എട്ട് നോമ്പ് മൂന്നാം ദിവസം: പരിശുദ്ധ മറിയം – ഈശോയുടെ അമ്മ

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

അമ്മ, ലോകത്തെ ഏറ്റവും സുന്ദരമായ പദവും ഏറ്റവും ശ്രേഷ്ഠമായ പദവിയും. അമ്മമാർക്ക് പഠിക്കുവാൻ ഒരു പാഠശാല ആവശ്യമെങ്കിൽ ഈശോയുടെ അമ്മയായ മറിയത്തോളം പോന്ന ഒരു അമ്മ വിദ്യാലയത്തെ നമുക്ക് കണ്ടെത്താൻ സാധിക്കുകയില്ല.

പരിശുദ്ധ മറിയം അമ്മത്വത്തിന്റെ സമഗ്രതയാണ്. ചെറുപ്പം മുതലേ ദൈവാശ്രയ ബോധത്തിലും ദൈവവിശ്വാസത്തിലും വളർന്നു വന്നവൾ,  ദൈവാലയത്തിൽ ചിലവഴിക്കാൻ സമയം കണ്ടെത്തിയവൾ  ദൈവസ്വരത്തിന് അടിയറവ് പറഞ്ഞ് കുടുംബിനിയും അമ്മയുമായപ്പോൾ തന്റെ ഉദരത്തിലെ കുഞ്ഞിനെയോർത്ത് ആ അമ്മ സ്തോത്രഗീതം പാടി. ആ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ നിറവയറുമായി പലായനം ചെയ്യാൻ തയ്യാറായ അമ്മ.  കുഞ്ഞ് പിറന്നപ്പോൾ ഉചിതമായ നാമം നൽകിയ അമ്മ. കുഞ്ഞിനെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തിയ അമ്മ.  ഉചിതമായ പ്രായത്തിൽ മകനെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ അമ്മ. അവന്റെ പരസ്യ ജീവിതകാലത്ത് അവന്റെ വഴികളിൽ കൃത്യമായി മകനെ അനുഗമിച്ച അമ്മ മകന്റെ സഹനവഴികളിൽ ഉയിർപ്പിന്റെ പ്രത്യാശ പകർന്ന് മകനോടൊപ്പം തളരാതെ ഉറച്ചുനിന്ന അമ്മ.  പ്രതിസന്ധിയിൽ മകന്റെ കൂട്ടുകാരെപ്പോലും ഒന്നിച്ചുചേർത്ത് ധൈര്യം പകർന്ന അമ്മ.

നല്ല അമ്മമാരാകാൻ ആഗ്രഹിക്കുന്നവരെല്ലാം ഈശോയുടെ അമ്മയിലേക്കു നോക്കട്ടെ.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.