ഞായർ പ്രസംഗം: പള്ളിക്കൂദാശാക്കാലം ഒന്നാം ഞായര്‍ നവംബർ 01, മത്തായി 25: 1-13 പ്രതീക്ഷയോടെ

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയപ്പെട്ട സഹോദരങ്ങളേ,

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാത്തിരിപ്പ് എന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ നാം പല കാര്യങ്ങള്‍ക്കായി കാത്തിരിക്കുന്നു. ബസ് സ്റ്റോപ്പില്‍ ബസ് വരുന്നതും കാത്തുനില്‍ക്കുന്നു, ട്രാഫിക് സിഗ്‌നല്‍ പച്ച ആകാന്‍ കാത്തുനില്‍ക്കുന്നു, പരീക്ഷാഫലം അറിയാന്‍ കാത്തിരിക്കുന്നു, അല്ലെങ്കില്‍ പ്രിയപ്പെട്ടവരില്‍ നിന്നൊരു സന്ദേശമോ, ഫോണ്‍കോളോ പ്രതീക്ഷിച്ചിരിക്കുന്നത് തുടങ്ങി കാത്തിരിപ്പ് കുറേയുണ്ട്. എന്നാല്‍, ഈ ലൗകിക കാത്തിരിപ്പുകള്‍ക്കപ്പുറം ക്രൈസ്തവ വിശ്വാസത്തിലും വിശുദ്ധ ഗ്രന്ഥത്തിലും കാത്തിരിപ്പിന് വളരെ ആഴമേറിയ ഒരു അര്‍ഥമുണ്ട്.

പള്ളിക്കൂദാശാക്കാലത്തിന്റെ ഒന്നാമത്തെ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് ധ്യാനത്തിനായി നല്‍കിയിരിക്കുന്ന നാല് വായനകളും ഈ കാത്തിരിപ്പിന്റെ സന്ദേശമാണ് നമുക്കു നല്‍കുന്നത്. ഒന്നാം വായനയില്‍ കര്‍ത്താവിന്റെ സാന്നിധ്യത്തിനായി ആഗ്രഹിച്ചു കാത്തുനില്‍ക്കുന്ന മോശയെ അവതരിപ്പിക്കുന്നു. കാത്തുനില്‍ക്കുന്നവര്‍ ചിറകടിച്ചുയരുന്ന കഴുകനെപ്പോലെയാണെന്ന് ഏശയ്യാ പ്രവാചകനിലൂടെ രണ്ടാം വായന പറയുന്നു. ക്രിസ്തുവിന്റെ വിലയേറിയ രക്തത്താല്‍ നമ്മുടെ മനഃസാക്ഷിയെ കഴുകി ശുദ്ധമാക്കി, എണ്ണ നിറഞ്ഞ വിളക്കുകളുമായി മണവാളനെ എതിരേല്‍ക്കാന്‍ നമ്മള്‍ ഉണര്‍ന്ന് ജാഗ്രതയോടെ കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയാണ് സുവിശേഷം നമ്മോട് പറയുന്നത്. പഴയ നിയമത്തില്‍ ദൈവജനമായ ഇസ്രായേല്‍, തങ്ങളെ പാപത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ പോകുന്ന ഒരു രക്ഷകന്റെ വരവിനായി തലമുറകളോളം പ്രത്യാശയോടെ കാത്തിരുന്ന ചരിത്രം നാം കാണുന്നുണ്ട്. പുതിയ നിയമത്തിലാകട്ടെ, ആ വാഗ്ദാനം യേശുക്രിസ്തുവിലൂടെ പൂര്‍ത്തിയായെങ്കിലും അവിടുത്തെ രണ്ടാമത്തെ വരവിനായും നിത്യജീവനായും വിശ്വാസത്തോടും ജാഗ്രതയോടും കൂടെ കാത്തിരിക്കാന്‍ തിരുസഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സഭയിലെ വിശുദ്ധരുടെ ജീവിതം പരിശോധിച്ചാല്‍ അവരെല്ലാം ദൈവത്തിനായി ക്ഷമയോടെ കാത്തിരുന്നവരാണെന്ന് നമുക്ക് കാണാം. വിശുദ്ധ മോനിക്ക പുണ്യവതി തന്റെ മകനായ വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനായി നീണ്ട 30 വര്‍ഷക്കാലം കണ്ണീരോടെ പ്രാര്‍ഥിച്ച് കാത്തിരുന്നു. കുരിശിന്റെ വിശുദ്ധ യോഹന്നാനും മദര്‍ തെരേസയ്ക്കും തങ്ങളുടെ ജീവിതത്തില്‍ ദൈവീകസാന്നിധ്യം അനുഭവപ്പെടാത്ത ആത്മാവിന്റെ ഇരുണ്ട രാവുകളുണ്ടായിരുന്നു. എന്നാല്‍, അവര്‍ ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചില്ല. കര്‍ത്താവിന്റെ സമയം ഏറ്റവും അനുയോജ്യമായ സമയമാണെന്നു വിശ്വസിച്ച് ആത്മീയ ഉണര്‍വോടെ കാത്തിരുന്നതിനാലാണ് അവരെല്ലാം വിശുദ്ധിയുടെ പദവിയിലേക്ക് ഉയര്‍ന്നത്.

സ്‌നേഹമുള്ളവരേ, കാത്തിരിപ്പ് സുഖകരമായ ജീവിതാവസ്ഥയല്ല. ഒന്നാമതായി, ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം നമ്മില്‍ വലിയ തളര്‍ച്ചയും നിരാശയും ഉണ്ടാക്കാറുണ്ട്. നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൃത്യസമയത്ത് നടക്കാതിരിക്കുമ്പോള്‍, എത്ര പ്രാര്‍ഥിച്ചിട്ടും പ്രതിസന്ധികള്‍ മാറാതെ നില്‍ക്കുമ്പോള്‍, ദൈവം എന്നെ മറന്നുപോയോ എന്ന് നാം പലപ്പോഴും ചിന്തിച്ചുപോകാറുണ്ട്. സുവിശേഷഭാഗത്ത് മണവാളനെ കാത്തിരിക്കുന്ന പത്ത് കന്യകമാരുടെ ഉപമ ഇത് വ്യക്തമായി കാണിച്ചുതരുന്നുണ്ട്. മണവാളന്‍ വരാന്‍ വൈകിയപ്പോള്‍ വിവേകശൂന്യരും വിവേകവതികളും ഉറങ്ങിപ്പോയി. കാത്തിരിപ്പ് നീണ്ടുപോകുമ്പോള്‍ മനുഷ്യസഹജമായ തളര്‍ച്ചയും ഉറക്കവും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍, മണവാളന്‍ വൈകിയാലും വരിക തന്നെ ചെയ്യുമെന്ന പ്രത്യാശ കൈവിടാതിരിക്കുന്നതാണ് പ്രധാനം. നമ്മുടെ ജീവിതത്തിലും കാത്തിരിപ്പിന്റെ സമയങ്ങള്‍ നീണ്ടുപോയാലും തളര്‍ന്നുപോകാതെ ദൈവത്തില്‍ പ്രത്യാശ വയ്ക്കാന്‍ നാം പഠിക്കണം.

രണ്ടാമതായി, നമ്മുടെ കാത്തിരിപ്പുകള്‍ ഒരിക്കലും അലസമായ ഒന്നാകരുത്, മറിച്ച് അത് ദൈവകൃപയില്‍ ആഴപ്പെടാനുള്ള അനുഗ്രഹീത നിമിഷങ്ങളായി കാണണം. സുവിശേഷഭാഗത്ത് നാം കാണുന്നുണ്ട്, ബുദ്ധിമതികളായ കന്യകമാര്‍ തളര്‍ന്ന് ഉറങ്ങിപ്പോകുമ്പോഴും അവര്‍ ഒരുക്കമുള്ളവരായിരുന്നു എന്ന്. കാരണം, അവര്‍ കൂടുതല്‍ എണ്ണ കരുതിയിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 35-ാം വാക്യം ഇപ്രകാരം പറയുന്നു: “നിങ്ങള്‍ അര മുറുക്കിയും വിളക്ക് കത്തിച്ചും ഇരിക്കുവിന്‍” എന്ന്. ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഒരു നല്ല വേലക്കാരനെപ്പോലെ അനുദിന ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ചെയ്ത് പ്രാര്‍ഥനയിലും സ്‌നേഹത്തില്‍ അധിഷ്ഠിതമായ സല്‍പ്രവര്‍ത്തികളും ചെയ്ത് നിത്യം ഉണര്‍ന്നിരിക്കാം എന്നാണ്. രൂപമില്ലാത്ത പഞ്ഞിനൂലുകളെ മനോഹരമായ ഒരു വസ്ത്രമാക്കി മാറ്റുന്ന നെയ്ത്തുകാരനെപ്പോലെ കാത്തിരിപ്പിന്റെ നിമിഷങ്ങളില്‍ ദൈവം നമ്മെ അവിടുത്തെ ഇഷ്ടത്തിനൊത്ത് പണിതുയര്‍ത്തുകയും പാകപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ കാത്തിരുന്ന് അതിന്റെ ഒടുവില്‍ ദൈവത്തിന്റെ സ്‌നേഹാര്‍ദ്രമായ സ്വരം നമ്മെ തേടിയെത്തുമ്പോള്‍ അവിടുത്തെ സ്‌നേഹം അനുഭവിക്കാന്‍ തക്കവിധം നമ്മുടെ ആ കാത്തിരിപ്പ് നമ്മെ സഹായിക്കും. അത് ആത്മീയ ജാഗ്രതയുള്ളതും ഒരുക്കമുള്ളതുമായിരിക്കും.

മൂന്നാമതായി, നമ്മുടെ കാത്തിരിപ്പ് യാഥാര്‍ഥ്യബോധമുള്ളതാകണം. വിവേകശൂന്യര്‍ക്ക് നഷ്ടമാകുന്നതും ഈ യാഥാര്‍ഥ്യബോധമാണ്. വിവേകവതികളുടെ എണ്ണ കൊണ്ട് വിളക്ക് തെളിക്കാമെന്ന വ്യര്‍ഥചിന്ത. ഒരു കര്‍ഷകന്‍ കൃഷിയിടത്ത് വിത്ത് വിതച്ചിട്ട് തുടര്‍ച്ചയായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വെറുതെ അലസമായി നോക്കിയിരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഓരോ ദിവസവും ചെടികള്‍ക്ക് വെള്ളവും വളവും കൊടുത്തും കള പറിച്ചും അവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നു.

നാം ഓരോരുത്തരും ദൈവസന്നിധിയില്‍ സമ്പത്ത് ശേഖരിക്കേണ്ടത് മറ്റുള്ളവരുടെ പ്രയത്‌നത്തിന്റെ ഫലമായിരിക്കരുത്, മറിച്ച് നമ്മുടെ തന്നെ അധ്വാനത്തിന്റെ ഫലമായിരിക്കണം. മറ്റുള്ളവര്‍ നമുക്കു വേണ്ടി പ്രാര്‍ഥിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു എന്നുകരുതി നാം ചെയ്യേണ്ട പ്രാര്‍ഥനകളും ത്യാഗങ്ങളും നാം ഉപേക്ഷിക്കേണ്ട എന്നുകൂടി ഈ വചനഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇതു തന്നെയാണ് വി. യാക്കാബ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. “പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതിനാല്‍ തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2:17). ആകയാല്‍ നാം വിശ്വസിക്കുന്നവര്‍ മാത്രമാകാതെ പ്രവര്‍ത്തികളില്‍ അത് പ്രതിഫലിക്കുന്നവര്‍ കൂടെ ആകാന്‍ പരിശ്രമിക്കാം. ജീവിതപ്രതിസന്ധികളില്‍ ദൈവിക ഇടപെടലിന് കാത്തിരിക്കുന്നവര്‍ മാത്രമാകാതെ അവയെ അതിജീവിക്കാന്‍, ദൈവാനുഗ്രഹം പ്രാപിക്കാന്‍ സാധ്യമാകുന്ന വഴികളും നമുക്ക് അന്വേഷിക്കാം.

പ്രിയ സഹോദരങ്ങളേ, നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ അന്തസത്ത തന്നെ ദൈവരാജ്യത്തിനും കര്‍ത്താവിന്റെ കല്‍പനകള്‍ക്കും വേണ്ടിയുള്ള സജീവമായ കാത്തിരിപ്പാണ്. ഈ കാത്തിരിപ്പ് വെറും നിഷ്‌ക്രിയമായ കാത്തിരിപ്പല്ല, മറിച്ച് നമ്മുടെ ആത്മാവിനെ ദൈവകൃപയില്‍ കൂടുതല്‍ ആഴപ്പെടുത്താനും സ്‌നേഹത്തില്‍ വളര്‍ത്താനുമുള്ള അനുഗ്രഹീത നിമിഷങ്ങളാണ്. ജീവിതത്തിന്റെ താളപ്പിഴകളിലും പ്രതിസന്ധികളിലും ദൈവത്തിന്റെ സമയം വൈകുന്നുവെന്ന തോന്നുമ്പോഴും പ്രതികൂലങ്ങളെ അതിജീവിച്ച് വിശ്വാസത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാന്‍ നമുക്ക് സാധിക്കണം. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം 12:12 ല്‍ പറയുന്നതു പോലെ “പ്രത്യാശയില്‍ സന്തോഷിക്കുന്നു, സഹനശീലരായി ഇരിക്കുവിന്‍, പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.” ആകയാല്‍, അവിടുത്തെ സ്‌നേഹം നമ്മെ ഒരുനാളും ഉപേക്ഷിക്കുകയില്ലെന്ന പൂര്‍ണ്ണബോധ്യത്തോടെ നമ്മെ ദൈവം ഭരമേല്‍പിച്ച ദൗത്യത്തില്‍ നമുക്ക് നിഷ്ഠയുള്ളവരാകാം. ദൈവത്തിന്റെ ആര്‍ദ്രമായ സ്വരം നമ്മെ തേടിയെത്തുമ്പോള്‍, തിളങ്ങുന്ന വിളക്കുകളും സജ്ജമാക്കിയ ആത്മാവുമായി അവിടുത്തെ സന്തോഷത്തിലേക്കു പ്രവേശിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ ഓരോ കാത്തിരിപ്പും ദൈവസ്‌നേഹത്തിന്റെ പൂര്‍ത്തീകരണമായും ദൈവരാജ്യത്തിന്റെ അനുഭവമായും മാറുകയും ചെയ്യും. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമേന്‍.

ബ്രദര്‍ അഖില്‍ ഫ്രാന്‍സിസ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.