ഒക്ടോബര്‍ 18: വി. ലൂക്കാ

സുവിശേഷകന്മാരിലൊരാളായ വി. ലൂക്കാ അന്ത്യോക്യായില്‍ വിജാതീയ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. അദ്ദേഹം ആ നാട്ടിലെ പ്രശസ്തനായ ഒരു വൈദ്യനും ചിത്രകാരനുമായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയിരുന്ന ലൂക്കായെ പൗലോസ് ശ്ലീഹായാണ് മാനസാന്തരപ്പെടുത്തിയത്. പിന്നീട് ശ്ലീഹായുടെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു ലൂക്കാ.

ലൂക്കാ ഈശോയുടെ ജീവിതത്തിന് ഒരു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും ശ്ലീഹന്മാരില്‍നിന്നും ഈശോയുടെ ജീവിതം വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഇതുകൂടാതെ, വേണ്ടത്ര ഗവേഷണങ്ങള്‍ക്കുശേഷമാണ് ലൂക്കാ തന്റെ സുവിശേഷം എഴുതാന്‍ ആരംഭിച്ചത്. എ.ഡി. 60-ാം ആണ്ടില്‍ അക്കായില്‍ വച്ചാണ് അദ്ദേഹം സുവിശേഷം എഴുതാനാരംഭിച്ചത്. അതിനുശേഷം നടപടി പുസ്തകവും ലൂക്കാ രചിച്ചു. ഈ രണ്ടു പുസ്തകങ്ങളും തെയോഫിലസ്സിനെ സംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. അദ്ദേഹം ഒരു ചരിത്രപുരുഷനോ, ഒരു തൂലികാനാമമോ ആണെന്നാണ് വിശ്വസിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ ചിത്രം ആദ്യമായി വരച്ചത് ലൂക്കായാണെന്നാണ് പറയപ്പെടുന്നത്.

പൗലോസ് ശ്ലീഹായാല്‍ മാനസാന്തരപ്പെട്ട ലൂക്കാ, ശ്ലീഹായോടൊപ്പം പ്രേഷിതയാത്രകളില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ബന്ധം ശ്ലീഹായുടെ മരണംവരെ നിലനിന്നിരുന്നു. സേസരെയായില്‍വച്ച് കാരാഗൃഹത്തിലടയ്ക്കപ്പട്ടപ്പോഴും റോമാ യാത്രയിലും ശ്ലീഹായോടൊപ്പം ലൂക്കായുമുണ്ടായിരുന്നു. വി. ലൂക്കായെ ‘എന്റെ പ്രിയപ്പെട്ട വൈദ്യന്‍’ എന്നാണ് കൊളോസോസിലെ സഭക്കുള്ള ലേഖനത്തില്‍ ശ്ലീഹാ സംബോധന ചെയ്തിരിക്കുന്നത്.

പൗലോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം ലൂക്കാ സുവിശേഷപ്രചരണത്തിനായി അക്കായിലേക്കു പോയി. അവിടെവച്ച് അദ്ദേഹം മരണമടഞ്ഞു എന്നു വിശ്വസിക്കുന്നു.

വിചിന്തനം: എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും – ലൂക്കാ 21:17-19.

ഇതരവിശുദ്ധര്‍: പീറ്റര്‍(1499-1562)/ അത്തെനോഡോറസ്സ (+269)/ ഗ്വെന്‍ (അഞ്ചാം നൂറ്റാണ്ട്)/ മോണോന്‍ (+645)/ ജസ്റ്റസ് (+287)/ട്രൈഫോണിയ (മൂന്നാം നൂറ്റാണ്ട്).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.