

സ്വന്തമായി ഒരുതുണ്ട് ഭൂമിയോ, തലചായ്ക്കാൻ ഉറപ്പുള്ളൊരു വീടോ ഇല്ലാതിരുന്ന 17 കുടുംബങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാകുന്നു. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എം.എസ്.ജെ. – ധർമ്മഗിരി) സന്ന്യാസിനീ സമൂഹമാണ് കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാലിൽ മാതൃകാപരമായ സന്നദ്ധപ്രവർത്തനങ്ങളിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നൽകിയത്. ധർമ്മഗിരി കോതമംഗലം സെന്റ് ജോസഫ്സ് പ്രൊവിൻസാണ്, ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട സഭാസ്ഥാപകൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ സ്മരണയിൽ കാരുണ്യത്തിന്റെ വേറിട്ട മാതൃക നൽകിയിരിക്കുന്നത്.
ജാതിമതഭേദമന്യേ അർഹരായവരെ കണ്ടെത്തിയാണ് സ്ഥലം നൽകിയിരിക്കുന്നത്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ധർമ്മഗിരി സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ലഭിച്ച 25 അപേക്ഷകളിൽ നിന്ന് വാടകവീടുകളിൽ കഴിയുന്ന അർഹരായ 17 കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു.
“സ്ഥലമില്ലാത്തതിനാൽ വീട് വയ്ക്കാൻ കഴിയാത്തവരെ കണ്ടെത്തിയാണ് ഒരേക്കർ 55 സെന്റ് ഭൂമി വീതിച്ചുനൽകിയിരിക്കുന്നത്. ഈ സ്ഥലം ലഭിച്ചവരെല്ലാം വാടകയ്ക്ക് താമസിക്കുന്നവരാണ്. ജാതിമതഭേദമന്യേ ഉള്ളവരും അതിൽ ഉൾപ്പെടുന്നു. ഏഴ് സെന്റ് വീതം ഭൂമിയാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്,” പ്രൊവിൻഷ്യൽ സി. അഭയ പറയുന്നു.
റോഡും വെള്ളവും വൈദ്യുതിയും ഉൾപ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ഒന്നര ഏക്കറോളം ഭൂമിയാണ് ഈ സന്ന്യാസിനീ സമൂഹം വിട്ടുനൽകിയത്. ഒരുകാലത്ത് സജീവമായിരുന്ന സാമൂഹികസേവനങ്ങളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. ഇവിടെയുണ്ടായിരുന്ന മരങ്ങളും മറ്റ് വിളകളും ഇനി ഈ കുടുംബങ്ങൾക്ക് സ്വന്തമാണ്.
കൂടാതെ, കുട്ടമ്പുഴ സെന്റ് മേരീസ് ഇടവകയുടെ ആവശ്യങ്ങൾക്കായി കമ്മ്യൂണിറ്റി ഹാളും 13 സെന്റ് സ്ഥലവും ഇടവക വികാരി ഫാ. ജോസ് ചിരപ്പറമ്പിലിന് കൈമാറിയിട്ടുണ്ട്. ജനറലേറ്റിൽ നിന്നുള്ള പ്രത്യേക അനുവാദത്തോടെയാണ് മാതൃകാപരമായ ഈ ഭൂമിദാനം യാഥാർഥ്യമാക്കിയത്.
ഷിബു തെക്കുംപുറം എം.എൽ.എ. ഭൂമിയുടെ ആധാരങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെൻറ് നെടുങ്ങാട്ട്, ധർമ്മഗിരി സന്ന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ മെറീന, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




