
പെറുവിലെ അഭയകേന്ദ്രത്തിൽ നിന്ന് ഒരു കൂട്ടം കുഞ്ഞുങ്ങൾ ലെയോ പതിനാലാമൻ പാപ്പയ്ക്ക് സ്നേഹാശംസകളുമായി സന്ദേശം അയച്ചു. പെറുവിലെ ചിക്ലായോയിലുള്ള ഫെറേനാഫെയിലെ സാന്താ മരിയ ജോസെഫ അഭയകേന്ദ്രത്തിലെ കുട്ടികളാണ് മാർപാപ്പയ്ക്കായി പ്രത്യേക സന്ദേശങ്ങൾ തയ്യാറാക്കിയത്. ‘ഫുഡ് ഫോർ ദി പൂർ’, ‘കാരിത്താസ് പെറു’ എന്നീ ജീവകാരുണ്യ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സ്നേഹോപഹാരം കുട്ടികൾ മാർപാപ്പയ്ക്ക് കൈമാറിയത്.
‘വേഗം സുഖം പ്രാപിക്കട്ടെ’, ‘ചിക്ലായോയിലെ കുട്ടികൾ അങ്ങയെ സ്നേഹിക്കുന്നു’, ‘ലെയോ മാർപാപ്പേ, ഞങ്ങൾ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു’ തുടങ്ങി കൗതുകവും സ്നേഹവും നിറഞ്ഞ വാക്കുകളാണ് ഈ കൊച്ചുകൂട്ടുകാർ പാപ്പയ്ക്കായുള്ള കത്തുകളിൽ കുറിച്ചത്. വത്തിക്കാനിലേക്ക് അയക്കുന്ന ഈ സന്ദേശങ്ങൾ കുട്ടികളുടെ അടിയുറച്ച വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമാണെന്ന് കാരിത്താസ് അധികൃതർ വ്യക്തമാക്കി.
“വിപരീത സാഹചര്യങ്ങളിൽ പോലും, സമൂഹത്തിന് പ്രചോദനമേകാൻ പോന്ന സ്നേഹവും വിശ്വാസവും നിലനിർത്താൻ കുട്ടികൾക്ക് സാധിക്കുമെന്ന ലളിതവും അർഥവത്തുമായ സന്ദേശമാണ് ഈ പ്രവർത്തി വ്യക്തമാക്കുന്നത്,” ഒക്ടോബർ 26 തിങ്കളാഴ്ച ശിശു സംരക്ഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് കാരിത്താസ് പെറു പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ ഭാഗമായി നവംബർ 13, 14 തീയതികളിൽ പാപ്പ പെറു സന്ദർശിക്കാനിരിക്കെയാണ് കുട്ടികൾ പാപ്പയ്ക്കായി പ്രാർഥനകളും ആശംസകളും തയ്യാറാക്കിയത്.




