ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: ഏഴാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: പരിശുദ്ധമറിയത്തിന്റെ നാലാം വെളിപ്പെടുത്തൽ
സ്ഥലം: വലിൻഹോസ്‌ (19 ഓഗസ്റ്റ് 1917)

അന്ന് ലൂസിയയും, ജസീന്തയും, ഫ്രാൻസിസ്കോയും അവരോടൊപ്പം 15000നു മേലെ ആളുകളും അവിടെ എത്തിച്ചേർന്നിരുന്നു. എന്നാൽ കുട്ടികൾക്ക് മാത്രമേ ഇത്തവണയും സ്ത്രീ രൂപത്തെ കാണാനും കേൾക്കാനും സാധിച്ചിരുന്നുള്ളു.

ലൂസിയ ചോദിച്ചു: “നീ ഞങ്ങളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്?”

സ്ത്രീ മറുപടി നൽകി: ” നിങ്ങൾ പതിമൂന്നാം തീയതികളിൽ കോവ ദാ ഇറിയ -ൽ പോകുന്നത് തുടരണം. കഴിയാവുന്ന അത്രയും അധികം ജപമാലകൾ ഇനിയും ചൊല്ലണം. അവസാന മാസം ഞാൻ വരുമ്പോൾ അപ്പോൾ ഇവിടെ എത്തിച്ചേരുന്ന എല്ലാവരും എന്നിൽ വിശ്വസിക്കുന്നതിനു വേണ്ടി ഒരു വലിയ അടയാളം ഞാൻ കാണിക്കും. ദിവ്യ ഉണ്ണിയെ കൈകളിൽ ഏന്തി ലോകത്തിനു സമാധാനം നൽകാൻ വിശുദ്ധ യൗസേപ്പും, എല്ലാവരെയും അനുഗ്രഹിക്കാൻ നമ്മുടെ കർത്താവും, പൂക്കളാൽ ചുറ്റപ്പെട്ടു രണ്ടു മാലാഖാമാരാൽ പരിശുദ്ധ കന്യകാമറിയവും ആനയിക്കപ്പെടും.”

ലൂസിയ ചോദിച്ചു: “കോവ ദാ ഇറിയ -ൽ ആളുകൾ ഇപ്പോൾ കൊണ്ടുവരുന്ന പണം കൊണ്ട് എന്തുചെയ്യണം?”

സ്ത്രീ പറഞ്ഞു: “നിങ്ങൾ രണ്ടു പാത്രങ്ങൾ തയ്യാറാക്കണം. ഒന്നു ലൂസിയയും ജസീന്തയും മറ്റു രണ്ടു പെൺകുട്ടികളും ചേർന്ന് പിടിക്കണം. നിങ്ങൾ എല്ലാവരും വെളുത്ത വസ്ത്രമാണ് ധരിക്കേണ്ടത്. മറ്റേ പാത്രം ഫ്രാൻസിസ്കോയും വേറെ മൂന്നു ആൺകുട്ടികളും വെളുത്ത വസ്ത്രം ധരിച്ചു കൈകളിൽ ഏന്തണം. അന്ന് ലഭിക്കുന്ന പണം ജപമാല റാണിയുടെ തിരുനാൾ ആഘോഷിക്കുവാനായി ഉപയോഗിക്കണം. ബാക്കി വരുന്ന പണം നിങ്ങൾ ഇവിടെ ഒരു ദേവാലയം നിർമിക്കുവാനായി വിനിയോഗിക്കണം.”

ലൂസിയ പറഞ്ഞു: “നീ ഇവിടെ കുറച്ചു രോഗികളെ സുഖപ്പെടുത്തണം എന്നും ഞാൻ ആഗ്രഹിക്കുന്നു”

സ്ത്രീ പറഞ്ഞു: “ഉറപ്പായും ഞാൻ ഈ വർഷത്തിൽ കുറെ രോഗികളെ സുഖപ്പെടുത്തും”
തുടർന്നു ഏറെ ദുഃഖാർത്തയായി സ്ത്രീ തുടർന്നു: “പ്രാർത്ഥിക്കുക, ഏറെ പ്രാർത്ഥിക്കുക… പാപികൾക്ക് വേണ്ടി ദൈവത്തിനുമുൻപിൽ സഹനങ്ങൾ ഏറ്റെടുക്കുക. കാരണം, ആരും സഹനങ്ങൾ ഏറ്റെടുക്കായ്കയാൽ വളരെ ഏറെ ആത്മാക്കൾ ഇതാ നരകത്തിലേക്ക് വീണുപോകാൻ പോകുന്നു.”

ഇത്രേയും പറഞ്ഞു സ്ത്രീ അപ്രത്യക്ഷയായി.

സുകൃത ജപം

സദുപദേശത്തിന്റെ മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.