പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 183 – ക്ലമന്റ് IV (1190-1268)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1265 ഫെബ്രുവരി 5 മുതൽ 1268 നവംബർ 29 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് നാലാമൻ. ഫ്രാൻസിലെ ലൻഗ്വേദോക് പ്രദേശത്ത് സെന്റ് ഗില്ലസ് ദു ഗാർഡ് നഗരത്തിൽ എ.ഡി. 1190 -ലാണ് ഗുയി ഫുക്കോയുടെ (Gui Foucois) ജനനം. അദ്ദേഹത്തിന്റെ പിതാവ് പിയർ ഫുക്കോ ആ പ്രദേശത്തെ പ്രശസ്തനായ ഒരു വക്കീൽ ആയിരുന്നു. ഗുയി ഫുക്കോ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ സ്പെയിനിലെ മൂർസിനെതിരായ (വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മുസ്ലീങ്ങൾ) യുദ്ധത്തിൽ പങ്കെടുക്കാനായി പട്ടാളത്തിൽ ചേർന്നു. അതിനു ശേഷം തിരികെയെത്തി നിയമം പഠിക്കുകയും പാരീസ് നഗരത്തിൽ ഒരു വക്കീലായി ജോലി ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് കേട്ടറിഞ്ഞ ലൂയി ഒൻപതാമൻ രാജാവ് ഗുയി ഫുക്കോയെ തന്റെ സെക്രട്ടറിയായി നിയമിക്കുന്നു. ഇക്കാലയളവിൽ അദ്ദേഹം വിവാഹം കഴിക്കുകയും രണ്ടു പെണ്മക്കൾ ജനിക്കുകയും ചെയ്തു. എന്നാൽ ഭാര്യയുടെ മരണശേഷം തന്റെ പിതാവിനെപ്പോലെ ലൗകികജീവിതം ഉപേക്ഷിച്ച് പുരോഹിതനാകാൻ തീരുമാനിച്ചു.

വൈദികപരിശീലനത്തിനു ശേഷം പാരീസിലെ വി. മഗ്ളോയ്റേ ആശ്രമത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ച്‌ വി. ഗില്ലസ് ദേവാലയത്തിന്റെ ചുമതലക്കാരനാവുന്നു. അധികം താമസിയാതെ ല പീ (Le Puy) രൂപതയുടെ ബിഷപ്പായി നിയമിതനായി. എ.ഡി. 1259 -ൽ നർബൊണെയിലെ ആർച്ചുബിഷപ്പായും അദ്ദേഹത്തെ നിയമിക്കുന്നു. ഉർബൻ നാലാമൻ മാർപാപ്പ ആർച്ചുബിഷപ് ഗുയി ഫുക്കോയെ സബീനയിലെ കർദ്ദിനാളായി നിയമിക്കുന്നു. പെറൂജിയായിൽ വച്ച് ഉർബൻ നാലാമൻ കാലം ചെയ്തപ്പോൾ നാലു മാസങ്ങൾക്കു ശേഷം കർദ്ദിനാൾ ഗുയി ഫുക്കോയെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിൽ ഒരു നയതന്ത്ര ദൗത്യത്തിലായിരുന്ന ഗുയി ഫുക്കോ പെറൂജിയായിൽ എത്തി ക്ലമന്റ് നാലാമൻ എന്ന നാമം സ്വീകരിച്ച് മാർപാപ്പ ആകുന്നു.

ഇന്നത്തെ രീതിയിൽ സഭയിൽ മുഴുവൻ മെത്രാന്മാരുടെ ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമനങ്ങൾ മാർപാപ്പയിൽ നിന്നായിരിക്കണം എന്ന പാരമ്പര്യം തുടങ്ങുന്നത് ക്ലമന്റ് നാലാമൻ മാർപാപ്പയുടെ ഉത്തരവോടു കൂടിയാണ്. വി. തോമസ് അക്വീനാസിനെ ക്ലമന്റ് മാർപാപ്പ റോമിലേക്ക് വിളിച്ചുവരുത്തി മാർപാപ്പയുടെ ഔദ്യോഗിക ദൈവശാസ്ത്രജ്ഞനായി നിയമിക്കുന്നു. അക്വീനാസിന്റെ സ്വാധീനത്താൽ ഇക്കാലയളവിൽ തത്വശാസ്ത്ര പഠനം വൈദികപരിശീലനത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അതിനായി അന്നു തുടങ്ങിയ സ്കൂളാണ് പിന്നീട് റോമിലെ സെന്റ് തോമസ് പൊന്തിഫിക്കൽ സർവ്വകാലാശാലയായി (ആഞ്ചലിക്കും) പരിണമിക്കുന്നത്. എ.ഡി. 1268 നവംബർ 29 വിത്തെർബോക്കടുത്തുള്ള സാന്ത മരിയ ആശ്രമത്തിൽ വച്ച് ക്ലമന്റ് നാലാമൻ മാർപാപ്പ കാലം ചെയ്യുകയും അവിടെത്തന്നെ അടക്കപ്പെടുകയും ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.