
അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരത പുലർത്തുന്നുണ്ടെന്നുമാണ് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
2020-ന് ശേഷമുള്ള കാലയളവിൽ ഭൂരിഭാഗം അമേരിക്കക്കാരുടെയും മതപരമായ പങ്കാളിത്തം, പ്രാർഥനയുടെ തീവ്രത, ആരാധനാലയങ്ങളിലെ പങ്കാളിത്തം എന്നിവയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി ആളുകളുടെ ഇടയിൽ വലിയ രീതിയിൽ വിശ്വാസം വർധിച്ചു എന്ന വ്യാഖ്യാനങ്ങളെ തിരുത്തി കുറിക്കുന്നു. ചില പുതിയ സർവേകളിൽ യുവാക്കൾക്കിടയിൽ മതപരമായ ആചാരങ്ങളോടുള്ള താൽപ്പര്യം കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ വിദഗ്ദ്ധർ പറയുന്നത്, മുൻകാലങ്ങളിലെ തലമുറകളും പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ താരതമ്യേന കൂടുതൽ മതവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെട്ടിട്ടുള്ളത് എന്നാണ്. എന്നാൽ കാലക്രമേണ ഈ ആത്മീയത കുറഞ്ഞുവരുന്നതാണ് ചരിത്രം. അതിനാൽ ഇന്നത്തെ യുവതലമുറയുടെ ഈ പ്രവണത ഭാവിയിലും നിലനിൽക്കുമോ അതോ മാറുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2026-ലെ കണക്കുകൾ അനുസരിച്ച് 34 ശതമാനം മുതിർന്നവരാണ് കഴിഞ്ഞ മാസങ്ങളിൽ ആരാധക്രമാനുഷ്ടാനങ്ങളിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഒരു കണക്കുകൾ വച്ച് അമേരിക്കൻ സമൂഹത്തിൽ പൊതുവേ മതവിശ്വാസം വർധിച്ചുവെന്ന് പറയാനാകില്ലെന്നും സ്ഥിരതയുടെ ഒരു ഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ ആത്മീയ അന്തരീക്ഷം കടന്നുപോകുന്നതെന്നും റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടി.




