ജപമാല മാസാചരണത്തിന്റെ ഉപജ്ഞാതാവ്

“ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തില്‍ മറിയം വഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. അതിലേക്കായി പരിശുദ്ധാത്മാവ് അവള്‍ക്ക് വേണ്ടവിധം പ്രസിദ്ധി നല്‍കും. നീതിസൂര്യനായ ക്രിസ്തുവിന്റെ ഉദയത്തിനു മുന്‍പ് ഉദിച്ചുയര്‍ന്ന് അവിടുത്തെ വരവിനെ അറിയിച്ച ഉഷകാല നക്ഷത്രമാണ് മറിയം. ആകയാല്‍ ക്രിസ്തു ദൃശ്യനാകുകയും അറിയപ്പെടുകയും ചെയ്യാന്‍ അവള്‍ ദൃശ്യയാകുകയും അറിയപ്പെടുകയും വേണം. ക്രിസ്തു തന്റെ പ്രഥമാഗമനത്തിന് ഒരു മാര്‍ഗം സ്വീകരിച്ചു. അവിടുത്തെ രണ്ടാം ആഗമനത്തിലും ആ മാര്‍ഗം തന്നെയായിരിക്കും അവിടുന്ന് സ്വീകരിക്കുക. പക്ഷേ, അത് മറ്റൊരു ഭാവത്തിലായിരിക്കുമെന്ന് മാത്രം.”– വിശുദ്ധ മോണ്‍ഫോര്‍ട്ട്‌

ജപമാല മാസാചരണത്തിന്റെ ഉപജ്ഞാതാവ്

ആണ്ടുതോറും ഒക്ടോബര്‍ മാസത്തില്‍ അനുഷ്ഠിച്ചുപോരുന്ന ജപമാല മാസാചരണത്തിന്റെ ഉപജ്ഞാതാവ് അഖിലലോക പ്രശസ്തിയാര്‍ജിച്ച റേരും നൊവാരും എന്ന ചാക്രിക ലേഖനത്തിന് രൂപവും ഭാവവും നല്‍കിയ ലെയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്‌.

അഖിലലോക കത്തോലിക്ക ജനതയോട് അനുദിനം ജപമാലയര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 1883 ഡിസംബര്‍ 24-ന് ലെയോ പതിമൂന്നാമന്‍ പാപ്പാ സലൂത്തരിസ് ഇല്ലെ എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. ‘ജപമാല രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേഷിക്കണമേ’ എന്ന് മാതാവിന്റെ ലുത്തിനിയായില്‍ എഴുതിച്ചേര്‍ത്തതും ലെയോ പതിമൂന്നാമന്‍ പാപ്പയാണ്‌. ജപമാലയെക്കുറിച്ച് മാത്രം പതിനൊന്ന് ചാക്രിക ലേഖനങ്ങളാണ് ഇദേഹം പുറപ്പെടുവിച്ചത്. അതിനാല്‍ ലെയോ പതിമൂന്നാമന്‍ പാപ്പായെ ചരിത്രം വിശേഷിപ്പിക്കുന്നത് ‘ജപമാലയുടെ പാപ്പാ’ എന്നാണ്.

കേരളകത്തോലിക്കാ കുടുംബങ്ങളില്‍ നിശാപ്രാര്‍ത്ഥനയില്‍ ഇന്നും മുഖ്യസ്ഥാനം ജപമാലയ്ക്കാണ്. ഒരുമിച്ചു ജപമാലയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം അനുഗ്രഹിതമാണെന്ന അവബോധം കേരളക്രൈസ്തവ ജനതയ്ക്കുണ്ട്. ജപിക്കുക എന്നതിനപ്പുറം ജപമാല കഴുത്തിലണിയുക എന്ന ശീലംപോലും ഇവിടുത്തെ കത്തോലിക്കര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. കണ്ഠാഭരണള്‍ക്കൊപ്പം ഉത്തരീയവും ജപമാലയും കൂടി കഴുത്തിലണിയുകയെന്ന പാരമ്പര്യം തുടരുന്ന വിശ്വാസികള്‍ ഇന്നും ഒട്ടനവധിയുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ലൂയി മോണ്‍ഫോര്‍ട്ട്‌ പറയുന്നു: “നാം പരിശുദ്ധ മറിയത്തെ എത്രയധികമായി ആദരിക്കുന്നുവോ അത്രയധികം നാം യേശുവിനെ അനുകരിക്കുകയാണെന്ന്”. നമ്മുടെയൊക്കെ ജീവിതത്തിന്‍റെ അത്യന്തിക ലക്ഷ്യം രക്ഷകനായ യേശുവിലാണ്. ആ ലക്ഷ്യത്തിലേക്ക് ഓരോരുത്തരേയും നയിക്കുന്ന സുരക്ഷിത പാതയാണ് പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും ജപമാല സമര്‍പ്പണ വണക്കവും. ഒക്ടോബറിന്‍റെ പുണ്യസ്മരണയായ വിശുദ്ധ കൊച്ചുത്രേസ്യ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ച്  പറയുമായിരുന്നു: “എന്‍റെ അമ്മേ, എന്നെ ഞാന്‍ അമ്മയ്ക്കു സമര്‍പ്പിക്കുന്നു. വിശുദ്ധിയോടെ ജീവിക്കാന്‍ എനിക്ക് അനുഗ്രഹം നല്കണമേ”യെന്ന്‍. ഈ പുണ്യസൂനത്തിന്റെ സമര്‍പ്പണത്തില്‍ സംപ്രീതയായ പരിശുദ്ധ മറിയം തന്‍റെ സ്നേഹംകൊണ്ട് അവളെ ലഹരി പിടിപ്പിച്ചിരുന്നു. അതിനാല്‍ സ്ത്രീകളില്‍ ഭാഗ്യവതിയായ മറിയത്തെ സ്നേഹിച്ച ഭാഗ്യവതിയായ കൊച്ചുത്രേസ്യാ തന്‍റെ സ്തുതിപ്പുകളില്‍ ആവര്‍ത്തിക്കുമായിരുന്നു: “അമ്മേ, ഞാന്‍ എത്ര ഭാഗ്യവതിയാണ്. അമ്മയേപ്പോലെ ഒരുവള്‍ എനിക്ക് അമ്മയായിട്ടുണ്ടല്ലോ. എന്നാല്‍ അമ്മയ്ക്ക് അതില്ലല്ലോ”!

ഡൊമിനിക്കന്‍ സഭാസ്ഥാപകനായ വിശുദ്ധ ഡൊമിനിക്കിന് ജപമാലഭക്തി അഭ്യസിക്കാനും പ്രചരിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയ ശേഷം പരിശുദ്ധ അമ്മ പറഞ്ഞു: “നീ പ്രസംഗിക്കുമ്പോള്‍ ജപമാല ചൊല്ലാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക. അപ്പോള്‍ നിന്റെ വാക്കുകള്‍ ആത്മാക്കള്‍ക്കുവേണ്ടി ഏറെ ഫലമണിയും.” ആല്‍ബി ജെന്‍സിയന്‍ പാഷണ്ഡതയെ ചെറുത്തുപരാജയപ്പെടുത്താന്‍ തന്‍റെ പ്രസംഗങ്ങളെക്കാള്‍ ഭേദം ജപമാലയാണെന്ന് ആ വിശുദ്ധ വൈദികന് ബോധ്യമായതങ്ങനെയാണ്.

കുടുംബങ്ങളെ തമ്മിലും കുടുംബാംഗങ്ങളെ തമ്മില്‍ത്തമ്മിലും കോര്‍ത്ത് ബന്ധിപ്പിക്കുന്ന ആത്മീയചങ്ങലയും കുടുംബ ആത്മീയതയ്ക്ക് ശക്തി പകരുന്ന ആയുധവുമാണ് ജപമാല. വിദേശ മിഷണറിമാരുടെ പരിശ്രമഫലമായി പ്രചാരത്തില്‍ വന്ന ഭക്തമുറകള്‍ നിരവധിയാണ്. അവയില്‍ കുടുംബവേദികളെ പവിത്രമാക്കികൊണ്ടിരിക്കുന്ന ഏറ്റവും ചൈതന്യവത്തായ ഒന്ന് ജപമാല ഭക്തിതന്നെ.

ഫാത്തിമ ശതാബ്തി വര്‍ഷത്തില്‍ ജപമാലഭക്തിയുടെ പ്രസക്തി ഏറെയാണ്‌. കാരണം ചരിത്രത്തിലെ നിര്‍ണായക വര്‍ഷമായിരുന്നു 1917. അക്കൊല്ലം മെയ്‌ 13-നാണ് പരിശുദ്ധ മറിയം പോര്‍ട്ടുഗലിലെ ഫാത്തിമായില്‍ മൂന്നു ബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. യുദ്ധംകൊണ്ട് തകരുന്ന ലോകത്തിനും ഭൗതികത്വംകൊണ്ട് വീര്‍പ്പുമുട്ടുന്ന റഷ്യക്കും വേണ്ടി ജപമാലഭക്തി പ്രചരിപ്പിക്കണമെന്നുള്ളതായിരുന്നു ഫാത്തിമ സന്ദേശത്തിന്റെ കാതല്‍.റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ജപമാല ചൊല്ലണമെന്ന് അന്നുമുതല്‍ സഭാപിതാക്കന്മാര്‍ ആഹ്വാനം ചെയ്യാനാരംഭിച്ചു. പക്ഷേ അടിക്കടി രൂക്ഷമായിക്കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ്‌ പടയോട്ടം ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കുകൂടി അതിരൂക്ഷമായി ബാധിച്ചപ്പോള്‍ പലരും ചോദിച്ചു ഇനി റഷ്യ മാനാസന്തരപ്പെടുമോയെന്ന്‍? എന്നാല്‍ പരീക്ഷണ പീഡനങ്ങള്‍ക്കുശേഷം റഷ്യയില്‍ മാറ്റങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ്‌ ഉപഗ്രഹ രാഷ്ടങ്ങള്‍ കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞു. ബര്‍ലിന്‍ മതിലിനൊപ്പം കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ കൂറ്റന്‍ പ്രതിമകളും തകര്‍ക്കപ്പെട്ടു. ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികള്‍ ജപമാല തുടര്‍ച്ചയായി ചൊല്ലിയപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.