സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു 68 മരണം: സഹായവും പ്രാർഥനയുമായി കത്തോലിക്കാ സഭയും കാരിത്താസും

മാഡ്രിഡിൽ നിന്ന് സെവില്ലെയിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരകളായവർക്ക്‌ സഹായവും പ്രാർഥനയുമായി കത്തോലിക്കാ സഭയും കാരിത്താസും രംഗത്തെത്തി. 68 പേരുടെ മരണത്തിനിടയായ അപകടത്തെ തുടർന്ന് സ്പാനിഷ് മെത്രാൻ സമിതിയും (CEE) നിരവധി രൂപതകളും മെത്രാന്മാരും തങ്ങളുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കഴിഞ്ഞ 13 വർഷത്തിനിടയിൽ സ്പെയിനിൽ നടക്കുന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. മാഡ്രിഡിന് തെക്ക് ഭാഗത്തുള്ള മോറയ്ക്കും ഓർഗാസിനും ഇടയിൽ ബുധനാഴ്ച രാവിലെ ഒൻപതുമണിയോടടുത്താണ് ദുരന്തം നടന്നത്. കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ‘ഇരിയോ’ കമ്പനിയുടെ ട്രെയിനിന് പിന്നിലേക്ക്, അതേ ദിശയിൽ വന്ന സ്പെയിനിന്റെ ഔദ്യോഗിക റെയിൽവേ കമ്പനിയായ ‘റെൻഫെ’യുടെ മറ്റൊരു അതിവേഗ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ചില ബോഗികൾ മറിഞ്ഞുവീണു. അപകടത്തെ തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളടക്കം എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

“ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ ആത്മാവിന് ശാന്തിയും പരിക്കേറ്റവർക്ക് വേഗത്തിലുള്ള രോഗമുക്തിയും നേർന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. ദുരന്തത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുകയും, ക്രിസ്തീയ സമൂഹത്തിന്റെ പ്രാർഥനാ കൂട്ടായ്മകളിൽ അവർക്കായി പ്രാർഥിക്കാൻ അഭ്യർഥിക്കുകയും ചെയ്യുന്നു. ദുഃഖിതരുടെ ആശ്വാസവും സമാധാനത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ സർവ്വേശ്വരൻ മരണമടഞ്ഞവർക്ക് നിത്യജീവനും, അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും പ്രത്യാശയും പ്രധാനം ചെയ്യട്ടെ”- സ്പാനിഷ് മെത്രാൻ സമിതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അപകടത്തെത്തുടർന്ന് പ്രാദേശിക ഇടവകകളും സഭാ സ്ഥാപനങ്ങളും ദുരിതബാധിതർക്കായി തുറന്നുകൊടുത്തതായി സഭാ വൃത്തങ്ങൾ അറിയിച്ചു. അപകടസ്ഥലത്ത് ആവശ്യമായ ആത്മീയ പിന്തുണയും മാനുഷിക സഹായങ്ങളും നൽകാൻ വൈദികരും സന്നദ്ധപ്രവർത്തകരും സംഭവസ്ഥലത്ത് തന്നെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.