ഈസ്റ്റര്‍ പൂക്കളിന്റെ രഹസ്യങ്ങള്‍

ഓരോ സൃഷ്ടിയും, സംസാരിക്കുന്നുണ്ട്, അത് പൂവായാലും കായയാലും എന്തൊക്കെയോ അത് പങ്കുവയ്ക്കുന്നുണ്ട്. സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. അതു തന്നെയാണ് ഇതും. ഓരോ പൂവും ചെടിയും സ്രഷ്ടാവിന്റെ നന്മകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. അത് മനസിലാക്കി ജീവിക്കുകയെന്നത് നമ്മുടെ കടമയാണ്.

ഈ പ്രപഞ്ചം മുഴുവന്‍ കുരിശുമരണത്തിന്റെയും ഉയര്‍പ്പിന്റെയും മുദ്രകള്‍ വീണിട്ടുണ്ടെന്നാണ് കസന്‍ ദ് സക്കീസ് അഭിപ്രായപ്പെടുന്നത്. അത് ശരിയാണുതാനും. സംശയമുണ്ടെങ്കില്‍ ഒരു ഇലയെടുത്ത് സൂര്യവെളിച്ചത്തിലേക്ക് നീട്ടിപ്പിടിക്കൂ; അതില്‍ കുരിശുമരണം കാണാന്‍ സാധിക്കും. അതിനെ തിരിച്ചുപിടിച്ചാല്‍ ഉയിര്‍പ്പ് തെളിയുന്നതും കാണാന്‍ സാധിക്കും.

കാര്‍ഡ് തുറക്കുമ്പോള്‍ പൂക്കള്‍ക്കിടയില്‍ നിന്ന് ജിംഗിള്‍ ബെല്‍സ് പാട്ട് കേള്‍ക്കുന്ന ക്രിസ്തുമസ് കാര്‍ഡുകള്‍ പോലെ ഈസ്റ്റര്‍ കാര്‍ഡുകളുമുണ്ട്. ലില്ലിപ്പൂക്കളാണ് കാര്‍ഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. പിന്നീടാണ് മനസിലായത്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ലില്ലിപ്പൂവിനുള്ള സ്ഥാനം. ലില്ലിപ്പൂവിന്റെ വെള്ളനിറം പ്രഘോഷിക്കുന്നത് യേശുവിന്റെ നന്മയെയും വിശുദ്ധിയെയുമാണ്.

മറിയത്തിന്റെ മുമ്പില്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നത് ഒരു തോട്ടക്കാരനായിട്ടാണ്. പ്രേക്ഷകര്‍ക്ക് പൂക്കാലമൊരുക്കുന്നവനാണ് തോട്ടമുടമ. ഈസ്റ്റര്‍ എന്ന പദത്തിന് തോട്ടവുമായി ബന്ധമുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം പഠിക്കുന്നവര്‍ക്കറിയാം പ്രകൃതിയിലെ പുഷ്‌പോത്സവത്തിന് പ്രാചീനര്‍ കൊടുത്ത പേരായിരുന്നു ഈസ്റ്റര്‍ എന്ന്.

ശിശിരത്തിന്റെ പൊഴിച്ചിലും വരള്‍ച്ചയും അത് ഈശോയുടെ പീഢാനുഭവത്തെയും മരണത്തെയും സൂചിപ്പിക്കുമ്പോള്‍ വസന്തകാലം ഉത്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. ബാലസൂര്യന്റെ കിരണങ്ങള്‍ മണ്ണിനെ സ്പര്‍ശിക്കുമ്പോള്‍ ഇടയ്ക്കിടെ ചാറ്റല്‍മഴ അടിവരുകളെ ത്രസിപ്പിക്കുമ്പോള്‍ പൂക്കളായ്, ഫലങ്ങളായ് വസന്തം വിരുന്നു വരുന്നു ഉയിര്‍പ്പിന്റെ മഹിമകളെ പാടിപ്പുകഴ്ത്തിക്കൊണ്ട്.

വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാത്ത എന്നെ പോറ്റാന്‍ ദൈവമുണ്ടെന്ന ലില്ലിപ്പൂവിന്റെ കോണ്‍ഫിഡന്‍സാണ് ലില്ലിപ്പൂവിന്റെ മറ്റൊരു ഈസ്റ്റര്‍ സന്ദേശം. ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്നു പറഞ്ഞ ക്രിസ്തുവിന്റെ ഉയിര്‍പ്പാണ് പ്രത്യാശയാണ് ലില്ലിപ്പൂക്കള്‍ അനൗണ്‍സ് ചെയ്യുന്നത്.

ഈസ്റ്റര്‍ പൂക്കളില്‍ മറ്റൊരു പ്രമുഖന്‍ പാഷന്‍ ഫ്‌ളവര്‍ ആണ്. യേശുവിന്റെ കുരിശുമരണത്തെയും തിരുമുറിവുകളെപ്പറ്റി ധ്യാനിപ്പിക്കാനും ഈ പൂവിന്റെ മുകുളങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇവയുടെ മൂന്ന് ഇതളുകള്‍ ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം പ്രഘോഷിക്കാനും നമ്മെ സഹായിക്കുന്നു. ഒടുവില്‍ ജനനത്തിനു മൂന്നാം നാള്‍ അത് മണ്ണിലലിയുമ്പോള്‍ അത് പ്രഘോഷിക്കുന്ന സന്ദേശം വലുതാണ്. അതെ, മൂന്നാം നാള്‍ ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മണ്ണോട് ചേരും പോലെ നീയും ഒരുനാള്‍ മണ്ണോടു ചേരും. ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിച്ച് ജീവിച്ചാല്‍ വീണ്ടും നമുക്ക് ഒരു ഉത്ഥാനമുണ്ടാകും.

ഫാ. ജോസഫ് പറഞ്ഞാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.