ജപമാല വൈദികൻ എന്നറിയപ്പെടുന്ന ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതം സിനിമയാകുന്നു  

നൂറുകണക്കിന് ജപമാല റാലികൾക്ക് നേതൃത്വം വഹിക്കുകയും കുടുംബങ്ങളെ ഒരുമിച്ച് പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഐറിഷ്- അമേരിക്കൻ വൈദികൻ ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതം സിനിമയാകുന്നു. ഡോക്യുമെന്ററി ശൈലിയിലുള്ള ഈ സിനിമയുടെ പേര് ‘PRAY: The Story of Pat Patyton’ എന്നാണ്.

1909-1992 കാലഘട്ടത്തിൽ ആണ് ഫാ. പെയ്‌റ്റൺ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോകളും നടത്തിയിട്ടുള്ള അഭിമുഖങ്ങളും ഈ ഡോക്യൂമെന്ററി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വൈദികൻ തന്നെ സ്ഥാപിച്ച ഫാമിലി തിയറ്റർ പ്രൊഡക്ഷന്റെ ഒരു കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ ജീവിതകാലത്ത്, ജപമാലയ്ക്കും കുടുംബ പ്രാർത്ഥനയ്ക്കും വളരെയധികം പ്രാധാന്യം നൽകുകയും അതിനുവേണ്ടി സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഫാ. പെയ്‌റ്റൺ.

അയർലണ്ടിലെ മായോയിൽ ജനിച്ചു വളർന്ന പെയ്‌റ്റൺ ചെറുപ്പം മുതൽ ആഴമായ ജപമാല ഭക്തിയിൽ ആണ് വളർന്നു വന്നത്. ഒരു പുരോഹിതനാകാൻ അദ്ദേഹത്തിന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന് വീട്ടിൽ നിന്നും അനുവാദം ലഭിച്ചില്ല. തുടർന്ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിലേക്ക് അദ്ദേഹം മാറി. ദൈവത്തോട് വിശ്വസ്തനായി തുടരുമെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ആഗ്രഹിച്ച ജോലി കണ്ടെത്താൻ കഴിയാതെ വന്നു. അവസാനം അവിടുത്തെ കത്തീഡ്രലിൽ പെയ്‌റ്റണിനെ കാവൽക്കാരനായി നിയമിച്ചു. അങ്ങനെ വീണ്ടും അദ്ദേഹത്തിന് പൗരോഹിത്യജീവിതം നയിക്കാനുള്ള ആഗ്രഹം ശക്തമായി. 1929 -ൽ പേയ്റ്റൺ ഹോളി ക്രോസ് മൈനർ സെമിനാരിയിൽ പ്രവേശിച്ച് ഒരു മിഷനറി വൈദികനാകുവാനുള്ള പരിശീലനം നേടി.

1938 -ൽ അദ്ദേഹത്തിന് ക്ഷയരോഗം ബാധിച്ചതിനാൽ മറ്റുള്ളവരുടെ ഒപ്പം വൈദികനാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ രോഗം ഭേദമാകുവാൻ പരിശുദ്ധ മറിയത്തോട് അദ്ദേഹം മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിച്ചു. അങ്ങനെ 1939 ആയപ്പോഴേക്കും അദ്ദേഹത്തിന് സുഖം പ്രാപിച്ചു, ആരോഗ്യം വീണ്ടെടുത്തു. 1941 -ൽ പേയ്റ്റൺ പുരോഹിതനായി. ഈ അത്ഭുതകരമായ സൗഖ്യം അദ്ദേഹത്തിന് പരിശുദ്ധ അമ്മയോടുള്ള ഭക്തി വർദ്ധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, സമാധാനത്തിനായി നന്ദിപറഞ്ഞ് പ്രാർത്ഥിക്കാൻ പേറ്റൺ ന്യൂയോർക്കിൽ ഒരു റേഡിയോ ഷോ ആരംഭിച്ചു. കുടുംബ പ്രാർത്ഥനയ്ക്കുള്ള അദ്ദേഹത്തിന്റെ ആവേശകരമായ ആഹ്വാനത്തിലൂടെ അദ്ദേഹത്തിന്റെ ഷോ അനേകരിലേക്ക് എത്തി. കൂടാതെ അനേകം ജപമാല റാലികൾ അദ്ദേഹം സംഘടിപ്പിച്ചു.

കുടുംബ പ്രാർത്ഥനയേയും ജപമാലയേയും പ്രോത്സാഹിപ്പിക്കുവാനും അതിനായിട്ടുള്ള തന്റെ സന്ദേശം പ്രചരിപ്പിക്കാനുമായി ഈ വൈദികൻ ടിവി, റേഡിയോ പ്രക്ഷേപണങ്ങൾ ഉപയോഗിച്ചു. 1992 ജൂൺ 3 -ന്‌ 83 -മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ “മേരി, എന്റെ രാജ്ഞി, എന്റെ അമ്മ”എന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.