
കര്‍മ്മലീത്താ സഭയുടെ നവീകരണത്തിന് ദൈവം നിയോഗിച്ച വിശുദ്ധയാണ് ആവിലായിലെ ത്രേസ്യ. സഭയുടെ ചൈതന്യമനുസരിച്ചുള്ള നിയമാവലി ഏറെ നിസാരവല്ക്കരിക്കപ്പെട്ടിരുന്ന കാലത്താണ് അവള്‍ സഭയില്‍ ചേര്‍ന്നത്. എന്നാല്‍, ദൈവസ്നേഹം കൊണ്ട് ജ്വലിക്കപ്പെട്ട അവള്‍ സഭയെ ആരംഭവിശുദ്ധിയിലേക്കു കൊണ്ടുവന്നു.
സ്‌പെയിനിലെ ആവിലാ നഗരത്തില്‍ 1515 മാര്‍ച്ച് 28 ന് പ്രഭുവംശജനായ അല്‍ഫോന്‍സ് ഡാഞ്ചെസിന്റെയും അഹുദയുടെയും മകളായി ജനിച്ചു. കുട്ടിക്കാലത്തു തന്നെ വിശ്വാസജീവിതത്തില്‍ അവള്‍ ഏറെ തീക്ഷ്ണമതിയായിരുന്നു. 18-ാം വയസ്സില്‍ ആവിലായിലെ കര്മ്മലമഠത്തില് ചേര്‍ന്നു. അക്കാലത്ത് കര്മ്മലസഭയുടെ നിയമങ്ങള്‍ വളരെ അയഞ്ഞതായിരുന്നു. 20 വര്‍ഷത്തോളം ആ ജീവിതം അവള്‍ക്കും ഹരമായി. എന്നാല്‍ 38-ാമത്തെ വയസ്സില്‍ വീണ്ടുമൊരു മാനസാന്തരത്തിന് അവള്‍ വിധേയയായി. ‘കണ്‍ഫഷന്‍സ് ഓഫ് സെന്റ് അഗസ്റ്റിന്‍’ എന്ന പുസ്തകവായനയാണ് അതിനു കാരണമായത്.
പ്രാര്‍ഥനയുടെ അന്തരീക്ഷം തന്റെ സമൂഹത്തിലില്ലെന്നു തിരിച്ചറിഞ്ഞ ത്രേസ്യ, സഭാനവീകരണത്തിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. ആത്മീയപിതാവായ വി. പീറ്റര്‍ അല്‍കാസ്രയും വി. ഫ്രാന്‍സിസ് ബോര്‍ജിയോയും അവള്‍ക്കു പിന്തുണ നല്കി. കര്‍മ്മലീത്താ സഭയിലെ സന്യാസികളുടെ വിഭാഗത്തെ നവീകരിക്കാന്‍ കുരിശിന്റെ വി. യോഹന്നാനും ത്രേസ്യയെ സഹായിച്ചു. സമൂഹത്തില് നിന്നും കഠിനമായ എതിര്‍പ്പുണ്ടായി. രണ്ടാള്‍ക്കും ധാരാളം സഹനങ്ങളുമുണ്ടായി. എന്നിട്ടും അവര്‍ 17 മഠവും 15 ആശ്രമവും സ്ഥാപിച്ചു.
ഭക്തിയുടെ ഉന്നതതലങ്ങളില്‍ വ്യാപരിക്കുമ്പോഴും തെരേസ, മികച്ച ഭരണാധികാരിയും എഴുത്തുകാരിയും ആത്മീയോപദേശകയുമായിരുന്നു. മൂന്ന് സുപ്രസിദ്ധ ഗ്രന്ഥങ്ങളാണ് അമ്മത്രേസ്യായുടെ പേരിലുള്ളത് – ആത്മകഥ, പൂര്‍ണ്ണതയിലേക്കുള്ള വഴി, ആന്തരികഹര്‍മ്യം – ഈ തലക്കെട്ട് ഈശോ തന്നെ വിശുദ്ധയ്ക്ക് പറഞ്ഞുകൊടുത്തതാണ്.
ദീര്‍ഘകാലത്തെ സഹനത്തിനുശേഷം 1582 ഒക്‌ടോബര്‍ നാലിന് ത്രേസ്യാ തന്റെ ദിവ്യനാഥന്റെ പക്കലേക്കു യാത്രയായി. 1662 ല്‍ ആവിലായിലെ ത്രേസ്യയെ സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. 1970 സെപ്റ്റംബര്‍ 27 ന് പോള്‍ ആറാമന്‍ പാപ്പ അവളെ സഭയുടെ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയര്‍ത്തി.
വിചിന്തനം: പുണ്യപൂര്‍ണ്ണത എന്നാല്‍ ദൈവഹിതം നിറവേറ്റലാണ്. പ്രാര്‍ഥനയുടെ മനുഷ്യന്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ദൈവഹിതം നിറവേറ്റുന്നതിലായിരിക്കണം – ആവിലായിലെ വി. ത്രേസ്യാ
ഇതരവിശുദ്ധര്‍: സെവീതൂസ് (അഞ്ചാം നൂറ്റാണ്ട്)/ അജിലെയൂസ്(+300)/ ആഫ്രിക്കന്‍ രക്തസാക്ഷി/ ഔറേലിയ (+1027)/ സാബിനൂസ് (+760) കന്റാനിയായിലെ മെത്രാന്‍/ കനാത്തൂസ് (അഞ്ചാം നൂറ്റാണ്ട്) മാഴ്‌സിലഡ്ഡിലെ മെത്രാന്‍/ ഫ്‌ളാവിയ/ അന്തിയോക്കസ് (അഞ്ചാംനൂറ്റാണ്ട്) മെത്രാന്‍ /തെക്ലാ(+790).
ഫാ. ജെ. കൊച്ചുവീട്ടില്‍





