അർബുദത്തിന്റെ വേദനകൾക്കിടയിൽ ആദ്യമായി ഈശോയെ സ്വീകരിച്ചു പത്തുവയസുകാരി 

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്ത് വയസുള്ള ബ്രസീലിയൻ പെൺകുട്ടിയാണ് മരിയാന തമ്പാസ്കോ. വേദനയുടെ നിമിഷങ്ങളിലും അവളുടെ ആഗ്രഹമായിരുന്നു ഈശോയെ സ്വീകരിക്കണം എന്നത്. ഈ പെൺകുട്ടിയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് അധികൃതരും മാതാപിതാക്കളും ഒന്നിച്ചതോടെ അവളുടെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു ആശുപത്രിക്കിടക്കയിൽ വച്ച്. കുടുംബത്തോടൊപ്പം കാമ്പിനാസിൽ താമസിക്കുന്ന മരിയാന ജനുവരി 27 മുതൽ സാവോ പോളോയിലെ ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കൺട്രോളിൽ രക്താർബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി ചികിത്സയിലാണ് മരിയാന.

ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനാൽ ആശുപത്രിയിൽ നിന്ന് തന്നെ അവളുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു. “പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക എന്നീ അസ്വസ്ഥതകൾ അവളെ അലട്ടുന്നുണ്ട്. എന്നാൽ, മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെ അവൾക്കില്ല. അസ്ഥി വേദനയോ ശരീരത്തിൽ മറ്റ് പാടുകളോ ഒന്നും കാണാനില്ല. 2020 ജൂണിൽ രോഗം മാറി ചികിത്സ നിർത്തിയിരുന്നു. എന്നാൽ, ഓഗസ്റ്റിൽ വീണ്ടും അസ്ഥി വേദന ആരംഭിച്ചു. രോഗം ശക്തി പ്രാപിച്ച് വീണ്ടും തിരിച്ചെത്തി,” – മരിയാനയുടെ അമ്മ അഡ്രിയാന തമ്പാസ്കോ പറഞ്ഞു.

രോഗത്തിന്റെ രണ്ടാമത്തെ വരവിനെ തുടർന്ന് മരിയാനയ്ക്ക് കടുത്ത ഡോസിലുള്ള മൂന്ന് കീമോതെറാപ്പികൾ ചെയ്യേണ്ടി വന്നു. ജനുവരിയിൽ ഒരു മാസത്തെ മോണോതെറാപ്പിയും ചെയ്തു. പക്ഷേ, രോഗം തുടർന്നു. അങ്ങനെ ജനുവരി 27 -ന് മരിയാനയെ ഐ‌ബി‌സി‌സി ഓങ്കോളജിയിലേക്ക് മാറ്റി. അവിടെ അവർ ഒരു പുതിയ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ആരംഭിച്ചു. അതിന്റെ ഫലമായി മറിയാനയുടെ ആരോഗ്യത്തിൽ പുരോഗതി കണ്ടുതുടങ്ങി.

കഴിഞ്ഞ ഒരു വർഷമായി മരിയാന ആദ്യ കുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതാണ്. അസുഖം തിരിച്ചെത്തിയപ്പോൾ, മാതാപിതാക്കൾ മതാധ്യാപകരുമായും ഇടവക വികാരിയുമായും സംസാരിച്ചു. കുമ്പസാരം നടത്തുവാൻ തയ്യാറെടുത്തപ്പോഴാണ് രോഗം മൂർച്ഛിച്ചത്. പ്രതിരോധ ശേഷി കുറവായിരുന്നതിനാൽ, വീണ്ടും മാറ്റി വയ്‌ക്കേണ്ടി വന്നു. എന്നാൽ, അവളുടെ ആഗ്രഹ പ്രകാരം രോഗീലേപനവും ആദ്യകുർബാന സ്വീകരണവും നടത്തുകയായിരുന്നു. മരിയാനയുടെ ജീവിതം ദൈവത്തിന്റെ കരുണയുടെ മുൻപിൽ വിട്ടു കൊടുക്കുകയാണ് എന്ന് അവളുടെ അമ്മ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.