ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: എട്ടാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: പരിശുദ്ധമറിയത്തിന്റെ അഞ്ചാം വെളിപ്പെടുത്തൽ
സ്ഥലം: കോവ ദാ ഇറിയ, പോർട്ടുഗൽ (13 സെപ്റ്റംബർ 1917)

അന്നു 30000-ത്തോളം ആളുകളും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. സ്ത്രീ അവരോടു പറഞ്ഞു: “യുദ്ധങ്ങൾ അവസാനിക്കുന്നതിനായി ജപമാല തുടർന്നും ചൊല്ലുക. ഒക്ടോബറിൽ നമ്മുടെ കർത്താവ് നിങ്ങളെ കാണാൻ വരും, കൂടെ വ്യാകുലമാതാവും, കർമലമാതാവും വരുന്നത് നിങ്ങൾ കാണും. ലോകത്തെ അനുഗ്രഹിക്കാൻ വി. യൗസേപ്പ് ഉണ്ണിയേശുവിനെ കൈകളിൽ ഏന്തികൊണ്ട് വരും.”

ലൂസിയ ചോദിച്ചു: “ഞാൻ അങ്ങയോടു ഒരു കാര്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു. ബധിരയും മൂകയുമായ ഒരു സ്ത്രീയും പിന്നെ പലരും സൗഖ്യം നേടാൻ ആഗ്രഹിക്കുന്നു.”

സ്ത്രീ മറുപടി പറഞ്ഞു: “അതെ ഞാൻ കുറച്ചുപേർക്ക് സൗഖ്യം നൽകും. എന്നാൽ എല്ലാവർക്കും ഇല്ല. ഒക്ടോബറിൽ ഞാൻ പ്രവർത്തിക്കുന്ന അടയാളം കണ്ടു എല്ലാവരും വിശ്വസിക്കും.”

സുകൃത ജപം

കർമലമാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.