ക്ഷമ പരിശീലിക്കാൻ നാലു മാർഗ്ഗങ്ങൾ

ക്ഷമ എന്ന പുണ്യം നമ്മുടെ ആത്മീയ ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഘടകമാണ്. ഞങ്ങൾ ഞങ്ങളുടെ കടക്കാരോട് ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ് ഈശോ പഠിപ്പിച്ച പ്രാർത്ഥനയിൽ നാം പ്രാർത്ഥിക്കുന്നത് പോലും. ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ കടന്നു വരുവാൻ ക്ഷമ എന്ന പുണ്യം നമ്മെ സഹായിക്കും. എങ്കിലും പലപ്പോഴും ക്ഷമിക്കുക എന്നത് നമ്മെക്കൊണ്ട് പെട്ടന്ന് കഴിയുന്ന ഒന്നല്ല. എന്നാൽ ക്ഷമയുടെ പുണ്യത്തെ കരഗതമാക്കുവാൻ നമ്മെ സഹായിക്കുന്ന നാലു മാർഗ്ഗങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.

1. ഇഷ്ടത്തോടെ ചെയ്യുക

കഷ്ടപ്പെട്ട് ക്ഷമിക്കുന്ന ഒരു രീതിയാവരുത് നമ്മുടേത്. അങ്ങനെ ആയാൽ നാം ആരോടാണോ ക്ഷമിക്കുന്നത് ആയപ്പോൾ കുറിച്ചുള്ള ചിന്ത നമ്മുടെ ഉള്ളിൽ നിറയുമ്പോൾ തന്നെ ഒരു ദേഷ്യവും വെറുപ്പും ഒക്കെ കടന്നു വരും. എന്നാൽ നിങ്ങൾ ഇഷ്ടത്തോടെ ക്ഷമിച്ചു നോക്കൂ. പിന്നെ വിധ്വേഷത്തിന്റേതായ ഒരു ചിന്തയും അവിടെ കടന്നു വരില്ല. ഇഷ്ടത്തോടെയുള്ള ക്ഷമ എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നിന്നും സ്വന്തം താൽപര്യത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതിനു കുരിശിലെ ഈശോയുടെ ക്ഷമ നമ്മെ സഹായിക്കും.

2. നിങ്ങളെ വേദനിപ്പിച്ചവരെ അനുഗ്രഹിക്കാം

നമ്മുടെ ജീവിതത്തിൽ പല തരത്തിൽ നമ്മെ വേദനിപ്പിച്ച ആളുകൾ ഉണ്ടാകാം. സാധാരണ ഗതിയിൽ അവർക്കൊന്നും നന്മ ഉണ്ടാകുവാൻ നാം ആഗ്രഹിക്കാറില്ല. അവർ അനുഭവിക്കും എന്ന തരത്തിലുള്ള ചിന്തകളാണ് നമ്മുടെ മനസ്സിൽ ഉണ്ടാവുക. ഈ ചിന്താഗതി മാറ്റാം. നിങ്ങളെ വേദനിപ്പിച്ചവരെ അനുഗ്രഹിച്ചു കൊണ്ട് പ്രാർത്ഥിക്കാം. അവരോടുള്ള ദേഷ്യത്തിന്റേതായ ചിന്തകളോ വാക്കുകളോ വരുമ്പോൾ ഉടൻ തന്നെ  ‘ദൈവമേ അവരെ അനുഗ്രഹിക്കണമേ’ എന്ന് പ്രാർത്ഥിക്കാം. അങ്ങനെ ചെയ്യുമ്പോൾ ദൈവം നമ്മെയും അനുഗ്രഹിക്കും.

3. എല്ലായ്പ്പോഴും നന്ദി പറയുക

ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളും കടന്നുവരും. ഇതൊന്നും ഇല്ലാത്ത ജീവിതം ഉണ്ടാകുമോ എന്ന് അറിയില്ല എങ്കിലും നമുക്ക് ലഭിച്ച എല്ലാ കാര്യങ്ങൾക്കും നന്ദി പറയുക. ഈ നന്ദി പ്രകാശനം നമ്മെ പക്വതയിലേയ്ക്കും അവിടെനിന്നും വിശുദ്ധിയിലേയ്ക്കും നയിക്കും. ആ യാത്രയിൽ ക്ഷയും നമ്മുടെ ഒപ്പം കൂടും. നമ്മുക്ക് ലഭിച്ച വേദനകളും മുറിവുകളും ദൈവത്തിന്റെ കൃപ ഒഴുകുന്നതിനുള്ള ചാലുകളാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് അവയ്ക്കു നന്ദി പറയുക. അതിനായി തയ്യാറാക്കിയ നമ്മുടെ സാഹചര്യങ്ങളെ ഓർത്തും നന്ദി പറയുക. അപ്പോൾ ക്ഷമയും ദൈവത്തിന്റെ കൃപയും നമ്മിൽ നിറയും.

4. ദൈവത്തെ സ്തുതിക്കുക

ക്ഷമ കരഗതമാക്കുന്നതിനുള്ള അടുത്ത മാർഗ്ഗം ആണ് ദൈവത്തെ സ്തുതിക്കുക എന്നത്. ദൈവത്തെ സ്തുതിക്കുമ്പോൾ ദൈവീകമായ ചിന്തകളിലായിരിക്കും നാം ഓരോരുത്തരും ജീവിക്കുക. നമ്മുടെ പാപങ്ങൾ ക്ഷമിക്കുവാൻ ലോകത്തിലേയ്ക്ക് കടന്നു വന്നു പീഡകൾ സഹിച്ച ദൈവത്തെ വാഴ്ത്തുമ്പോൾ അവിടുന്നിൽ നിറഞ്ഞിരുന്ന നന്മകൾ നമ്മിലേക്ക്‌ നിറയുവാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കണം. അപ്പോൾ ലൗകികവും പൈശാചികവുമായ ചിന്തകൾ മാറി ക്ഷമയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.