ഒക്ടോബര്‍ 19: കുരിശിന്റെ വി. പൗലോസ് (1694-1775)

1694 -ല്‍ വടക്കേ ഇറ്റലിയിലുള്ള പീഡ്മോണ്ടിലെ ഒവാഡായില്‍ പോള്‍ ഫ്രാന്‍സിസ് ദാനേയി ജനിച്ചു. പോള്‍ ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ഭക്തയായിരുന്ന മാതാവിന്റെ സ്വാധീനം വളരെയധികമായിരുന്നു. മക്കളെ വിളിച്ചുകൂട്ടി പൂര്‍വകാല സന്യാസികളുടെയും താപസികരുടെയും ചരിത്രം വായിച്ചുകേള്‍പ്പിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അവയൊക്കെ സമചിത്തതയോടെ നേരിടാന്‍ മക്കളെ പഠിപ്പിച്ചത് കൈയ്യില്‍ ക്രൂശിതരൂപം നല്‍കിയിട്ട്, “മക്കളേ, ഈശോ എത്രമാത്രം സഹിച്ചെന്നുകണ്ടാലും” എന്ന് പറഞ്ഞുകൊണ്ടാണ്.

1713 -ല്‍ ശ്രവിച്ച ഒരു പ്രസംഗം പോള്‍ ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഒരു പൊതുകുമ്പസാരം നടത്തി തന്റെ ജീവിതത്തെ അദ്ദേഹം ദൈവത്തിനു സമര്‍പ്പിച്ചു. കുറേനാള്‍ കഴിഞ്ഞ് ക്ലെമന്റ് 11 -ാമന്‍ പാപ്പാ നല്‍കിയ ആഹ്വാനമനുസരിച്ചും രക്തസാക്ഷിയാകാനുള്ള താല്‍പര്യംകൊണ്ടും കുരിശുയുദ്ധത്തിനുപോകാന്‍ താല്പര്യപ്പെട്ടു. എന്നാല്‍ അതല്ല തന്റെ വിളിയെന്നു മനസ്സിലാക്കി അതില്‍നിന്നു പിന്‍വാങ്ങി.

1720 -ല്‍ അദ്ദേഹത്തിനു ലഭിച്ച ആന്തരികപ്രേരണയനുസരിച്ച് താപസജീവിതത്തിനായി ഒരുങ്ങി. തുടര്‍ച്ചയായി കിട്ടിയ ദൈവികപ്രചോദനമനുസരിച്ച് സഭയുടെ അനുവാദത്തോടുകൂടെ ഈശോയുടെപേരില്‍ ഒരു സമൂഹം സ്ഥാപിച്ചു. നാല്പതുദിവസത്തെ ധ്യാനത്തിനുശേഷം കുരിശിന്റെ പൗലോസ് എന്ന പേര് സ്വീകരിക്കുകയും പുതിയ സന്യാസ സമൂഹത്തിന്റെ നിയമാവലിക്ക് രൂപംനല്‍കുകയും ചെയ്തു. കാസ്റ്റെല്ലാസോക്കു സമീപം താമസിച്ചുകൊണ്ട് മതപഠനക്ലാസ്സുകള്‍ സംഘടിപ്പിച്ച് മതപഠനം നടത്തുകയും പരിശുദ്ധ കുര്‍ബാനയെപ്പറ്റി പ്രസംഗിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് പതിവില്ലായിരുന്ന അനുദിന ദിവ്യകാരുണ്യഭോജനം പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം വളരെയധികം യത്നിച്ചു.

ദിവ്യകാരുണ്യഭക്തി പ്രകടമാക്കുകയും സ്വന്തസഹോദരനെയും കൂട്ടി പാഷനിസ്റ്റ് സഭ സ്ഥാപിക്കുകയും നിരവധി സഹനങ്ങളിലൂടെ യഥാര്‍ഥത്തില്‍ കുരിശിന്റെ പൗലോസായിത്തീരുകയും ചെയ്ത പൗലോസ് 1775 -ല്‍ മരണമടഞ്ഞു. അദ്ദേഹം മരിക്കുമ്പോള്‍ 12 ഭവനങ്ങളിലായി സഭക്ക് 200 അംഗങ്ങളുണ്ടായിരുന്നു. 1867 -ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിചിന്തനം: സൂക്ഷ്മമായി മതതത്വങ്ങള്‍ പഠിക്കുന്നതുകൊണ്ടെന്നതിനേക്കാള്‍ സര്‍വവും പരിത്യജിക്കുന്നതുകൊണ്ടാണ് പുണ്യാഭിവൃദ്ധിയുണ്ടാകുന്നത്.

ഇതരവിശുദ്ധര്‍: ലോറാ (+864) രക്തസാക്ഷി/ ഐസക് ജോഗ്സ് (1607-1646)/ എത്ബിന്‍ (ആറാം ശതകം)/ ജിന്‍ ബെബ്രോഫ് (1593-1649)രക്തസാക്ഷി /അക്വീലിനൂസ്(620-695) എവ്രോയിലെ മെത്രാന്‍/ ക്ലിയോപാട്രാ(+319) പാല്സ്തീന്‍/വാതൂസ് (+307)/ തിയോഫ്രിഡ് (+728)രക്തസാക്ഷി/ റിലായിലെ ജോണ്‍ (876-946)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.