പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 55 – ബോനിഫസ് II (490-532)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

റോമിലാണ് ജനിച്ചതെങ്കിലും ജർമ്മാനിക് വംശത്തിൽപെട്ട ആദ്യത്തെ മാർപാപ്പയാണ് ക്രിസ്തുവർഷം 530 മുതൽ 532 വരെ സഭയെ നയിച്ച ബോനിഫസ് രണ്ടാമൻ. അന്ന് ഇറ്റാലിയൻ പ്രദേശങ്ങൾ ഭരിച്ചിരുന്നത് ജർമ്മാനിക്ക് വംശജരായ രാജാക്കന്മാരായിരുന്നു. ആര്യൻ വിശ്വാസത്തോട് അനുഭാവമുള്ളവരായിരുന്നു ഇവരെല്ലാം. ഫെലിക്സ് നാലാമൻ മാർപാപ്പയുടെ ആർച്ചുഡീക്കനായിരുന്നു ഇദ്ദേഹം. തന്റെ പിൻഗാമിയായി മരണത്തിനു മുൻപ് ബോനിഫസിനെ പ്രഖ്യാപിച്ചെങ്കിലും റോമിലെ പുരോഹിതന്മാരുടെ പിന്തുണ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പിന്നീട് അത്തലാർജിക് രാജാവിന്റെ പിന്തുണ മാർപാപ്പയായി അംഗീകരിക്കപ്പെടുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു. തിരഞ്ഞെടുപ്പിലൂടെ മാർപാപ്പ സ്ഥാനത്തേയ്ക്ക് വരാത്ത ചുരുക്കം ചില മാർപാപ്പാമാരുടെ ഗണത്തിൽപെടുന്ന ആളാണ് ബോനിഫസ് രണ്ടാമൻ.

അലക്‌സാൻഡ്രിയായിൽ നിന്നുള്ള ഡീക്കനായിരുന്ന ദിയസ്‌കോറസിനെ റോമിലെ പുരോഹിതർ മാർപാപ്പയായി തിരഞ്ഞെടുത്തത് ഒരേസമയം രണ്ടുപേർ മാർപാപ്പ സ്ഥാനത്തിന്റെ അവകാശവാദം ഉന്നയിക്കുന്ന അവസ്ഥ സംജാതമാക്കി. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹം മരിച്ചതിനാൽ പ്രശ്നങ്ങൾ ഒഴിവാകുകയായിരുന്നു. ഭാവിയിൽ മാർപാപ്പ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കാൻ ഒരു സിനഡ് ബോനിഫസ് മാർപാപ്പ വിളിച്ചുകൂട്ടി. അതിൽ തന്റെ അനുയായിയെ നിർദ്ദേശിക്കാനുള്ള അധികാരം മാർപാപ്പയ്ക്ക് നൽകുന്നതിനുള്ള നിയമങ്ങൾ അംഗീകരിച്ചെടുക്കുന്നതിന് പരിശ്രമിച്ചെങ്കിലും റോമിലെ പുരോഹിതരുടെ എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടി വന്നു.

ബോനിഫസ് മാർപാപ്പയുടെ ഭരണകാലയളവിലെ ഏറ്റം വലിയ സംഭവമായി വിശേഷിപ്പിക്കപ്പെടുന്നത് ഫ്രാൻസിലെ ഓറഞ്ച് എന്ന സ്ഥലത്തു 529-ല്‍ കൂടിയ കൗൺസിലാണ്. പെലാജിയൻ പാഷണ്ഡതക്കെതിരെ (ആദിപാപം മനുഷ്യസ്വഭാവത്തെ പങ്കിലമാക്കിയില്ല എന്ന പഠിപ്പിക്കൽ) ദൈവകൃപ മനുഷ്യരക്ഷയ്ക്ക് ആവശ്യമാണെന്ന് ഈ കൗൺസിൽ പഠിപ്പിച്ചു. ദൈവകൃപയെ മാമ്മോദീസായുമായി ബന്ധിപ്പിച്ചു മനസ്സിലാക്കണമെന്നും ഇക്കാര്യങ്ങൾ വിശ്വാസികളെ പഠിപ്പിക്കണമെന്നും മാർപാപ്പ നിർദേശിച്ചു. വി. അഗസ്തീനോസിന്റെ രചനകളെ ആസ്പദമാക്കി വിശദീകരിക്കപ്പെട്ട ഇക്കാര്യങ്ങൾ പിന്നീട് വി. തോമസ് അക്വീനാസ് വിപുലീകരിക്കുന്നുണ്ട്. പ്രോട്ടസ്റ്റന്റ് നവീകരണകാലത്ത് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയായിട്ടുണ്ട്. റോമിലുണ്ടായ പട്ടിണിയുടെ സമയത്ത് വലിയ കാരുണ്യപ്രവൃത്തികൾക്ക് മാർപാപ്പ നേതൃത്വം നൽകിയെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. 532 ഒക്ടോബർ 17-ന് അന്തരിച്ച ബോനിഫസ് രണ്ടാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്നു. ഇദ്ദേഹത്തെ വിശുദ്ധന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയതായി സഭാചരിത്രരേഖകളിൽ എങ്ങും കാണുന്നില്ല.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.