ഉയര്‍പ്പ് ഞായര്‍- പ്രസംഗം

ക്രിസ്തു മരിച്ചുവരുടെയിടയില്‍നിന്ന് ഉയിര്‍ത്തിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. വി. പൗലോസ് ശ്ലീഹായുടെ വാക്കുകളാണിവ തിരുനാളുകളുടെ തിരുനാളും, ഏതൊരു ക്രൈസ്തവന്റെയും വിശ്വാസത്തിന്റെ കേന്ദ്രവുമായ ഈശോയുടെ ഉയിര്‍പ്പിന്റെ തിരുനാള്‍ ഇതാ ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി ആഗതമായിരിക്കുന്നു. ഏവര്‍ക്കും തിരുനാളിന്റെ നല്ല മംഗളങ്ങള്‍ നേരുന്നു.

രണ്ടായിരാമാണ്ടില്‍ റോമന്‍ കുരിയായിലെ വാര്‍ഷികധ്യാനത്തിന് വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്ഷണിച്ചത് വിയറ്റ്‌നാമില്‍ നിന്നുള്ള വാന്‍ത്വാന്‍ എന്ന മെത്രാനെയായിരുന്നു. നീണ്ട 13 വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ ദൈവത്തില്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ട മെത്രാനായിരുന്നു വാന്‍ത്വാന്‍. കാപ്പി കുടിക്കുന്നതിനിടയില്‍ കുശലാന്വേഷണമായി പരിശുദ്ധ പിതാവ് വാന്‍ ത്വാന്‍ മെത്രാനോട് ചോദിച്ചു. ”താങ്കള്‍ എന്തിനെക്കുറിച്ചാണ് ഇന്ന് ഞങ്ങളെ ധ്യാനിപ്പിക്കാന്‍ പോകുന്നത്?

വാന്‍ത്വാന്‍ തന്റെ ഇരു കരങ്ങളും പിതാവിനു മുന്‍പില്‍ തുറന്ന് പിടിച്ചിട്ട് പറഞ്ഞു. പിതാവേ, കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ടപ്പോള്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ആരും കാണാതെ വലതു കൈയ്യില്‍ മൂന്നു തുള്ളി വീഞ്ഞും അതില്‍ ഒരു തുള്ളി വെള്ളവുമൊഴിച്ച് ഇടതുകൈയ്യില്‍ കിട്ടിയ അപ്പത്തിന്റെ ഏതാനും പൊടിക്കഷണങ്ങളുമിട്ട് ഞാന്‍ വി.ബലിയര്‍പ്പിച്ചു. അപ്പോഴൊക്കെ വി. ബലിയില്‍ എഴുന്നള്ളി വന്നിരുന്ന കര്‍ത്താവിനോട് ഞാന്‍ ഒന്നു മാത്രമാണ് പ്രാര്‍ത്ഥിച്ചത്. എന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാനുള്ള വരം തരണമേയെന്ന് മാത്രം”. ചുറ്റം പടരുന്ന ഇരുട്ടിലും എന്റെ കൈകളില്‍ എഴുന്നള്ളിവന്ന് ക്രൂശിതനായ ഈശോ പ്രത്യാശയെക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രത്യാശയിലാണ് പിന്നീട് ഞാന്‍ പുറംലോകം കണ്ടതും ഇവിടെ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നതും. ക്രൂശിതന്‍ എന്നെ പഠിപ്പിച്ച ഈ പ്രത്യാശയെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.

ഭോഷത്വത്തിന്റെയും പരിഹാസത്തിന്റെയും അടയാളമായിരുന്ന കുരിശിനെ രക്ഷയുടെ അടയാളമാക്കി കുരിശില്‍ മരിച്ചവന്‍ ഈ ഉത്ഥാനത്തിന്‍ നാളില്‍ നമ്മോട് വാചാലാകുന്നത് പ്രത്യാശയെക്കുറിച്ചാണ്.
അതെ, പ്രിയമുള്ളവരേ ഈസ്റ്റര്‍ നമുക്ക് പ്രത്യാശയുടെ ആഘോഷമാണ്.
ആര്‍ഷഭാരത സംസ്‌കാരത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളില്‍ ഒന്നായ, മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള ”മൃത്യോമ അമൃതം ഗമയാ” – മരണത്തില്‍നിന്ന് മരണമില്ലായ്മയിലേക്ക് നയിക്കണമേയെന്ന പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് ഈ ഉയിര്‍പ്പു തിരുനാള്‍.

ഇന്നലെയും ഇന്നും എന്നും മനുഷ്യനെ അലട്ടുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ് ”മരണത്തിനപ്പുറം എന്താണ്” എന്നുള്ളത്. ഇന്നു മുതല്‍ നമുക്കിടയിലും നമ്മുടെ ജീവിതത്തിലും ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം ”ഞാനാകുന്നു പുനരുത്ഥാനവും ജീവനുമെന്ന് പഠിപ്പിച്ചവന്‍ അത് നമുക്ക് കാണിച്ച് തന്നിരിക്കുന്നു. മരണത്തിന് ശേഷമുള്ള ഉത്ഥാനത്തിലൂടെ നാളെ നിങ്ങള്‍ക്കും എനിക്കും മരണത്തിനപ്പുറമുള്ള ഉത്ഥാനമെന്ന ദൈവീക സത്യത്തിന്റ വെളിപ്പെടുത്തലിലൂടെ.
ഇത് കേവലം ഭൗതീകമായ പ്രത്യാശയല്ല, മറിച്ച് അഭൗമികതയിലുള്ള ഈ ലോകത്തിനപ്പുറത്തേക്കും എത്തി നില്‍ക്കുന്ന ഒരു പ്രത്യാശയാണ്. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുമെന്നും അതിനാല്‍ ഈ ലോക കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാമെന്നും നയിക്കണമെന്നും പഠിപ്പിക്കുന്ന, വിശ്വാസ ജീവിതത്തിനും സഭാസംവിധാനങ്ങള്‍ക്കും അര്‍ത്ഥമില്ലെന്ന് പ്രഘോഷിക്കുന്ന വ്യക്തികളില്‍നിന്നും, മനോഭാവങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളിലുംനിന്നുമൊക്കെ മാറി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന…. നമ്മെ പ്രേരിപ്പിക്കേണ്ട ഒരു പ്രത്യാശയാണിത്. ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുന്ന ആശംസ ”ഭയപ്പെടേണ്ട, നിങ്ങള്‍ക്ക് സമാധാനം”. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ് ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുന്നവരും അവനില്‍ വിശ്വസിക്കുന്നവരും ഇനിമേല്‍ ഭയപ്പെടേണ്ട. കാരണം ജീവിതവഴികളില്‍ നിനക്ക് കരുത്തുപകരുവാന്‍, നിന്നെ വഴിനടത്തുവാന്‍, നിന്റെ പാദങ്ങള്‍ക്ക് വിളക്കും, പാതയില്‍ വെളിച്ചവുമായി അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.
മഗ്ദലന മറിയത്തോട് ക്രിസ്തു ചോദിക്കുന്ന ചോദ്യമുണ്ട് ”സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്?”.

ഉത്ഥിതനായ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഇന്ന് കരയുന്നുണ്ടെങ്കില്‍, അത് അവരുടെ മാതാപിതാക്കളെക്കുറിച്ചോര്‍ത്തോ, മക്കളെക്കുറിച്ചോര്‍ത്തോ, ജീവിത പങ്കാളിയെക്കുറിച്ചോര്‍ത്തോ, കൂടെപ്പിറപ്പുകളെക്കുറിച്ചോ, ഏറ്റെടുത്ത ജീവിതാവസ്ഥയെക്കുറിച്ചോര്‍ത്തോ, വിവിധങ്ങളായ ജീവിതസാഹചര്യങ്ങളെക്കുറിച്ചോ, എന്തിനെപ്പറ്റിയോ ആയിക്കൊള്ളട്ടെ. ക്രിസ്തു ഇന്ന് അവരോട് ചോദിക്കുന്ന ചോദ്യം ഇതു തന്നെയാണ്. ”എന്തിനാണ് നീ പ്രത്യാശയില്ലാത്തവരെപ്പോലെ കരയുന്നത്? നിന്റെ വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം നല്‍കാന്‍, ഒരു പരിഹാരം കാണാന്‍ മരണത്തെപ്പോലും തോല്പിച്ച് ഉത്ഥാനത്തിന്റെ വിജകിരീടം ചൂടി നില്‍ക്കുന്ന ക്രിസ്തുവാണ് നിന്റെ രക്ഷകന്‍.
അതുകൊണ്ട് കണ്ണുനീരിന്റെ ദുഃഖവെള്ളിയാഴ്ചകളില്‍ പ്രത്യാശ കൈവിടാതെ ”ഭയപ്പെടേണ്ട നിങ്ങള്‍ക്കു സമാധാനം” എന്ന് പറയുന്നവനില്‍ അഭയം പ്രാപിക്കാന്‍ നമുക്ക് സാധിച്ചാല്‍ ഈസ്റ്ററിന്റെ സന്തോഷവും സമാധാനവും നമ്മെ വ്യക്തിപരമായിത്തന്നെ തേടിവരും.

ജീവിതത്തിലെ കടലുകള്‍ക്കപ്പുറം ഒരു കരയുണ്ടെന്നും ഇരുണ്ട രാവുകള്‍പ്പുറം പുലരിയുടെ പൊന്‍വെളിച്ചമുണ്ടെന്നും മരണത്തിനപ്പുറം ഉത്ഥാനത്തിന്റെ നിത്യജീവനുണ്ടെന്നും അത് നമ്മെ പഠിപ്പിക്കും. പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വേദനകള്‍ക്കും ആകുലതകള്‍ക്കുമിടയിലും സന്തോഷത്തോടെ, പ്രത്യാശയോടെ മുന്‍പോട്ടു പോകുവാന്‍ അത് നമ്മെ ശക്തിപ്പെടുത്തും. അതുകൊണ്ട് നിങ്ങള്‍ക്കും എനിക്കും നമുക്കെല്ലാവര്‍ക്കും മുന്‍പോട്ട് പോകാനുള്ള ഒരു കാരണമാണ് മരണത്തെ തോല്പിച്ച് ഉത്ഥാനം ചെയ്ത് വി. കുര്‍ബ്ബാനയായി നമുക്കൊപ്പം വസിക്കുന്ന ഈശോ.
2003-ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ തകര്‍ന്നുവീണ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കൊപ്പം ഒരു സ്‌കൂള്‍ കെട്ടിടവുമുണ്ടായിരുന്നു. തകര്‍ന്നു കിടകക്കുന്ന സ്‌കൂളിനെ ലക്ഷ്യമാക്കി ഒരു പിതാവ് അലമുറയിട്ടുകൊണ്ട് ഓടിയെത്തുകയാണ്. രക്ഷാപ്രവര്‍ത്തകരുടെ നിയന്ത്രണമൊന്നും വകവയ്ക്കാതെ അയാള്‍ തന്റെ കുഞ്ഞ് പഠിച്ചിരുന്ന ക്ലാസ മുറിയുടെ അടുത്തെത്തി ഒരു മണ്‍വെട്ടികൊണ്ട് മണ്ണ് വെട്ടിമാറ്റാന്‍ തുടങ്ങി. കെട്ടിടത്തിന്റെ ശേഷിച്ച ഭാഗം കൂടി എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാം എന്നുള്ളതുകൊണ്ട് ആരും അയാളുടെ സഹായത്തിനെത്തിയില്ല. ഏകദേശം 36 മണിക്കൂറുകള്‍ കടന്നുപോയി. പെട്ടെന്നാണ് അയാള്‍ ‘അപ്പാ’ എന്നൊരു സ്വരം കേട്ടത്. അത് തന്റെ കുഞ്ഞിന്റെ ശബ്ദമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മറ്റുള്ളവരും അപ്പോള്‍ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ഒടുവില്‍ കെട്ടിടം തകര്‍ന്ന സമയത്ത് എങ്ങനെയോ രൂപംകൊണ്ട ത്രികോണ്‍ പോലുള്ള സുരക്ഷിതമായൊരിടത്ത് തന്റെ മകനും മറ്റു രണ്ടു കുട്ടികളും സുരക്ഷിതരായിരിക്കുന്നത് അയാള്‍ കണ്ടു. ഈ നീണ്ട 36 മണിക്കൂറുകള്‍ എങ്ങനെ അവിടെ കഴിഞ്ഞുകൂടി എന്ന് അത്ഭുതത്തോടെ ചോദിച്ചവരോട് ആ കുഞ്ഞ് പറഞ്ഞു. ”ഞാന്‍ കൂട്ടുകാരോട് പറഞ്ഞു, എന്റെ അപ്പന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മളെ രക്ഷിക്കാന്‍ വന്നിരിക്കുമെന്ന്”. ഞങ്ങള്‍ അതുകൊണ്ട് അപ്പനെ കാത്തിരിക്കുകയായിരുന്നു.

ജീവിതവിഷമങ്ങളുടെ വെളിച്ചം കടക്കാത്ത ഭൂവറകളില്‍ പെട്ടുപോയതായിരിക്കാം നമ്മുടെ ജീവിതങ്ങള്‍. പക്ഷെ നമുക്ക് ശാന്തരാകാം. എന്തെന്നാല്‍ നമ്മുടെ അപ്പന്‍ ജീവിച്ചിരിപ്പുണ്ട്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. പ്രതീക്ഷയോടെ, വിശ്വാസത്തോ ടെ കാത്തിരുന്നാ ല്‍ ജീവതവഴികളില്‍ വെളിച്ചം വിതറി അവിടുന്ന് നമ്മെ തേടിവരും തീര്‍ച്ച.

ഡീ.സിനോജ് ഇരട്ടക്കാലായില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.