശുദ്ധജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാം.
പാരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്, മാർത്തയും മേരിയും ലാസറും യേശുവിന്റെ ഉയിര്‍പ്പിനുശേഷം യൂദയാ വിട്ട് ഫ്രാൻസിലെ പ്രൊവെൻസ് എന്ന സ്ഥലത്ത് സുവിശേഷം പ്രസംഗിച്ചുകൊണ്ട് താമസമാക്കി എന്നാണ്. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ കോൺക്വസ് എന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ‘ടേപ്പ്സ്ട്രി’യില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തുണിയിലുള്ള ചിത്രകലാരൂപമാണ് ടേപ്പ്സ്ട്രി. എന്നാല്‍, മറ്റൊരു പാരമ്പര്യവിശ്വാസവുമുണ്ട്. അതില്‍പ്പറയുന്നത്, ജാഫായില്‍നിന്ന് യഹൂദര്‍, ലാസറിനെയും സഹോദരിമാരെയും തുഴപോലും ഇല്ലാത്ത പഴകിദ്രവിച്ച ഒരു ബോട്ടില്‍ കയറ്റി കടലിലേക്കു തള്ളിവിട്ടു എന്നാണ്.
പാരമ്പര്യം എന്താണെങ്കിലും യേശുവുമായി എങ്ങനെ നല്ല ബന്ധത്തില്‍ ജീവിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ മൂന്നുപേരും. മാത്രമല്ല, ജീവന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണവര്‍.
1. വി. ലാസർ
ബഥനി എന്ന ഗ്രാമത്തിലാണ് ലാസറും സഹോദരിമാരും ജീവിച്ചിരുന്നത്. ഈശോയുടെ വളരെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലാസര്‍. അദ്ദേഹം രോഗബാധിതനാണെന്നറിഞ്ഞപ്പോള്‍ യേശു പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു: “ഈ രോഗം മരണത്തില്‍ കലാശിക്കാനുള്ളതല്ല. പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനുംവേണ്ടിയുള്ളതാണ്.” മരിച്ച ലാസറിനെ ഉയിര്‍പ്പിച്ച സംഭവം പുതിയനിയമത്തിൽ നമ്മള്‍ വായിക്കുന്നു.
മേല്‍സൂചിപ്പിച്ച പാരമ്പര്യമനുസരിച്ച്, ഫ്രാന്‍സിലെ മാർസെയിൽസിലെ ആദ്യത്തെ ബിഷപ്പായിരുന്നു വി. ലാസര്‍. അവിടെ അദ്ദേഹം അനേകരെ മാനസാന്തരപ്പെടുത്തി. മുപ്പതു വര്‍ഷത്തിനുശേഷം ലാസർ മരണമടഞ്ഞു. ഒരു ഗുഹയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
2. വി. മാർത്ത
തന്റെ സഹോദരനായ ലാസറിനെ യേശു ഉയിർപ്പിച്ചതിന് സാക്ഷിയായിരുന്നു വി. മാർത്ത. ഫ്രാൻസിലെ ടാരാസ്കോൺ പട്ടണത്തിന്റെ മധ്യസ്ഥയാണ് അവര്‍. ഇവിടെവച്ച്, ‘ടാരാസ്ക്’ എന്നുപേരുള്ള ഒരു വ്യാളിയെ മാര്‍ത്ത കീഴടക്കിയതായി വിശ്വസിക്കുന്നു. മാർത്തയുടെ വീടിന്റെ സ്ഥാനത്ത് പിന്നീട് ഒരു ദൈവാലയം പണികഴിപ്പിക്കപ്പെട്ടു.
3. വി. മേരി
വി. മേരി യേശുവിന്റെ സുവിശേഷം പ്രസംഗിക്കുകയും പ്രോവെൻസിലെ പലരെയും മനസാന്തരപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ്. പിന്നീട് പർവതനിരയിലെ ഒരു ഗുഹയിലെ ആശ്രമത്തിൽ ജീവിച്ചു എന്നാണ് പാരമ്പര്യം. തന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങൾ ആഴമായ ധ്യാനത്തിലും പ്രാർഥനയിലും തപസിലുമാണ് മേരി ജീവിച്ചത്. പിന്നീട് ഈ ഗുഹയ്ക്കു മുകളിൽ ഒരു ചാപ്പൽ നിര്‍മ്മിക്കപ്പെട്ടു.
നമുക്കുവേണ്ടി ജീവൻ ബലികഴിച്ച യേശുവിനെ ആഴത്തിൽ മനസിലാക്കാനും നമ്മുടെ പ്രശ്‌നങ്ങളും വിഷമങ്ങളും യേശുവിലേക്കു കൊണ്ടുവരാനും ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കും.

റ്റിന്റു തോമസ്
കടപ്പാട്: https://aleteia.org/2024/06/29/a-family-of-saints-to-help-us-grow-in-eucharistic-love




