ഇറ്റലിയിലെ വെറോണ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ

മെയ് 18-ന് പെന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ വെറോണ നഗരം സന്ദർശിക്കും. അവിടെ പുരോഹിതന്മാർ, അൽമായ വിശ്വാസികൾ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ഈ ഏകദിന യാത്രയുടെ സമയക്രമം ഏപ്രിൽ 29- ന് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തിറക്കി.

വെനീസിൽ നിന്ന് ഏകദേശം 75 മൈൽ അകലെയുള്ള വെനെറ്റോ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം റോമൻ പുരാവസ്തുക്കൾ, മധ്യകാല വാസ്തുവിദ്യ, ഷേക്സ്പിയറുടെ ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്നിവയാൽ പ്രശസ്തമാണ്. രാവിലെ 6.30-ന് വത്തിക്കാനിൽ നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ ഏകദേശം എട്ടു മണിയോടെ വെറോണയിൽ എത്തിച്ചേരും. അവിടെ വെറോണ ബിഷപ്പ് ഡൊമെനിക്കോ പോംപിലി, വെനെറ്റോ പ്രസിഡൻ്റ് ലൂക്കാ സായ, വെറോണ മേയർ ഡാമിയാനോ തോമസി എന്നിവർ പാപ്പയെ സ്വീകരിക്കും.

അവിടെ നിന്ന് പരിശുദ്ധ പിതാവ് കാറിൽ നഗരത്തിന്റെ രക്ഷാധികാരിയായ നാലാം നൂറ്റാണ്ടിലെ ആഫ്രോ-ഇറ്റാലിയൻ വിശുദ്ധന്റെ നാമത്തിലുള്ള സാൻ സെനോയിലെ ബസിലിക്കയിലേക്ക് പോകും. അവിടെ അദ്ദേഹം വൈദികരോടും സമർപ്പിതരോടും പ്രഭാഷണം നടത്തും. തുടർന്ന് മാർപാപ്പ അടുത്തുള്ള ചത്വരത്തിൽ പ്രവേശിക്കും, അവിടെ അദ്ദേഹം കുട്ടികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്യും.

ഇറ്റലിയിലെ മൂന്നാമത്തെ ഏറ്റവും വലിയ റോമൻ ആംഫി തിയേറ്ററും നഗരത്തിന്റെ  പ്രതീകങ്ങളിലൊന്നായതുമായ വെറോണ അരീന മാർപാപ്പ സന്ദർശിക്കും. പിന്നീട് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പുരുഷന്മാരും സ്ത്രീകളും ഒറ്റപ്പെട്ട തടവുകാരും അനേകം വിദേശികളും താമസിക്കുന്ന ജയിലായ കാസ സിർകോണ്ടാരിയേൽ ഡി മോണ്ടോറിയോയിലേക്ക് പോപ്പ് കാറിൽ എത്തിച്ചേരും. തടവുകാരെയും ജീവനക്കാരെയും ജയിലിലെ സന്നദ്ധപ്രവർത്തകരെയും അഭിസംബോധന ചെയ്ത് മാർപ്പാപ്പ പ്രസംഗിക്കും തുടർന്ന് തടവുകാർക്കൊപ്പം ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

വെറോണയിലെ മാർക്കൻ്റോണിയോ ബെൻ്റഗോഡി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് പാപ്പയുടെ യാത്ര അവസാനിക്കുക. പരിശുദ്ധ പിതാവ് വെറോണയിൽ നിന്ന് 4:45- ന് പുറപ്പെടും. വൈകിട്ട് 6.15-ന് വത്തിക്കാനിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.