പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 21 – വി. കൊർണേലിയോസ് (180-253)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 251 മുതൽ 253 വരെ സഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് വി. കൊർണേലിയോസ്. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സഭയുടെ കടിഞ്ഞാൺ അദ്ദേഹം ഏറ്റെടുക്കുമ്പോൾ രക്തസാക്ഷിത്വത്തിനുള്ള ഒരു വിളിയാണ് ഇതെന്ന് ഉറപ്പായിരുന്നു. ഡേസിയൂസ് ചക്രവർത്തിയും പിന്നീട് വന്ന ത്രബോണിയാനുസ് ഗാലൂസ് ചക്രവർത്തിയും ക്രിസ്തീയവിശ്വാസികളെ ക്രൂരമായി പീഢിപ്പിച്ചു. ഫാബിയൻ മാർപാപ്പയുടെ രക്തസാക്ഷിത്വത്തിനു ശേഷം ഒരു വർഷത്തോളം കഴിഞ്ഞു ചക്രവർത്തി യുദ്ധത്തിനായി റോമിന് പുറത്തായിരുന്ന സമയത്താണ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടത്താൻ തന്നെ സാധിച്ചത്. ഭരണകൂട പ്രതിനിധികൾ മുമ്പാകെ പരസ്യമായി വിഗ്രഹാരാധന നടത്താൻ തയ്യാറാകാത്തവരെ കൊന്നുകളയാനായിരുന്നു ചക്രവർത്തികല്പന. ഇത് ധാരാളം വിശ്വാസികളുടെ രക്തസാക്ഷിത്വത്തിനും അതുപോലെ ചുരുക്കം ചിലരുടെ വിശ്വാസത്യാഗത്തിനും കാരണമായി.

പീഢനങ്ങൾ സഭയ്ക്കുള്ളിലും വലിയ വിശ്വാസ-ഭരണ പ്രതിസന്ധികൾ സൃഷ്ടിച്ചു. മതപീഢന കാലത്ത് വിശ്വാസം ഉപേക്ഷിച്ചവരെ ഒരു കാരണവശാലും സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കരുതെന്ന് നൊവിഷ്യന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വാദിച്ചു. എന്നാൽ കൊർണേലിയോസ് മാർപാപ്പയും കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയാനും അലക്സാണ്ഡ്രിയായിലെ ഡയനീഷ്യസും വിശ്വാസത്യാഗികളെ മതിയായ പ്രായശ്ചിത്തത്തിനു ശേഷം സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കാം എന്ന് വാദിച്ചു. പ്രശ്നപരിഹാരാർത്ഥം റോമിൽ കൂടിയ സിനഡിൽ അറുപതോളം ബിഷപ്പുമാർ കൊർണേലിയോസിനെ അനുകൂലിച്ചു. ഇതിൽ പ്രകോപിതനായ നോവിഷ്യൻ തന്റെ അനുയായികളോട് ചേർന്ന് മാർപാപ്പയെ പുറത്താക്കി തന്നെ സഭാദ്ധ്യക്ഷനായി പ്രതിഷ്ഠിച്ചു. അങ്ങനെ സഭയിലെ രണ്ടാമത്തെ എതിർപോപ്പായി നോവിഷ്യൻ അറിയപ്പെടുന്നു. ഇക്കാലത്തു തന്നെ റോമിൽ അൻപതിനായിരം വിശ്വാസികൾ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു.

ത്രബോണിയാനുസ് ഗാലൂസ് ചക്രവർത്തി കോർണേലിയൂസ് മാർപാപ്പയെ അറസ്റ്റ് ചെയ്തു ഇന്നത്തെ ചിവിത്തവെക്കിയ എന്ന തുറമുഖ നഗരത്തിലേക്ക് നാടുകടത്തി. അവിടെ പീഢനം മൂലം മരിച്ചു, അതല്ല ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു എന്നീ രണ്ടു പാരമ്പര്യങ്ങൾ നിലവിലുണ്ട്. റോമിലെ ശവക്കല്ലറയിൽ അടക്കപ്പെട്ട അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ മദ്ധ്യകാല യുഗത്തിൽ ജർമ്മനിയിലെ ആഹനിലുള്ള കൊർണേലിയോസിന്റെ ആശ്രമത്തിൽ പ്രതിഷ്ഠിച്ചു. റോമിലെ കല്ലറയിൽ ആദ്യമായി ഗ്രീക്ക് മാറി ലത്തീൻ ഭാഷയിൽ പേര് എഴുതിവച്ചിരിക്കുന്നത് കൊർണേലിയോസ് മാർപാപ്പയുടേതാണ്. സുഹൃത്തായ വി. സിപ്രിയാനോടൊപ്പം വി. കൊർണേലിയോസിന്റെ തിരുനാൾ സെപ്റ്റംബർ 16-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.