ഒക്ടോബര്‍ 17: വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് (1647-1690)

ക്ലൗഡ് അലാക്കോക്കയുടെയും ഫിലിബെര്‍ട്ടീ ലാംമൈന്റെയുടെയും മകളായി ഫ്രാന്‍സിലാണ് മാര്‍ഗരറ്റ് മേരി ജനിച്ചത്. എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. പുവര്‍ ക്ലെയര്‍ സ്‌കൂളില്‍ പഠനം ആരംഭിച്ചു. പിന്നീട് വാതപ്പനി മൂലം 15 വയസ്സുവരെ കിടപ്പിലായി.

ദിവ്യകാരുണ്യത്തോടുള്ള ഭക്തി നന്നേ ചെറുപ്പത്തിലേ മേരിയിലുണ്ടായിരുന്നു. വിവാഹജീവിതം വേണ്ടെന്നു തീരുമാനിച്ച മേരി 1671 ല്‍ പാരെലേ മോനിയലിലെ വിസിറ്റേഷന്‍ കോണ്‍വെന്റില്‍ അംഗമായി. 20 വയസ്സ് മുതല്‍ മേരിക്ക് യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചുതുടങ്ങി. 1673 ഡിസംബര്‍ 27 മുതല്‍ ഒന്നര വര്‍ഷക്കാലം വെളിപാടുകളുടെയും ദര്‍ശനങ്ങളുടെയും ഒരു തുടര്‍ച്ച മേരിയുടെ ജീവിതത്തിലുണ്ടായി. തിരുഹൃദയഭക്തി പ്രചരിപ്പിക്കാനായി താന്‍ തെരഞ്ഞെടുത്തിരിക്കുന്നത് മേരിയെയാണെന്ന് ഈശോ അവളോടു പറഞ്ഞു. എന്നാല്‍, അവളുടെ വെളിപാടുകളെ ഭൂരിപക്ഷം മേലധികാരികളും അവിശ്വസിക്കുകയാണ് ചെയ്തത്. പക്ഷേ, കുമ്പസാരക്കാരന്‍ ആ വെളിപാടുകള്‍ കൃത്യമായുള്ളതാണെന്ന് രേഖപ്പെടുത്തി.

1683 ല്‍ മദര്‍ മെലിന്‍ സുപ്പീരിയറായി തെരഞ്ഞെടുക്കെപ്പട്ടപ്പോള്‍ സഹായിയായി നിയമിച്ചത് മേരി മാര്‍ഗരറ്റിനെയായിരുന്നു. പിന്നീട് മേരി നോവീസ് മിസ്ട്രസായി. 1686 മുതല്‍ തിരുഹൃദയ തിരുനാള്‍ സ്വീകാര്യമായി ആഘോഷിക്കാൻ ആരംഭിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തിരുഹൃദയത്തിന്റെ ആരാധനയ്ക്കും ബഹുമാനത്തിനുമായി ഒരു ചാപ്പല്‍ പണികഴിപ്പിച്ചു. ക്രമേണ വിസിറ്റേഷന്‍ കോണ്‍വെന്റുകളിലെല്ലാം തിരുഹൃദയ ആരാധന വ്യാപിച്ചുതുടങ്ങി.

1690 ഒക്ടോബര്‍ 17 ന് മേരി മാര്‍ഗരറ്റ് മരണമടഞ്ഞു. 1920 ല്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി തിരുസഭ അംഗീകരിച്ചു.

വിചിന്തനം: ഒരൊറ്റ ദിവ്യബലി പോലും നമ്മള്‍ ഉപേക്ഷിക്കരുത്. നമ്മുടെ ശത്രുവിന് നമ്മുടെ മേലുള്ള ശക്തി ഇല്ലാതാക്കാന്‍ കഴിയുന്ന ഈശോയില്‍ നിന്നും നാം ഒരിക്കലും അകന്നുപോകരുത് – വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്.

ഇതരവിശുദ്ധര്‍: ജോണ്‍സ്വാര്‍ഫ്(339-405)/ വി. അന്‍സ്ട്രൂഡിസ് (ഓസ്ത്രുദ്)/ ബെറാരിയൂസ് (+680)ലെമാന്‍സിലെ മെത്രാന്‍/ഫ്രാന്‍സിസ് ഇസിദോര്‍(+1833)/മരിയമഗ്ദെലിന്‍/റിച്ചാര്‍ഡ്(1537-1584)/ഫ്ളോറെന്‍സിയൂസ്(+526)/എഥെല്‍ബര്‍ട്ട് (+660)/മമെല്‍റ്റാ-പേര്‍ഷ്യയിലെ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.