ഡോക്ടർമാർ അബോർഷനു നിർദ്ദേശിച്ച കുഞ്ഞിനെ പ്രാർത്ഥനയോടെ സ്വീകരിച്ച ദമ്പതികൾ

ഓരോ കുഞ്ഞും ലോകത്തിലേയ്ക്ക് വരുന്നത് ഒരുപാട് സന്തോഷങ്ങൾ കൊണ്ടാണ്. പ്രത്യേകിച്ച് ആദ്യകുഞ്ഞാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കോർട്ട്നി – ആൻഡ്രൂ ദമ്പതികൾക്കും മറിച്ചായിരുന്നില്ല. തങ്ങളുടെ ആദ്യത്തെ കൺമണിയെ അവർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. അതിലുപരി തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു അതിഥി കൂടി കടന്നുവരുന്നു എന്ന തിരിച്ചറിവ് അവരുടെ കുടുംബത്തെ കൂടുതൽ സന്തോഷഭരിതമാക്കി. എന്നാൽ, അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. ആദ്യത്തെ അൾട്രാസൗണ്ട് സ്കാനിംഗിൽ തന്നെ കുഞ്ഞിന് കാര്യമായ തകരാറുകളുണ്ടെന്നും അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് കുറവാണെന്നും കണ്ടെത്തി. നിരാശയായിരുന്നു ഫലം എങ്കിലും അവർ പ്രാർത്ഥിക്കുവാൻ തുടങ്ങി.

രണ്ടാമത്തെ സ്കാനിംഗിൽ, കുഞ്ഞിന് കിഡ്നിക്ക് തകരാറുള്ളതായും അമ്നിയോട്ടിക് ഫ്ലൂയിഡ് കുറച്ചുപോലും ഇല്ല എന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി. ഒപ്പം ഒരു കാര്യം കൂടെ അവർ പറഞ്ഞു. ഈ കുഞ്ഞ് ജനിച്ചാൽ തന്നെയും ജീവിക്കുവാൻ സാധ്യതയില്ല. അതിനാൽ കുഞ്ഞിനെ അബോർട്ട് ചെയ്യുന്നതാണ് നല്ലത്.

ഒരു ഇടിത്തീ പോലെയാണ് ഡോക്ടറുടെ വാക്കുകൾ ആ ദമ്പതികളുടെ ഹൃദയത്തില്‍ പതിച്ചത്. അവിടെ നിന്നും അവർ എഴുന്നേറ്റു. എന്തായാലും ദൈവം നമുക്കു തന്ന കുഞ്ഞാണ് ഇത്. ഇനി ദൈവത്തിന് ആ കുഞ്ഞിനെ വേണമെങ്കിൽ അവിടുന്ന് അതിനെ തിരികെ വിളിച്ചുകൊള്ളും. നമ്മുടെയിടയിൽ ഉള്ളിടത്തോളം കാലം ആ കുഞ്ഞിന്റെ കാവലാളായിരിക്കും നമ്മൾ – അങ്ങനെ അവർ തീരുമാനിച്ചു. ഓരോ സ്കാനിങ്ങിലും അമ്മയുടെയും കുഞ്ഞിന്റെയും നില ഗുരുതരമാണെന്ന് വിധിയെഴുതിക്കൊണ്ടിരുന്നു. എങ്കിലും അവർ ദൈവത്തിൽ ഉറച്ചുവിശ്വസിച്ചു.

കോർട്ട്നിയേയും ആൻഡ്രൂവിനേയും അടുത്തറിയാവുന്നവരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും അവർക്കായി പ്രാർത്ഥിച്ചു. പ്രതിസന്ധിയുടെ ആ സമയം പ്രാർത്ഥനയിൽ നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നത് എന്ന് ആൻഡ്രൂ പറയുന്നു. അടുത്ത സ്കാനിംഗിൽ കുഞ്ഞിന്റെ കിഡ്നികൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയെങ്കിലും അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ് ഒരു പ്രശ്നമായിത്തന്നെ തുടർന്നു.

ഈ സമയം, ലോങ്ങ് ഐലൻഡിലെ ഫാ. അഗസ്റ്റിൻ ദമ്പതികളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളും അറിഞ്ഞു. കുഞ്ഞിനായി അദ്ദേഹം പ്രാർത്ഥിച്ചുതുടങ്ങി. ഈ കുഞ്ഞിന് കുഴപ്പമൊന്നും സംഭവിക്കില്ലായെന്നും ഈ കുഞ്ഞ് മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമായി മാറും എന്നും പ്രാര്‍ത്ഥനയില്‍ ദൈവം ഫാദറിനു വെളിപ്പെടുത്തി. തീവ്രമായി അദ്ദേഹം ആൻഡ്രൂവിന്റെ കുടുംബത്തോട് ചേർന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ 2018 മാർച്ച് 17-ന് ഒരു പെൺകുഞ്ഞ് – ബേബി ജോസീ ജനിച്ചു. ജനിച്ചയുടനെ, കുഞ്ഞിന് സ്വയം ശ്വസിക്കാൻ കഴിയില്ല എന്നും ഉടൻ തന്നെ കൃതൃമശ്വാസം നൽകണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  പിന്നീടങ്ങോട്ട് കുഞ്ഞിന്റെ ജീവൻ നിലനിത്താനുള്ള ഓട്ടത്തിലായിരുന്നു അവർ.

ഓരോ തവണയും ഡോക്ടർമാർ വന്ന്, കുഞ്ഞ് ഇനി ജീവിക്കാന്‍ സാധ്യതയില്ല എന്ന് പറയുമ്പോഴും അവർ പ്രാർത്ഥനയിൽ ആശ്രയിച്ചു. അങ്ങനെയിരിക്കെ കുഞ്ഞിന്റെ നില വീണ്ടും ഗുരുതരമായി. രക്തസമ്മർദ്ദം അമിതമായി ഉയർന്നു. ഒപ്പം ഹൃദയം വീങ്ങിയും വന്നു. ഇനി രക്ഷയില്ല എന്ന് ഡോക്ടർമാർ തീര്‍ത്തുപറഞ്ഞു. ഏതു സമയവും കുഞ്ഞിന്റെ മരണം സംഭവിക്കാം. എന്നാൽ ആ മാതാപിതാക്കൾ, തങ്ങൾക്ക് കുഞ്ഞിനെ ദൈവം മടക്കിത്തരും എന്ന് ഉറച്ചുവിശ്വസിച്ചു പ്രാർത്ഥിച്ചു.

ഈ സമയമൊക്കെയും ഫാ. അഗസ്റ്റിൻ കുഞ്ഞിനായുള്ള പ്രാർത്ഥനയിലായിരുന്നു. പ്രാർത്ഥനയിൽ കുഞ്ഞിന് കുഴപ്പമൊന്നും സംഭവിക്കില്ല എന്ന സന്ദേശം ലഭിച്ചു. ഏതാണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുഞ്ഞ് പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തുകയും അപകടനില തരണം ചെയ്യുകയും ചെയ്തു. ഡോക്ടർമാർക്ക് പോലും അത്ഭുതം. മരുന്നല്ല മറ്റേതോ ശക്തിയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. എന്തു തന്നെ ആയാലും ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി കുഞ്ഞുജോസി ജീവിതത്തിലേയ്ക്ക് നടന്നു. ഇന്ന് അവൾക്കു രണ്ടു വയസ്. അന്ന് ആ ഡോക്ടറിന്റെ വാക്കുകൾ കേട്ട് കുഞ്ഞിനെ ഇല്ലാതാക്കിയിരുന്നെങ്കില്‍ ജോസീ ഇന്ന് ഇവരുടെ കൂടെ ഉണ്ടാകുമായിരുന്നില്ല.

പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ദൈവത്തിലേയ്ക്ക് ഓടിയടുക്കാം. അവിടുത്തെ പക്കൽ അതിനുള്ള പരിഹാരം ഉണ്ടാകും – ജോസീയെ ചേർത്തുപിടിച്ച് കോർട്ട്നിയും ആൻഡ്രൂവും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.