മെജുഗോറിയ തീർഥാടനാലയത്തിനു നേരെ അതിക്രമം: ഇടവകയിലെ ബലിപീഠത്തിന് തീയിട്ടു, മാതാവിന്റെ രൂപം നശിപ്പിച്ചു

ബോസ്നിയ-ഹെർസെഗോവിനയിലെ പ്രശസ്ത ആത്മീയകേന്ദ്രമായ മെജുഗോറിയയിൽ ജൂലൈ 28 ചൊവ്വാഴ്ച പുലർച്ചെ വിനാശകരമായ ആക്രമണം നടന്നു. ഇടവകയുടെ പുറത്തുള്ള ബലിപീഠത്തിന് അക്രമികൾ തീയിടുകയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം കേടുവരുത്തുകയും ചെയ്തു.

അഭ്യൂഹങ്ങൾ പരന്ന ദർശനങ്ങളുടെ ദൈവിക സ്വഭാവത്തെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിലും, അവിടെ നടക്കുന്ന ‘ആത്മീയ അനുഭവത്തെ’ വത്തിക്കാൻ അടുത്തിടെ അംഗീകരിച്ചിരുന്നു. അവിടെ തീർഥാടനത്തിനെത്തിയ ആളുകളും പ്രാദേശിക വാർത്താ മാധ്യമങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ ഈ സംഭവം പുറത്തുവിട്ടത്. ‘ലാ ലൂചെ ദി മരിയ’ (La luce di Maria) എന്ന വെബ്‌സൈറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട സിസി ടിവി (CC TV) ദൃശ്യങ്ങളിൽ, പുലർച്ചെ 4:45-ന് ശേഷം ഒരാൾ ബലിപീഠത്തിലേക്ക് അതിക്രമിച്ചു കയറുന്നതും കത്തുന്ന ദ്രാവകം ഒഴിച്ച് തീയിടുന്നതും കാണാം.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മാഡ്രിഡ് അതിരൂപതയിലെ വൈദികനായ ഫാദർ മാനുവൽ നവാരോ നൽകുന്ന വിവരമനുസരിച്ച്, മെജുഗോറിയ മേഖലയിലെ പരിശുദ്ധ മറിയത്തിന്റെ പല രൂപങ്ങളിലും, പ്രത്യേകിച്ച് മുഖങ്ങളിൽ അക്രമികൾ കറുത്ത പെയിന്റ് അടിച്ച് നശിപ്പിച്ചിട്ടുണ്ട്. കൂടാതെ, ദർശനങ്ങൾ ഉണ്ടായെന്ന് കരുതപ്പെടുന്ന കുന്നിൻ മുകളിലെ മരിയൻ രൂപത്തിലും, നീലക്കുരിശിന് (blue cross) സമീപമുള്ള രൂപത്തിലും സാത്താനെ പരാമർശിക്കുന്ന സന്ദേശങ്ങൾ അക്രമികൾ എഴുതിവച്ചിട്ടുണ്ട്.

“ഈ സ്ഥലം ദൈവത്തിന്റേതാണെന്ന് മനസ്സിലാക്കാൻ ഇനിയും തെളിവുകൾ വേണോ? ഇവിടെ നടക്കുന്ന മാനസാന്തരങ്ങളോ, ദൈവകൃപകളോ ശത്രുവിന് (സാത്താന്) ഇഷ്ടപ്പെടുന്നില്ല” എന്ന് ഫാദർ മാനുവൽ ചോദിക്കുന്നു. അതേസമയം തീർഥാടന കേന്ദ്രത്തിലെ ദൈനംദിന കാര്യങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും, പ്രാർഥനയ്ക്കായി എല്ലാ സ്ഥലങ്ങളും പഴയപടി വൃത്തിയാക്കി അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇടവക അധികൃതർ അറിയിച്ചു.

1981 ജൂൺ 24-നാണ് ബോസ്നിയ-ഹെർസെഗോവിനയിലെ മെജുഗോറിയയിലുള്ള പോഡ്ബ്രഡോ (Podbrdo) മലയിൽ വച്ച് ആറ് യുവാക്കൾക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം, അവരിൽ ചിലർക്ക് ഇപ്പോഴും ദിവസേന സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് അവർ പറയുന്നു.

2024-ൽ, വത്തിക്കാന്റെ വിശ്വാസ തിരുസംഘം ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന പേരിൽ ഒരു രേഖ അംഗീകരിച്ചു. ഈ സ്ഥലത്തു നിന്ന് ലഭിക്കുന്ന ആത്മീയഫലങ്ങളെ അതിൽ പ്രശംസിക്കുകയും, സന്ദേശങ്ങളിൽ തടസ്സങ്ങളൊന്നും കാണുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ ദൈവിക സ്വഭാവത്തെക്കുറിച്ച് വത്തിക്കാൻ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.